ujjawal


തിരുവനന്തപുരം : പത്താം ക്ലാസ് പരീക്ഷയിൽ 5 എ പ്ലസ് നേടിയതിന്റെ വിജയാഘോഷം തീരും മുമ്പെ ഉജ്ജ്വലിനൊരു പനി വന്നു. പനിക്ക് പിന്നിലൊളിച്ചിരുന്ന മഞ്ഞപ്പിത്തം കരളിനെ പാടെ തകരാറിലാക്കിയെന്ന് കണ്ടെത്തിയപ്പോഴേക്കും വെന്റിലേറ്ററിലായി. കരൾ മാറ്റിവയ്ക്കാൻ ലക്ഷങ്ങളില്ലാത്തതിനാൽ മരണത്തോട് മല്ലടിക്കുകയാണ് ഈ 16കാരൻ. വരുന്ന 24മണിക്കൂറിനുള്ളിൽ ശസ്ത്രക്രിയ നടന്നില്ലെങ്കിൽ ഫലമില്ലെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.

മകന്റെ ജീവൻ രക്ഷിക്കാനായി പണത്തിനായി നെട്ടോട്ടമോടുകയാണ് തിരുവനന്തപുരം മുട്ടക്കാട് ഉജ്ജ്വൽ ഭവനിൽ ആട്ടോഡ്രൈവറായ സുരേന്ദ്രനും ഭാര്യ അമ്മിണിയും.കരൾ പകുത്ത് നൽകാൻ അമ്മിണിയുടെ ഇളയസഹോദരി ലാലിമോൾ തയ്യാറാണ്. പക്ഷേ,​ 20ലക്ഷം രൂപയില്ലാത്തിനാൽ ശസ്ത്രക്രിയ നീളുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഉജ്ജ്വലിന് കരൾ മാറ്റിവയ്ക്കൽ അല്ലാതെ മറ്റുമാർഗമില്ലെന്ന് കണ്ടെത്തിയതോടെ രണ്ട് ദിവസം മുമ്പാണ് തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചത്. സഹായം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിയുടെ ഓഫീസിനെ സമീപിച്ചെങ്കിലും ഇന്ന് ചേരുന്ന മെഡിക്കൽ ബോർഡിന് ശേഷം തീരുമാനമറിക്കാമെന്നായിരുന്നു മറുപടി.

വിരുന്നെത്തിയ പനി വില്ലനായി

കഴിഞ്ഞ 19ന് ഹയർസെക്കൻഡറിക്ക് ചേരാൻ തയ്യാറെടുക്കുന്നതിനിടെയാണ് ഉജ്ജ്വലിനെ പനിബാധിച്ചത്. വിട്ടുമാറാത്ത പനിക്കൊപ്പം ശരീരത്തിൽ മഞ്ഞനിറം കണ്ടതോടെ വീട്ടുകാർ പരിഭ്രാന്തരായി. നേരെ ജനറൽ ആശുപത്രിയിലെത്തിച്ചു. 2 ദിവസത്തെ കിടത്തി ചികിത്സയ്ക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 2 ദിവസത്തിന് ശേഷം,​ കഴിഞ്ഞ വ്യാഴാഴ്ച സൂപ്പർ സ്പെഷ്യാലിറ്റിയിലേക്ക് മാറ്റി. രാത്രി 10 മണിയോടെ ഗ്യാസ്ട്രോ എൻട്രോളജിയിലെ ഡോക്ടർമാർ കുട്ടി മരണത്തോട് മല്ലിടുകയാണെന്ന് അറിയിച്ചു. സർക്കാർ ആശുപത്രിയിൽ സംവിധാനമില്ലാത്തിനാൽ കിംസിലോ കൊച്ചി അമൃതയിലേക്കോ മാറ്റണമെന്ന് നിർദ്ദേശിച്ചു.

സർക്കാർ ആശുപത്രിയിൽ ചികിത്സയില്ല?​

സർക്കാർമേഖലയിലെ ആദ്യ കരൾമാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ യൂണിറ്റ് പൂട്ടിയിട്ട് മൂന്നു വർഷം.യു.ഡി.എഫ് സർക്കാരിന്റെ 676 മിഷനിൽ ഉൾപ്പെടുത്തി കോടികൾ ചെലവഴിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെ സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗത്തിൽ കരൾമാറ്റ ശസ്ത്രക്രിയ യൂണിറ്റ് തുടങ്ങി. 2016 മാർച്ച് 23ന് ആദ്യ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നെങ്കിലും അണുബാധയെത്തുടർന്ന് രോഗി മരിച്ചു. ഇതോടെ യൂണിറ്റ് പൂട്ടി. ആദ്യശസ്ത്രക്രിയ ഫലം കാണാത്തതോടെ ഡോക്ടർമാരടക്കം പിന്തിരിഞ്ഞു.

സാമൂഹ്യ സുരക്ഷാ മിഷന്റെ വീകെയർ പദ്ധതിയിൽ ഉൾപ്പെടുത്തി സഹായം ലഭ്യമാക്കാനാണ് ശ്രമം. ഇത്രയും തുക നൽകാൻ കഴിയുന്ന കാര്യം സംശയമാണ്.

-ആരോഗ്യമന്ത്രിയുടെ ഓഫീസ്

പണം അനുവദിക്കുന്നതോടൊപ്പം കരൾമാറ്റിവയ്ക്കുന്നതിനുള്ള അനുമതിയും ഉടൻ ലഭിക്കണം.

- ഡോ. വേണുഗോപാൽ

കരൾമാറ്റ ശസ്ത്രക്രിയ വിഭാഗം മേധാവി, കിംസ്