photo

പാലോട്: ഏറെനാളത്തെ മുറവിളിക്കൊടുവിൽ ആരംഭിച്ച പെരിങ്ങമ്മല -ഞാറനീലി-ചെറ്റച്ചൽ റോഡ് നവീകരണം പാളി. സ്ഥലമെടുപ്പ് പൂർണമായും ഉപേക്ഷിച്ച് നിലവിലുള്ള റോഡിൽ ടാറിംഗ് നടത്തി ബില്ല് മാറാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ആക്ഷേപം. പെരിങ്ങമ്മല ഗവണ്മെന്റ് യു.പി സ്‌കൂളിന് എതിർ വശത്തു നിന്നും ഇക്‌ബാൽ കോളേജ് ജംഗ്‌ഷൻ വരെയും മുതിയാൻകുഴി മുതൽ ഞാറനീലി, തെന്നൂർ, സൂര്യകാന്തി വഴി ചെറ്റച്ചൽ വരെയും നീളുന്ന ഏഴു കി.മീറ്റർ റോഡിന്റെ നവീകരണമാണ് പ്രഹസനമായത്. ഉയരം കൂട്ടാൻ മണ്ണ് ഫില്ലിംഗ് നടത്തിയ ഭാഗങ്ങളിൽ സൈഡ് കോൺക്രീറ്റ് ചെയ്യുന്നില്ല. ടാറിംഗ് സംബന്ധിച്ച മാർഗനിർദ്ദേശങ്ങളും പാലിക്കുന്നില്ല. തീരെ കനം കുറഞ്ഞ നിലയിലാണ് ടാറിംഗ് നടക്കുന്നത്. ടാർ വിതറി പോകുന്നതിനു പിന്നാലെ മെറ്റലും അടിമണ്ണും വശങ്ങളിൽ നിന്ന് ഇടിഞ്ഞു പോകുകയാണ്. ഓട നിർമ്മാണവും ഫുട്പാത്തും സ്കീമിൽ ഇല്ലെന്നാണ് കരാറുകാരന്റെ വിശദീകരണം. ഞാറനീലി മുതൽ തെന്നൂർ വരെ വിവിധ കേന്ദ്രങ്ങളിൽ റോഡിന് വീതി കൂട്ടാൻ കരിങ്കല്ല് കൊണ്ട് സൈഡ് വാൾ പണിതിട്ടുണ്ടെങ്കിലും അശാസ്ത്രീയമാണ്. സിമന്റ് ഉപയോഗിക്കാതെ കല്ലുകെട്ടി മണ്ണു ഫില്ല് ചെയ്തിരിക്കുന്നത് റോഡിന്റെ വശങ്ങളിൽ താമസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നുണ്ട്. മഴക്കാലത്ത് വാഹനങ്ങൾ ഓടുമ്പോൾ കല്ലുകെട്ട് ഇടിഞ്ഞു വീഴാനുള്ള സാദ്ധ്യത ഏറെയാണെന്ന് പരിസര വാസികൾ ചൂണ്ടിക്കാട്ടുന്നു. ആറ് മീറ്റർ വരെ ഉയരത്തിലുള്ള കല്ലുകെട്ടുകളുണ്ട്. പലതും വീടുകളുടെ മുറ്റം ചേർന്നാണ് നിർമ്മിച്ചിട്ടുള്ളത്. കല്ലുകെട്ടുകൾ തകർന്നാൽ വീടുകൾ അടിയിലാവും. നാല് മീറ്റർ വീതി നിഷ്കർഷിച്ചിരിക്കെ 3.70 മീറ്ററിൽ നിലവിലുള്ള റോഡിനു മീതെ ടാർ ചെയ്യുക മാത്രമാണ് ഭൂരിഭാഗം ഏരിയയിലും നടന്നിട്ടുള്ളത്. ആദിവാസികൾ അടക്കമുള്ള നാട്ടുകാർ റോഡുപണി സംബന്ധിച്ച് അധികൃതർക്ക് പരാതി നൽകിയെങ്കിലും ബന്ധപ്പെട്ടവരാരും തിരിഞ്ഞു നോക്കിയിട്ടില്ല. മേൽനോട്ട ചുമതലയുള്ള സൂപ്പർവൈസറെ ഇവിടെ കാണാറേയില്ലെന്നാണ് നാട്ടുകാരുടെ പരാതി.

പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി 4.57 കോടി രൂപ മുടക്കിയാണ് പെരിങ്ങമ്മല-ഞാറനീലി- ചെറ്റച്ചൽ റോഡിന്റെ നവീകരണം. നിലവിൽ ഞാറനീലി ജംഗ്‌ഷൻ വരെയാണ് ടാറിംഗ് ഉള്ളത്. ഇവിടെ നിന്ന് തെന്നൂരിലേയ്ക്ക് 2.50 കി.മീറ്റർ തടമാണ്. ഈ ഭാഗം കൂടി ടാർ ചെയ്താലേ ഞാറനീലി-തെന്നൂർ ബസ് സർവീസ് ആരംഭിക്കാൻ പറ്റുകയുള്ളു. ഇത് ലക്ഷ്യമിട്ടാണ് സൈഡ് വാൾ നിർമ്മിച്ച് തടം ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കാൻ തീരുമാനിച്ചത്. അശാസ്ത്രീയമായ കല്ലുകെട്ടും മണ്ണ് ഫില്ലിംഗും പോലെ ഈ ഭാഗത്ത് പലേടങ്ങളിലും ടാറിംഗ് ഒഴിവാക്കി കോൺക്രീറ്റ് ചെയ്യാനും നീക്കം നടക്കുന്നുണ്ട്. വനഭൂമിയാണെന്ന വ്യാജേനെയാണിത്. ആദിവാസി ഗ്രാമങ്ങളുടെ വികസനം ഉന്നമിട്ട് ആസൂത്രണം ചെയ്ത റോഡ് നവീകരണ പദ്ധതിയാണ് ബന്ധപ്പെട്ട അധികാരികളുടെ അനാസ്ഥയിൽ തകിടം മറിയുന്നത്. പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള റോഡാണിത്.