വർക്കല: കാപ്പിൽ നിവാസികളുടെ ചിരകാല സ്വപ്‌നമായ കാപ്പിൽ റെയിൽവേ അടിപ്പാത നിർമ്മാണം പ്രഖ്യാപനങ്ങളിൽ മാത്രം. റെയിൽവെ ട്രാക്കിനും കായലിനും ഇടയിൽപ്പെട്ട് വർഷങ്ങളായി യാത്രാക്ലേശം നേരിടുന്ന കാപ്പിൽ പ്രദേശവാസികൾക്ക് പ്രതീക്ഷയേകിയാണ് കഴിഞ്ഞ സംസ്ഥാന ബഡ്‌ജറ്റിൽ രണ്ട് കോടിയോളം രൂപ പ്രാരംഭ തുകയായി മാറ്റിവച്ചത്. ഇടവ മുതൽ കാപ്പിൽ റോഡിന് സമാന്തരമായി നീങ്ങുന്ന റെയിൽവേ ട്രാക്കാണ് കാപ്പിൽ പ്രദേശവാസികൾ യാത്രാക്ലേശം നേരിടുന്നത്. റെയിൽവേ ട്രാക്കിൽ നിന്നു മറുവശത്തെ റോഡിലെത്താൻ മിനിട്ടുകൾ വേണ്ടപ്പോഴാണ് കിലോമീറ്ററോളം ചുറ്റേണ്ടിവരുന്നത്. ആശുപത്രി ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളിൽ ആംബുലൻസുകൾക്ക് വർക്കലയിലേക്കോ കൊല്ലത്തേക്കോ പോകണമെങ്കിൽ ചുറ്റിക്കറങ്ങേണ്ട അവസ്ഥയാണ്. ഇട റോഡുകളെല്ലാം തന്നെ റെയിൽവേ ട്രാക്കിന് സമീപമാണ് ചേരുന്നത്. വാഹനം ഇവിടെ നിറുത്തി റെയിൽവേ ട്രാക്ക് കടന്നുവേണം പ്രധാന റോഡിലെത്താൻ. ഇടവ കാപ്പിൽ റോഡിലെ 18ാംപടി ഭാഗത്തുനിന്നുള്ള ഇടവഴി ഇതിൽ പ്രധാനമാണ്. കാപ്പിൽ ഗവൺമെന്റ് സ്‌കൂളിലേക്കുള്ള വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും പ്രധാന മാർഗമാണിത്. അപകടഭീതിയിലാണ് പ്രദേശവാസികളും കൊച്ചുകുട്ടികളും ഇതുവഴി കടന്നുപോകുന്നത്. കാപ്പിൽ കണ്ണമ്മൂട് ഭാഗത്തെ റെയിൽവേ കലുങ്കിന് സമീപം അടിപ്പാത നിർമ്മിക്കുന്നതിന് ചില പദ്ധതികൾ റെയിൽവേ കണ്ടെത്തിയെങ്കിലും തുടർ നടപടികളൊന്നുമുണ്ടായില്ല. കാപ്പിൽ സ്‌കൂളിന്റെ പിറകു വശവുമായി ബന്ധിപ്പിക്കുന്ന റോഡ് ചെന്നെത്തുന്നത് ഇടവ കാപ്പിൽ റോഡിലാണ്. കണ്ണമ്മൂട് കലുങ്കുമായി ബന്ധിപ്പിച്ച് അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ഇടവ, കാപ്പിൽ ഗ്രാമപഞ്ചായത്ത് ഭരണസമിതികൾ റെയിൽവേ അധികൃതർക്കും സർക്കാരിനും നിവേദനങ്ങൾ നൽകിയതോടെയാണ് സംസ്ഥാന സർക്കാർ തുക വകയിരുത്തിയത്.