തിരുവനന്തപുരം: ആലത്തൂരിൽ രമ്യാ ഹരിദാസിന്റെ വിജയത്തിന് പ്രചാരണകാലത്ത് ഇടതുമുന്നണി കൺവീനർ വിജയരാഘവൻ നടത്തിയ പരാമർശങ്ങളും കാരണമായേക്കാമെന്ന മന്ത്രി എ.കെ. ബാലന്റെ പ്രസ്താവന വിവാദത്തിൽ.
കഴിഞ്ഞ ദിവസം ഭാരത് ഭവനിൽ കഥാപ്രസംഗ കലാസംഘടനയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടന ചെയ്ത ശേഷം മാദ്ധ്യമപ്രവർത്തകരുമായി സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
വിജയരാഘവൻ നടത്തിയ പരാമർശങ്ങൾ വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ടാകാമെന്നും അത് ബൂത്ത് തലത്തിൽ പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞുവെന്നുമാണ് ടി.വി ന്യൂസ് ചാനലുകളിൽ വന്നത്. ഇതോടെ എതിർ പ്രസ്താവനയുമായി വിജയരാഘവനും രംഗത്തെത്തി. മന്ത്രി പറഞ്ഞത് ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്നും പ്രസ്താവന തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് കരുതുന്നില്ലെന്നുമാണ് വിജയരാഘവൻ പറഞ്ഞത്.
സി.പി.എം സത്യം അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്ന് രമ്യാ ഹരിദാസും പ്രതികരിച്ചു. ഇതോടെയാണ് മന്ത്രി ബാലൻ തന്റെ പ്രസ്താവനയിൽ വ്യക്തത വരുത്തി രംഗത്തെത്തിയത്. മാദ്ധ്യമങ്ങൾ വളച്ചൊടിച്ച് പ്രചരിപ്പിച്ച പ്രസ്താവനയായിരുന്നു എ. വിജയരാഘവന്റേത്. ഇത് മറ്റു പല നുണപ്രചാരണങ്ങളുടെയും ഭാഗമാണ്. അതിലുണ്ടായ തെറ്റിദ്ധാരണ എ. വിജയരാഘവൻ തന്നെ വ്യക്തമാക്കിയിട്ടും അദ്ദേഹത്തെ മാദ്ധ്യമങ്ങൾ വേട്ടയാടി. 'ഇതും വോട്ടർമാരെ സ്വാധിനിച്ചിട്ടുണ്ടാവാം' ഇതായിരുന്നു താൻ പറഞ്ഞതെന്ന് മന്ത്രി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പരാജയം ബൂത്ത് തലത്തിലും മണ്ഡലം തലത്തിലും സംസ്ഥാനതലത്തിലും പരിശോധിക്കും. തെറ്റുണ്ടെങ്കിൽ തിരുത്തും. അതാണ് പാർട്ടി നിലപാട് എന്നാണ് പറഞ്ഞതെന്നും മന്ത്രി പറഞ്ഞു.