കിളിമാനൂർ: ആലത്തുകാവ് ഫ്രണ്ട്സ് റസിഡന്റസ് അസോസിയേഷൻ ആറാമത് വാർഷികാഘോഷവും വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. മലയാമഠം അട്ടോളിമഠം ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സീരിയൽ താരം ഗോപിക ആനന്ദ് ഉദ്ഘാടനം ചെയ്തു. ഫ്രണ്ട്സ് പ്രസിഡന്റ് രാജേന്ദ്രകുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. മാദ്ധ്യമ പ്രവർത്തകരായ കെ. ബാബു (കേരളകൗമുദി), രതീഷ് പോങ്ങനാട് (മാധ്യമം) എന്നിവരെ കിളിമാനൂർ സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് ഷാഫി ആദരിച്ചു. അദ്ധ്യാപന ജീവിതത്തിൽ 60 വർഷം പിന്നിട്ട രാജാ രവിവർമ്മ സ്കൂൾ പൂർവാദ്ധ്യാപകനും പാരലൽ കോളേജ് അദ്ധ്യാപകനുമായ വാലഞ്ചേരി വാസുദേവൻ, ആധാരമെഴുത്തിൽ 55 വർഷം പിന്നിട്ട കെ. ശശിധരൻ നായർ, കിളിമാനൂർ പഞ്ചായത്ത് പതിമൂന്നാം വാർഡ് ആശാവർക്കർ വിനു എന്നിവരെ ഫ്രാക്ക് ജനറൽ സെക്രട്ടറി ചന്ദ്രബാബു ആദരിച്ചു. ഫ്രണ്ട്സ് കുടുംബാംഗങ്ങളിലെ എല്ലാ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങളും ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള മെറിറ്റ് അവാർഡുകളും ഗ്രാമപഞ്ചായത്ത് മെമ്പർ സജികുമാർ നൽകി. പ്രദേശത്തെ ഏറ്റവും മികച്ച അയൽകൂട്ടങ്ങളായി തിരഞ്ഞെടുത്ത ആദിത്യശ്രീ, കൈരളി, ശിവശക്തി എന്നിവർക്ക് പുരസ്കാരങ്ങൾ നൽകി. വ്യക്തിത്വ വികസന സെമിനാറിന് കോളേജ് അസിസ്റ്റന്റ് പ്രഫസർ ഷാജി. എൻ.രാജ് നേതൃത്വം നൽകി. സാംസ്കാരിക സമ്മേളനത്തിൽ കെ. ബാബു, രതീഷ് പോങ്ങനാട്, ശോഭ എന്നിവർ സംസാരിച്ചു. തുടർന്നു കുടുംബാംഗങ്ങൾ കലാപരിപാടികളും നൃത്തനൃത്യങ്ങളും അവതരിപ്പിച്ചു.