നെയ്യാറ്റിൻകര: മാരായമുട്ടം മലയിക്കടയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത കേസിൽ നെയ്യാറ്റിൻകര കനറാ ബാങ്ക് അധികൃതരിൽ നിന്ന് പൊലീസ് തെളിവെടുത്തു. ഇക്കഴിഞ്ഞ 14 നാണ് മലയിക്കട വൈഷ്ണവത്തിൽ ലേഖയും (44) മകൾ വൈഷ്ണവിയും (18) ദേഹത്ത് മണ്ണെണ്ണ ഒഴിച്ചു കത്തിച്ച് ആത്മഹത്യ ചെയ്തത്. ലേഖ എഴുതിവച്ച ആത്മഹത്യ കുറിപ്പ് പ്രകാരം, ലേഖയുടെ ഭർത്താവ് ചന്ദ്രൻ, ചന്ദ്രന്റെ അമ്മ കൃഷ്ണമ്മ, കൃഷ്ണമ്മയുടെ സഹാദരി ശാന്ത, ഭർത്താവ് കാശിനാഥൻ എന്നിവർക്കെതിരെ കേസെടുത്തിരുന്നു. ഇവർ റിമാൻഡിലാണ്. കനറാ ബാങ്കിൽ നിന്ന് 5 ലക്ഷം രൂപ ലോണെടുത്തിരുന്ന, ചന്ദ്രന് കുടിശിക തുക അടയ്ക്കാനായി ബാങ്ക് നൽകിയിരുന്ന അവസാന തീയതിയാണ് ഇവർ ആത്മഹത്യചെയ്തത്. അന്ന് തന്നെ ചന്ദ്രനും ഭാര്യ ലേഖയും ചേർന്ന് ബാങ്ക് അധികൃതരോട് സാവകാശം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയിരുന്ന ഹർജിയും പരിഗണനയ്ക്ക് വന്നിരുന്നു. മാത്രമല്ല അഭിഭാഷക കമ്മിഷനിൽ പതിന്നാലാം തീയതി തന്നെ കുടിശിക തുക അടച്ചു തീർത്തു കൊള്ളാമെന്ന് ബാങ്ക് അധികൃതർ വൈഷ്ണവിയോടും എഴുതി ഒപ്പിട്ട് വാങ്ങിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബാങ്ക് അധികൃതരോട് അന്വേഷണ ഉദ്യോഗസ്ഥർ വിശദീകരണം ചോദിച്ചത്. ചന്ദ്രൻ ബാങ്കിൽ നിന്ന് ലോണെടുത്തിരുന്ന രേഖകളും കുടിശിക തുക തിരികെ അടച്ച ബാങ്ക് ബാലൻസ്ഷീറ്റും ബാങ്ക് അധികൃതർ അന്വേഷണ ഉദ്യോഗസ്ഥനായ വെള്ളറട സി.ഐ ബിജു പി. നായർക്ക് കൈമാറി. ബാങ്ക് നൽകിയ രേഖകൾ മുഴുവൻ വിശദമായി പരിശോധിച്ചാലേ ബാങ്ക് ഉദ്യോഗസ്ഥരെ കൂടെ പ്രതി ചേർക്കണോ എന്ന് തീരുമാനിക്കാൻ കഴിയുകയുള്ളുവെന്ന് പൊലീസ് വ്യക്തമാക്കി.