1

വിഴിഞ്ഞം: ഉൾക്കടലിലൂടെ സംശയ സാഹചര്യത്തിൽ പോയ ബോട്ടുകളെ കോസ്റ്റ്ഗാർഡ് പിടികൂടി. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. കൊല്ലത്തെ കോസ്റ്റൽ പൊലീസിൽ നിന്നു ലഭിച്ച വിവരത്തെ തുടർന്നായിരുന്നു തെരച്ചിൽ നടത്തിയത്. ബോട്ടിലുണ്ടായിരുന്ന ചെന്നൈ സ്വദേശികളായ എട്ട് തൊഴിലാളികളെ അഞ്ച് മണിക്കൂറിലധികം ചോദ്യം ചെയ്‌ത ശേഷം വിട്ടയച്ചു. പച്ച നിറത്തിലുള്ള രണ്ട് ട്രോളർ ബോട്ടുകളാണ് പിടികൂടിയതെന്നും വിശദമായി പരിശോധിച്ചതിൽ സംശയിക്കാൻ ഒന്നുമില്ലെന്നും അധികൃതർ പറഞ്ഞു. കേരള തീരത്ത് പരിശോധന ശക്തമാക്കുന്നതിനിടെയാണ് രണ്ടു ബോട്ടുകൾ കൊല്ലം കോസ്റ്റൽ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടനേ വിഴിഞ്ഞത്തെ കോസ്റ്റ് ഗാർഡിനെ വിവരമറിയിക്കുകയായിരുന്നു. ചെറു പട്രോളിംഗ് ബോട്ട് മണിക്കൂറുകളോളം ഉൾക്കടലിൽ നടത്തിയ തെരച്ചിലിനൊടുവിലാണ് ബോട്ടുകൾ പിടികൂടിയത്. മുനമ്പത്ത് നിർമ്മിച്ച് ചെന്നൈയിലേക്ക് കൊണ്ടുപോകുന്ന പുതിയ ബോട്ടുകളായിരുന്നു ഇത്. പുതിയതായതിനാൽ രജിസ്ട്രേഷൻ രേഖകളോ മത്സ്യബന്ധന ഉപകരണങ്ങളോ ഒന്നുമില്ലായിരുന്നു. കൊച്ചിയിലെ ഫിഷറീസ് ഓഫീസിൽ നിന്നും ഈ ബോട്ടുകൾ പുതുതായി നിർമ്മിച്ചതാണെന്ന വിവരം കോസ്റ്റ്ഗാർഡിന് ലഭിച്ചു.