കഴിഞ്ഞദിവസം നടന്ന സന്നാഹ മത്സരത്തിൽ ഇന്ത്യയെ കീഴടക്കിയ ന്യൂസിലൻഡിന്റെ പ്രകടനം ലോകകപ്പിൽ മറ്റ് ടീമുകൾക്കൊരു മുന്നറിയിപ്പാണ്. ഇതുവരെ ലോക കിരീടം നേടാൻ കഴിഞ്ഞിട്ടില്ലാത്തവരെങ്കിലും എല്ലാ ലോകകപ്പുകളിലും ശക്തമായ സാന്നിദ്ധ്യം അറിയിക്കാൻ കിവികൾക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പ് കപ്പുനേടാനുള്ള സുവർണാവസരമായിരുന്നുവെങ്കിലും ഫൈനലിൽ ആസ്ട്രേലിയയോട് പരാജയപ്പെടുകയായിരുന്നു അവർ. ഇത്തവണ ലക്ഷ്യത്തിലേക്ക് പറന്നെത്താൻ കേൻവില്യംസണിനും കൂട്ടർക്കും സാധിച്ചാൽ ലോകകപ്പിന് പുതിയ അവകാശികൾ പിറക്കും.
കിവിക്കരുത്ത്
ബാറ്റിംഗാണ് ന്യൂസിലൻഡിന്റെ ശക്തികേന്ദ്രം. ഏകദിന റാങ്കിംഗിൽ നാലാംസ്ഥാനത്തുള്ള നായകൻ കേൻ വില്യംസണിനൊപ്പം പരിചയ സമ്പന്നരായ റോസ് ടെയ്‌ലറും മാർട്ടിൻ ഗപ്ടിയുമുണ്ട്. നായകനെന്ന നിലയിൽ മികച്ച പ്രകടനമാണ് വില്യംസണിന്റേത്. പ്രായം തളർത്താത്ത പോരാളിയായ ടെയ്‌ലർ മികച്ച ഫോമിലുമാണ്. കഴിഞ്ഞ ലോകകപ്പിൽ സെമിഫൈനൽ വരെ എത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചത് മാർട്ടിൻ ഗപ്ടിലിന്റെ തകർപ്പനടിയായിരുന്നു.
പരിചയ സമ്പന്നരായ പേസർമാരാണ് മറ്റൊരായുധം. സന്നാഹ മത്സരത്തിൽ ഇന്ത്യയെ തകർക്കാൻ ചുക്കാൻ പിടിച്ച ട്രെന്റ് ബൗൾട്ട് ഇൗവർഷം നടന്ന 10 മത്സരങ്ങളിൽ നിന്ന് 21 വിക്കറ്റുകൾ നേടിക്കഴിഞ്ഞു. ഹാമിൽട്ടണിൽ ഇന്ത്യയ്ക്കെതിരെ അഞ്ച് വിക്കറ്റ് നേടിയ ബോൾട്ട് അനുകൂല സാഹചര്യങ്ങൾ മുതലെടുക്കാൻ മിടുക്കനാണ്.
ദൗർബല്യം
ആൾ റൗണ്ടർ കോളിൻ ഡി ഗ്രാൻഡ് ഹോമിന്റെ സ്ഥിരതയില്ലാത്ത ബാറ്റിംഗാണ് വലിയ തലവേദന. കഴിഞ്ഞ 14 മാസമായി ഗ്രാൻഡ് ഹോമിന് മികച്ച ഇന്നിംഗ്സുകൾ കാഴ്ചവയ്ക്കാനായിട്ടില്ല. ഇൗ ജനുവരിയിൽ ശ്രീലങ്കയ്ക്കെതിരെ 87 റൺസടിച്ചതൊഴിച്ചാൽ ഇടംകയ്യൻ ഒാപ്പൺകോളിൻ മൺറോയും മികച്ച ഫോമിലല്ല. കിവീസ് പേസർമാർ പവർ പ്ളേയിലും ഡെത്ത് ഒാവറുകളിലും പരിധിവിട്ട് റൺസ് വഴങ്ങുന്നതും ടീമിന് വെല്ലുവിളിയാണ്. ബൗൾട്ടിനൊപ്പമുള്ള പേസർമാരായ ടിം സൗത്തീ, ലോക്കീ ഫെർഗൂസൺ, മാറ്റ് ഹെൻട്രി എന്നിവർ അവസാന ഒാവറുകളിൽ നിയന്ത്രണത്തോടെ പന്തെറിയുന്നതിൽ വിഷമിക്കുന്നവരാണ്.
പുതുരക്തം
ഇതുവരെ ഏകദിന അരങ്ങേറ്റം നടത്തിയിട്ടില്ലാത്ത വിക്കറ്റ് കീപ്പർ ടോം ബ്ളൻഡേൽ ഇൗ ലോകകപ്പിൽ കളിക്കാൻ സാദ്ധ്യതയേറെയാണ്. സ്ഥിരം വിക്കറ്റ് കീപ്പർ ടോം ലതാം വിരലിലേറ്റ പരിക്കിന്റെ പിടിയിലാണ്. ഇന്ത്യയ്ക്കെതിരായ സന്നാഹ മത്സരത്തിൽ ലതാം കളിച്ചിരുന്നില്ല. വിക്കറ്റ് കീപ്പിംഗിൽ അപാരമായ മിടുക്കാണ് ബ്ളൻഡേൽ ആഭ്യന്തര ക്രിക്കറ്റിൽ കാഴ്ചവച്ചിരിക്കുന്നത്.
വെല്ലുവിളി
ലോകകപ്പിൽ ആദ്യമത്സരങ്ങളിൽ ശ്രീലങ്ക, ബംഗ്ളാദേശ്, അഫ്ഗാനിസ്ഥാൻ എന്നിങ്ങനെ റാങ്കിംഗിൽ തങ്ങളെക്കാൾ താഴ്ന്നവരെയാണ് കിവീസിന് നേരിടേണ്ടത്. ഇൗ മത്സരങ്ങളിൽ വിജയം നേടേണ്ടത് കിവീസിന് ആത്മവിശ്വാസം നിലനിറുത്താൻ അനിവാര്യമാണ്. ദുർബലർക്കെതിരായ പരാജയങ്ങൾ പിന്നീട് വലിയ ടീമുകൾക്ക് എതിരെ ഇറങ്ങുമ്പോൾ കിവികളെ സമ്മർദ്ദത്തിലാക്കാനിടയുണ്ട്.
സൂപ്പർ താരം
കിവീസ് ടീമിലെ ഏറ്റവും പരിചയസമ്പന്നരിൽ ഒരാളാണ് റോസ് ടെയ്‌ലർ. 218 ഏകദിനങ്ങൾ കളിച്ച ടെയ്‌ലറുടെ നാലാമത്തെയും മിക്കവാറും അവസാനത്തേതുമായ ലോകകപ്പായിരിക്കും ഇത്. 35 കരനായ ടെയ്‌ലർ ഇൗവർഷം നടന്ന 10 ഏകദിനങ്ങളിൽ നിന്ന് ഒരു സെഞ്ച്വറിയും മൂന്ന് അർദ്ധസെഞ്ച്വറികളും നേടിയിരുന്നു.
6
ലോകകപ്പുകളിൽ സെമിഫൈനൽ കളിച്ചവരാണ് ന്യൂസിലൻഡുകാർ. കഴിഞ്ഞ തവണ മാത്രമാണ് ഫൈനലിലെത്തിയത്.
ആദ്യ രണ്ട് ലോകകപ്പുകളിലും (1975, 79) സെമിഫൈനലിൽ കളിച്ചിരുന്നു. 1992 ൽ സ്വന്തം നാട്ടിൽ നടന്ന ലോകകപ്പിലാണ് പിന്നെ സെമിയിലെത്തിയത്.
1999 ൽ ഇംഗ്ളണ്ടിൽ നടന്ന ടൂർണമെന്റിലും സെമിയിലെത്തി.
2011, 2015 വർഷങ്ങളിലും സെമിയിൽ. 2015 ൽ ആദ്യമായി സെമിയിൽ വിജയം കണ്ടു.
ന്യൂസിലൻഡ് സ്ക്വാഡ്
കേൻ വില്യംസൺ (ക്യാപ്ടൻ), ട്രെന്റ് ബൗൾട്ട്, കോളിൻ ഡി ഗ്രാൻഡ് ഹോം, ടോം ബ്ളൻഡേൽ, ലോക്കീ ഫെർഗൂസൺ, മാർട്ടിൻ ഗപ്‌ടിൽ, മാറ്റ് ഹെൻട്രി, ടോം ലതാം, കോളിൻ മൺറോ, ജെയിംസ് നീഷം, ഹെൻട്രി നിക്കോൾസ്, മിച്ചൽ സാന്റ്നർ, ഇഷ് സോധി, ടിം സൗത്തീ, റോസ് ടെയ്‌ലർ.
ആദ്യ മത്സരം
ജൂൺ ഒന്നിന് ശ്രീലങ്കയ്ക്കെതിരെ കാർഡിഫിൽ
ഇന്ത്യയ്ക്കെതിരെ
ജൂൺ 13ന് നോട്ടിംഗ് ഹാമിൽ
ഇംഗ്ളണ്ടിലെ പിച്ചുകൾ സ്വിംഗ് ബൗളിംഗിനെ വളരെയേറെ പിന്തുണയ്ക്കുന്നതാണ് ഞങ്ങളുടെ പ്രതീക്ഷ. ഇന്ത്യയ്ക്കെതിരായ സന്നാഹ മത്സരത്തിലെ മികച്ച പ്രകടനം ആത്മവിശ്വാസം ഇരട്ടിയാക്കിയിട്ടുണ്ട്. ഏത് ടീമിന്റെ മികച്ച ബാറ്റിംഗ് നിരയെയും തകർക്കാനുള്ള അക്രമണോത്സുകമായ ബൗളിംഗാണ് ഞങ്ങളുടേത്.
ട്രെന്റ് ബൗൾട്ട്
കിവീസ് പേസർ