വെള്ളറട: വെള്ളറടയ്ക്ക് സമീപം ബൈക്കും ഓമ്നി വാനും കൂട്ടിയിടിച്ച് രണ്ടു മരണം. ഡാലുംമുഖം കരിക്കറത്തല ചാമവിള പുണർതം വീട്ടിൽ ബാലകൃഷ്ണൻ നായർ - കോമളം ദമ്പതികളുടെ മകൻ സജീവ് (35), കള്ളിമുട് വിഗ്നിമല മേക്കേ ചരിവുവിള വീട്ടിൽ ബാലകൃഷണൻ (65) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30ന് വെള്ളറട കിളിയൂർ ജംഗ്ഷനു സമീപമായിരുന്നു സംഭവം. വെള്ളറടയിൽ നിന്ന് കിളിയൂരിലേക്ക് പോവുകയാ യിരുന്ന ഓമ്നി വാനിലേക്ക് വെള്ളറടയിലേക്ക് വരികയായിരുന്ന ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. ഒമ്നി വാൻ ഓടിച്ചിരുന്നത് സജീവ് ആയിരുന്നു. ബാലകൃഷ്ണൻ മകന്റെ ബൈക്കിനു പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു. അപകടത്തിൽപ്പെട്ടവരെ ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകിട്ടോടെ സജീവിന്റയും ബാലകൃഷണന്റെയും മരണം സംഭവിച്ചു. ബൈക്ക് ഓടിച്ചിരുന്ന രാജേഷ് (27) അത്യാസന്ന നിലയിൽ തുടരുകയാണ്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് സംസ്കരിക്കും. വസന്തയാണ് ബാലകൃഷ്ണന്റെ ഭാര്യ. മകൾ രജനി. സജീവ് അവിവാഹിതനാണ്, സഹോദരി:സൗമ്യ. വെള്ളറട പൊലീസ് കേസെടുത്തു.