ബാഴ്സലോണയെ 2-1ന് കീഴടക്കി
വലൻസിയ സ്പാനിഷ് കിംഗ്സ് കപ്പ് സ്വന്തമാക്കി
ബാഴ്സലോണ : തുടർച്ചയായ അഞ്ചാം സ്പാനിഷ് കിംഗ്സ് കപ്പ് ഫുട്ബാൾ കിരീടം ലക്ഷ്യമിട്ടിറങ്ങിയ ബാഴ്സലോണയെ ഫൈനലിൽ അട്ടിമറിച്ച് വലൻസിയ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബാഴ്സലോണയെ കീഴടക്കി. വലൻസിയ നേടിയത് 11 വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള അവരുടെ ആദ്യ കിരീടമാണ്.
തുടർച്ചയായ രണ്ടാംസീസണിലും സ്പാനിഷ് ലാലിഗ കിരീടം തേടിയെത്തിയ ബാഴ്സലോണയ്ക്ക് ചാമ്പ്യൻസ് ലീഗിലെ പുറത്താകലിന് പിന്നാലെ കനത്ത തിരിച്ചടിയായി മാറി കിംഗ്സ് കപ്പിലെ (കോപ്പ ഡെൽറേയ്) ഇൗ ഫൈനൽ പരാജയം. ആദ്യ പകുതിയിൽത്തന്നെ രണ്ട് ഗോളുകൾ നേടി വലൻസിയ വമ്പൻ ക്ളബിനെ ഞെട്ടിച്ചിരുന്നു. രണ്ടാംപകുതിയിൽ സൂപ്പർതാരം ലയണൽ മെസിയിലൂടെ ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും പരാജയത്തിൽ നിന്ന് രക്ഷപ്പെടാൻ ബാഴ്സലോണയ്ക്ക് കഴിഞ്ഞില്ല. 21-ാം മിനിട്ടിൽ ഗമെയ്‌റോയും 33-ാം മിനിട്ടിൽ റോഡ്രിഗോയുമാണ് വലൻസിയയ്ക്കുവേണ്ടി സ്കോർ ചെയ്തത്. 73-ാം മിനിട്ടിലായിരുന്നു മെസിയുടെ ഗോൾ.
ബെനിറ്റോവില്ലാമരിൻ സ്റ്റേഡിയത്തിൽ നടന്ന കലാശക്കളിയുടെ തുടക്കം മുതൽ വലൻസിയ ബാഴ്സയെ വിരട്ടിയിരുന്നു. ബാഴ്സ പ്രതിരോധത്തെ മനോഹരമായി കബളിപ്പിച്ചാണ് 21-ാം മിനിട്ടിൽ ഗമെയ്‌റോ സ്കോർ ചെയ്തത്. 12 മിനിട്ടിനുശേഷം ഒരു ഗോൾ കൂടി വഴങ്ങിയതോടെ നിലവിലെ ചാമ്പ്യൻമാർ സമ്മർദ്ദത്തിലായി. രണ്ടാം പകുതിയിൽ മെസി ഒരു ഗോൾ തിരിച്ചടിച്ച ശേഷം വലൻസിയ പ്രതിരോധം ശക്തിപ്പെടുത്തിയതോടെ കിരീടാവകാശികൾ ആരെന്നത് ഉറപ്പിക്കപ്പെട്ടു.
ഇൗ തോൽവി ബാഴ്സലോണ കോച്ച് വാൽബർദെയുടെ ഭാവി അപകടത്തിലാക്കിയിട്ടുണ്ട്. മത്സരം തോറ്റപ്പോൾ ബാഴ്സലോണ ആരാധകർ വാൽബർദെയെ കൂവിയിരുന്നു.
2008
നുശേഷം ആദ്യമായാണ് വലൻസിയ കിംഗ്സ് കപ്പ് നേടുന്നത്. ക്ളബിന്റെ 100-ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് വലൻസിയയുടെ കിരീട നേട്ടം.
6
ആറ് കിംഗ്സ് കപ്പ് ഫൈനലുകളിൽ ഗോൾ നേടുന്ന ആദ്യ താരമായി ലയണൽ മെസി ചരിത്രം കുറിച്ചു. ഏഴ് ഗോളുകളാണ് കിംഗ്സ് കപ്പ് ഫൈനലുകളിൽനിന്ന് മെസി നേടിയിരിക്കുന്നത്.
'ബാഴ്സലോണ കോച്ചായി വാൽബർദെ തുടരണമെന്നാണ് എന്റെ ആഗ്രഹം. പരിശീലകനായി അദ്ദേഹത്തിന്റെ മികവിൽ സംശയമില്ല.
ലയണൽ മെസി