കൊളംബോ : ലോകകപ്പിനുള്ള ശ്രീലങ്കൻ ടീമിനെ സഹായിക്കാൻ ഒപ്പമുണ്ടായിരിക്കണമെന്ന ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ അഭ്യർത്ഥന മുൻനായകൻ മഹേല ജയവർദ്ധനെ നിരസിച്ചു. ലങ്കൻ ക്രിക്കറ്റ് ബോർഡുമായുള്ള അഭിപ്രായ ഭിന്നതകളാണ് കാരണം. കുറച്ചുനാൾമുമ്പ് ലങ്കൻ ആഭ്യന്തര ക്രിക്കറ്റിന്റെ പുനരുദ്ധാരണത്തിനായി മഹേലയുടെ നേതൃത്വത്തിൽ പദ്ധതിരേഖ സമർപ്പിച്ചിരുന്നെങ്കിലും പരിഗണിക്കപ്പെട്ടിരുന്നില്ല. തുടർന്നാണ് ഇംഗ്ളണ്ടിൽ ടീമിനൊപ്പം ഉപദേശകനും പ്രചോദകനുമായി പോകണമെന്ന അഭ്യർത്ഥന താരം തള്ളിയത്.
മാർക്ക് വുഡിന് പരിക്ക്
സതാംപ്ടൺ : കഴിഞ്ഞദിവസം ആസ്ട്രേലിയയ്ക്കെതിരായ സന്നാഹ മത്സരത്തിനിടെ പേസർ മാർക്ക് വുഡിന് പരിക്കേറ്റത് ഇംഗ്ളണ്ടിനെ അലട്ടുന്നു. മത്സരത്തിൽ പന്തെറിയുന്നതിനിടെ മാർക്ക് വുഡിന്റെ ഇടതുപാദത്തിനാണ് പരിക്കേറ്റത്. തുടർന്ന് താരം മത്സരത്തിൽ നിന്ന്പിൻമാറി. ലോകകപ്പിലെ ആദ്യമത്സരത്തിന് മുമ്പ് മാർക്ക് വുഡ് പരിക്കിൽനിന്ന് മോചിതനാകുമെന്നാണ് പ്രതീക്ഷയെന്ന് ഇംഗ്ളണ്ട് ടീം മാനേജ്മെന്റ് പ്രതീക്ഷ പ്രകടിപ്പിച്ചു.
സന്നാഹ മത്സരത്തിൽ മാർക്ക് വുഡിന് പിന്നാലെ മറ്റൊരു പേസർ ജൊഫ്രെ ആർച്ചർക്കും പരിക്കേറ്റതിനാൽ ടീമിന്റെ സഹപരിശീലകനായ മുൻ നായകൻ പോൾ കോളിംഗ് വുഡ് സബ്സ്റ്റിറ്റ്യൂട്ടായി ഫീൽഡിംഗിന് ഇറങ്ങിയിരുന്നു.
സന്നാഹത്തിൽ മഴ
കാർഡിഫ് : ഇന്നലെ ലോകകപ്പിന്റെ സന്നാഹ മത്സരങ്ങളെ മഴ ബാധിച്ചു. കാർഡിഫിൽ ബംഗ്ളാദേശും പാകിസ്ഥാനും തമ്മിലുള്ള മത്സരം ഒരു പന്തുപോലും എറിയാനാകാതെ ഉപേക്ഷിച്ചു ബ്രിസ്റ്റോളിൽ വെസ്റ്റ് ഇൻഡീസിനെതിരെ ദക്ഷിണാഫ്രിക്ക ബാറ്റിംഗിനിറങ്ങി. 12.4ഒാവറിൽ 95 റൺസിലെത്തിയപ്പോൾ മത്സരം ഉപേക്ഷിക്കേണ്ടിവന്നു.