photo

നെടുമങ്ങാട്: കക്കൂസ് മാലിന്യം ശേഖരിച്ച് തോടുകളിലും ആളൊഴിഞ്ഞ പ്രദേശങ്ങളിലും നിക്ഷേപിക്കുന്ന സംഘത്തെ നെടുമങ്ങാട് വാണ്ട പനച്ചമൂട്ടിൽ നിന്നും നഗരസഭയുടെ ഹെൽത്ത് സ്‌ക്വഡ് പിടികൂടി. ഇന്നലെ പുലർച്ചെ 4.30 ഒാടെയാണ് സംഘത്തെ പിടികൂടിയത്. പൊലീസിനെ വിവരമറിയിക്കുന്നതിനിടയിൽ വാഹനത്തിലുണ്ടായിരുന്ന രണ്ടു പേർ ഓടി രക്ഷപ്പെട്ടു. വാട്ടർ ടാങ്ക് ഘടിപ്പിച്ച മിനി ലോറി നഗരസഭ ഹെൽത്ത് സ്‌ക്വഡ് കസ്റ്റഡിയിലെടുത്ത് നഗരസഭ വളപ്പിലേക്ക് മാറ്റി. ടാങ്കിൽ മുക്കാൽ ഭാഗത്തോളം കക്കൂസ് മാലിന്യം നിറച്ചിരുന്നു. പനച്ചമൂട്ടിലെ ഒരു വീട്ടിൽ നിന്നും ഇവ ശേഖരിക്കാൻ തുടങ്ങുമ്പോഴായിരുന്നു ഇവർ നഗരസഭ ഹെൽത്ത് സ്‌ക്വഡിന്റെ ശ്രദ്ധയിൽപ്പെട്ടത്.

മുട്ടത്തറ ഫാമിലേക്ക് കൊണ്ടുപോകാനെന്നാണ് സംഘം ഹെൽത്ത് സ്‌ക്വഡിനോട് പറഞ്ഞത്.

എന്നാൽ മാലിന്യം ശേഖരിച്ച് കൊണ്ടു പോകുന്നതിന് ആവശ്യമായ രേഖകളൊന്നും ഇവരുടെ പക്കൽ ഇല്ലായിരുന്നു. നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ വിനോദ്, കിരൺ എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്. വിവരമറിഞ്ഞ് പുലർച്ചെ തന്നെ നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവനും പനച്ചമൂട്ടിലെത്തിയിരുന്നു. രാത്രിയിൽ മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാനായി നഗരസഭ നൈറ്റ് സ്ക്വാഡ് രൂപീകരിച്ചിരുന്നു.