shamna

തിരുവനന്തപുരം: വേനലവധിയുടെ അവസാനനാളുകളിൽ തലസ്ഥാനവാസികൾക്ക് മറക്കാനാകാതെ മണിക്കൂറുകൾ സമ്മാനിച്ച് കനകക്കുന്നിൽ മേയ്ഫ്ലവർ പൂത്തിറങ്ങി. കൗമുദി ടി.വിയുടെ ആറാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മേയ് ഫ്ലവർ 2019 സംഗീതവും നൃത്തവും പൊട്ടിച്ചിരിയുമായി കാണികളെ ആഹ്ലാദതിമിർപ്പിലാഴ്‌ത്തി. പിന്നണിഗായകരായ സുദീപും ഗായത്രിയും ആസ്വാദകർക്ക് ശുദ്ധ സംഗീതത്തിന്റെ തേൻമഴയായി. തെന്നിന്ത്യൻ താരസുന്ദരി ഷംനകാസിം നൃത്തചുവടുകളുമായി സദസിനെ ത്രസിപ്പിച്ചു. പരിപാടി ആരംഭിക്കുന്നതിനും മണിക്കൂറുകൾക്ക് മുമ്പേ സ്ത്രീകളും കുട്ടികളും പ്രായമായവരുമുൾപ്പെടെ നീണ്ട ആസ്വാദകനിരയെത്തിയിരുന്നു. ഇന്നലെ വൈകിട്ട് 7.45ഓടെയാണ് കനകക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തിൽ മേയ്ഫ്ലവറിന്റെ കലാപരിപാടികൾ ആരംഭിച്ചത്. ശ്രീനാരായണഗുരു എന്ന സിനിമയിൽ പി. ജയചന്ദ്രന് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ' ആഴിയും തിരയും' എന്ന ഗാനം സുപ്രസിദ്ധ പിന്നണി ഗായകൻ സുദീപ് കുമാർ ആലപിച്ചതോടെ അരങ്ങുണർന്നു. ഹൃദ്യമായ ഗാനത്തിന് തൊട്ടുപിന്നാലെ രതിനിർവേദം എന്ന ചിത്രത്തിലെ ' ചെമ്പകപ്പൂകാട്ടിലെ ' എന്ന ഗാനവും സുദീപ് ആലപിച്ചു. മലയാളത്തിലെ എക്കാലത്തെയും ഒരുപിടി മെലഡിഗാനങ്ങളാണ് ഗായത്രി സദിന് ആദ്യം സമ്മാനിച്ചത്. അപ്പോഴേക്കും ശാന്തമായി ഒഴുകുന്ന ഒരു പുഴ പോലെയായി മേയ്ഫ്ലവറിന്റെ സദസ്. തൊട്ടുപിന്നാലെ നിമിഷനേരം കൊണ്ട് കാണികളെ ആവേശഭരിതാരാക്കാൻ തട്ടുപൊളിപ്പൻ ഗായകൻ സാംസണെത്തി. സാംസന്റെ പാട്ടിനൊപ്പം സദസും ചുവടുവച്ചു. സെവൻ കോഡ് ബാൻഡിന്റെ മ്യൂസിക്ക് പെർഫോമൻസ് നിശാഗന്ധിയിൽ തിങ്ങിനിറഞ്ഞ യുവത്വത്തിന് മുന്നിൽ ഇന്ദ്രജാലമായി. സാംസൺ, അനാമിക, ഷാൻ, ഷിയ തുടങ്ങിയവർ സെവൻ കോഡ് ബാൻഡിന്റെ പെർഫോർമർമാരായി അരങ്ങിലെത്തിയത്. പിന്നാലെ ഒരുകൂട്ടം യുവതി - യുവാക്കൾ നൃത്തചുവടുകളുമായി സദസിനെ ഇളക്കിമറിച്ചു. ഇതിനിടെ ഒടിയൻ സിനിമയിലെ കൊണ്ടോരാം.... എന്ന ഗാനത്തിലൂടെ വീണ്ടും സുദീപും ഗായത്രിയും മെഡിയുടെ മധുരം പകർന്നു. യുവഗായകരായ അനാമികയുടെയും ഗൗരികൃഷ്ണയുടെയും പാട്ടിനൊത്ത് സദസും താളം പിടിച്ചു. മിനിട്ടുകൾക്കുള്ളിൽ നൂറിലധികം വ്യക്തികളുടെ ശബ്ദം വേദിയിൽ തത്സമയം അനുകരിക്കുന്ന കലാഭവൻ സതീഷിന്റെ ഗിന്നസ് റെക്കോഡ് പ്രകടനം മേയ്ഫ്ലവർ വേദിയിൽ വീണ്ടും അരങ്ങേറി. അരങ്ങുതകർത്ത് പ്രകടനങ്ങൾ അരങ്ങേറുന്നതിനിടെ കാണികളുടെ നെഞ്ചിടുപ്പുകൂട്ടി താരസുന്ദരി ഷംന കാസിം നൃത്തച്ചുവടുകളുമായെത്തി. കാണികൾ ഏറ്റവുമധികം ആവേശത്തോടെ ഏറ്റെടുത്തതും ഷംനയുടെ നൃത്തച്ചുവടുകൾ തന്നെ.

സംഗീതോപകരണങ്ങളുടെ ശബ്ദാനുകരണത്തിലെ പൂർണതയുമായി വേദികൾ കീഴടക്കിയ ആദർശിന്റെ പ്രകടനവും, വിസ്‌മയ കാഴ്ചകളൊരുക്കി ഗിന്നസ് ബുക്കിൽ ഇടം നേടിയ സേലം സ്വദേശി സമ്പത്തിന്റെ പ്രകടനവും കാഴ്ചക്കാർക്ക് പുത്തൻ അനുഭവമായി. സുപ്രിയയായിരുന്നു മേയ് ഫ്ളവർ 2019ന്റെ മുഖ്യ സ്‌പോൺസർ. ജ്യോതിസ് സെൻട്രൽ സ്‌കൂൾ, എസ്.കെ ഹോസ്‌പിറ്റൽ, ശ്രീധന്യ ഹോംസ് എന്നിവർ സഹ സ്‌പോൺസർമാരും. 92.7 എഫ്.എമ്മായിരുന്നു റേഡിയോ പാർട്ണർ.

കേരളകൗമുദി മാറ്റത്തിന് വേണ്ടി നിലകൊള്ളുന്നു: മേയർ വി.കെ.പ്രശാന്ത്‌

തിരുവനന്തപുരം : കാലഘട്ടത്തിന് അനുസരിച്ച് സമൂഹത്തിൽ വലിയമാറ്റിന് വേണ്ടി നിലകൊള്ളുന്ന മാദ്ധ്യമ പ്രസ്ഥാനമാണ് കേരളകൗമുദിയെന്ന് മേയർ വി.കെ. പ്രശാന്ത് പറഞ്ഞു. മേയ്ഫ്ലവർ 2019ൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളകൗമുദി കുടുംബത്തിൽ നിന്നുള്ള ദൃശ്യമാദ്ധ്യമരംഗത്തെ കൗമുദി ടി.വി ചരിത്രപരമായ ദൗത്യമാണ് നിർവഹിക്കുന്നത്. ശ്രീനാരായണ ഗുരുദേവന്റെ ജീവിതം പുതുതലമുറയെ പഠിപ്പിക്കാൻ വേണ്ടി മഹാഗുരുവെന്ന പേരിൽ പരമ്പര അണിയിച്ചൊരുക്കിയത് അതിന്റെ ഭാഗമാണ്. കാലത്തിനൊപ്പം സമൂഹത്തിന് മൂല്യങ്ങൾ പകർന്നു നൽകാൻ കൗമുദിക്ക് സാധിക്കുന്നുണ്ടെന്നും മേയർ പറഞ്ഞു.

കേരളകൗമുദി പാർശ്വവത്കരിക്കപ്പെടുന്നവന്റെ ശബ്ദം: വി.എസ്.ശിവകുമാർ

സാമൂഹ്യപ്രശ്‌നങ്ങളിൽ നിരന്തര ഇടപെടൽ നടത്തുന്ന കേരളകൗമുദി എക്കാലവും പാർശ്വവത്കരിപ്പെടുന്നവന്റെ ശബ്ദമാണെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ പറഞ്ഞു. മേയ് ഫ്ലവർ 2019ൽ സംസാരിക്കുയായിരുന്നു അദ്ദേഹം. കള്ളവും സത്യവും തിരിച്ചറിയാൻ കഴിയാത്ത കാലത്ത് സമൂഹത്തിന്റെ മനസ് മനസിലാക്കിയാണ് കേരളകൗമുദി പ്രവർത്തിക്കുന്നത്. കൗമുദി ടി.വി അതേ പാതയാണ് പിന്തുടരുന്നത്. സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് കേരളകൗമുദിയുടെ മുന്നേറ്റം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.