തിരുവനന്തപുരം: മാദ്ധ്യമങ്ങളിൽ കാണുന്നതും കേൾക്കുന്നതും മാത്രം വിശ്വസിച്ചു ജീവിക്കുന്ന ജനങ്ങൾ കൂടുതൽ മാദ്ധ്യമ അവബോധം ആർജ്ജിക്കണമെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. കൗമുദി ടി.വിയുടെ ആറാം വാർഷികത്തിന്റെ ഭാഗമായി കേരളകൗമുദിയും സുപ്രിയയും ചേർന്ന് കനകക്കുന്ന് നിശാഗന്ധിയിൽ സംഘടിപ്പിച്ച മേയ് ഫ്ളവർ മെഗാ ഷോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എണ്ണത്തിൽ ആധിക്യമുള്ളകൊണ്ടു തന്നെ മാദ്ധ്യമങ്ങൾ തമ്മിലുള്ള മത്സരവും വർദ്ധിച്ച കാലമാണിത്. മാദ്ധ്യമങ്ങളുടെ സാന്ദ്രത ഒരുപക്ഷേ, ലോകത്തിൽ ഏറ്റവും കൂടുതലുള്ള ഒരു സമൂഹം കേരളമായിരിക്കും. ഓരോ നിമിഷവും ലഭിക്കേണ്ട പുതിയ വാർത്തകൾക്കു വേണ്ടിയുള്ള പരക്കംപാച്ചിലിൽ പലപ്പോഴും വിശ്വാസ്യതയും സൂക്ഷ്മതയും കൈവിട്ടു പോകുന്ന അവസ്ഥ ഉണ്ടാകുന്നുണ്ട്. അന്നന്നത്തെ അന്നത്തിനു വേണ്ടിയുള്ള ബ്രേക്കിംഗ് ന്യൂസുകൾ കെട്ടിപ്പടുക്കേണ്ട ഗതികേടിൽ പെട്ടുപോയിരിക്കുകയാണ് ദൃശ്യമാദ്ധ്യമങ്ങളെന്നും അദ്ദേഹം പറഞ്ഞു.