കോവളം: ആഫ്രിക്കൻ പായലും കുളവാഴയും മാലിന്യവും നിറഞ്ഞ് നാശത്തിന്റെ വക്കിലായ വെള്ളായണി കായലിന്റെ സ്വാഭാവിക പരിസ്ഥിതി തിരിച്ചുപിടിക്കാനുള്ള തീവ്രയജ്ഞത്തിന‌് തുടക്കമായി. സംസ്ഥാന വിനോദസഞ്ചാര, ജലസേചന വകുപ്പുകൾ സ്വസ‌്തി ഫൗണ്ടേഷനുമായി സഹകരിച്ചാണ‌് ജനകീയ യജ്ഞത്തിന‌് നേതൃത്വം നൽകുന്നത‌്. തലസ്ഥാന ജില്ലയ‌്ക്ക‌് പ്രകൃതി കനിഞ്ഞുനൽകിയ വെള്ളായണി കായലിനെ നാശത്തിൽനിന്ന‌് കൈപിടിച്ചുയർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. വവ്വാമൂലയിൽ ആരംഭിച്ച മാലിന്യനിവാരണ പ്രവർത്തനങ്ങൾ 75 ദിവസം തുടരും. ഇതിന്റെ ഭാഗമായി ആഫ്രിക്കൻ പായൽ, കുളവാഴ അടക്കമുള്ള മാലിന്യങ്ങളെല്ലാം നീക്കംചെയ്യും. ജല ശുദ്ധീകരണത്തിനും നടപടി സ്വീകരിക്കും. ഇതിന്റെ തുടർച്ചയായി കായലിന്റെ ശുദ്ധി കാത്തുസൂക്ഷിക്കുന്ന ദീർഘകാല കർമപദ്ധതികൾക്കും തുടക്കമാകും. 250 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന മാലിന്യം ഒഴിവാക്കി, കായലിന്റെ ജീവൻ വീണ്ടെടുക്കുന്ന സമഗ്ര യജ്ഞമാണ‌് നടക്കുന്നത്. കേരളത്തിലെ രണ്ടാമത്തെ ശുദ്ധജലതടാകം എന്ന പെരുമ നിലനിറുത്താനുള്ള പദ്ധതിയാണ‌് നടപ്പാക്കുന്നത‌്. കായലിലെ ജൈവവൈവിദ്ധ്യ വിവരശേഖരണം സ്വസ‌്തി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തുടരുകയാണ‌്. ആധുനിക യന്ത്രസാമഗ്രികളുടെ സഹായത്തോടെയാണ‌് പാർവതി പുത്തനാർ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത‌്. ഈ യന്ത്രസാമഗ്രികളുടെയും സാങ്കേതികവിദ്യയുടെയും സഹായം കായൽ ശുചീകരണത്തിനും സംരക്ഷണത്തിനും ഉപയോഗിക്കും. ഈറ, മുള, കൈത തുടങ്ങിയവ നട്ട് ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമായ ജൈവവേലിയും പണിയും. എന്നാൽ, പരിസ്ഥിതി-കാലാവസ്ഥാവ്യതിയാന വകുപ്പിലെ ചില ഉന്നതരുടെ പിടിപ്പുകേട് കാരണം മുൻപ് പദ്ധതി നടക്കാതെ പോയെന്നാണ് ആക്ഷേപം. ഈ പദ്ധതിയുടെ നടത്തിപ്പിനായി അന്ന് കേന്ദ്രഫണ്ടും അനുവദിച്ചിരുന്നു. അതും ഫലപ്രദമായി വിനിയോഗിക്കാൻ കഴിഞ്ഞില്ല. കായൽ സംരക്ഷണത്തിന് കേന്ദ്രസഹായം ലഭ്യമാകുന്നതിന് കായലിനെ പൈതൃകകേന്ദ്രമാക്കി പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ മുൻകൈയെടുക്കണമെന്ന ആവശ്യവും ഉയരുകയാണ്. സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡും കല്ലിയൂർ-വെങ്ങാനൂർ ഗ്രാമപഞ്ചായത്തുകളും സംയുക്തമായി വെള്ളായണി കായൽ ജൈവവൈവിദ്ധ്യ പൈതൃകകേന്ദ്രമായി പ്രഖ്യാപിച്ചു കിട്ടുന്നതിനുള്ള ശ്രമങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്.