rahul-gandhi

ന്യൂഡൽഹി: ലോക്‌സഭാ തിര‌ഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടർന്ന് കോൺഗ്രസിൽ തമ്മിലടി തുടങ്ങി. പാർട്ടി താല്പര്യത്തിനതീതമായി മക്കൾ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കാനാണ് ചില പ്രമുഖ നേതാക്കൾ ശ്രമിച്ചതെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപിച്ചതിന് പിന്നാലെ രാഹുലിന് അനുകൂലമായും വിമർശന വിധേയരായ നേതാക്കൾക്കെതിരായും നിരവധി നേതാക്കൾ രംഗത്തുവന്നു

അതേസമയം അദ്ധ്യക്ഷ സ്ഥാനത്തുനിന്നുള്ള രാജി ഭീഷണിയിൽ ഉറച്ചു നിൽക്കുന്ന രാഹുൽ ഗാന്ധി കുഴപ്പക്കാരായ കോൺഗ്രസുകാരെയെല്ലാം ശരിയാക്കാൻ ഉറച്ചിരിക്കുകയാണ്. പാർട്ടിയിൽ പൊളിച്ചെഴുത്തിന് തയ്യാറായി രാഹുൽ ഉറച്ച നിലപാടെടുക്കുമെന്നാണ് സൂചന. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെ‌ലോട്ടിനെതിരെ അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ രണ്ടംഗങ്ങളാണ് പരസ്യമായി രംഗത്തുവന്നത്. ജോധ്പൂരിൽ മകൻ വൈഭവ് ഗെലോട്ടിനെ വിജയിപ്പിക്കാൻ ഒരാഴ്ചയോളം അവിടെ തങ്ങിയ അച്ഛൻ ഗെ‌ലോട്ട് മറ്ര് മണ്ഡലങ്ങളെ അവഗണിച്ചതായാണ് പരാതി. കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ഗജേന്ദ്രസിംഗ് ഷേഖാവത്തിനോട് വൈഭവ് ഗെ‌ലോട്ട് 2.7 ലക്ഷം വോട്ടുകൾക്ക് തോൽക്കുകയും ചെയ്തു.

രാഹുൽ പറഞ്ഞ കാര്യത്തെക്കുറിച്ച് കൂടുതൽ ആത്മപരിശോധന നടത്തണമെന്ന് പറഞ്ഞ രാജസ്ഥാനിലെ സഹകരണമന്ത്രി ഉദയലാൽ അഞ്ജന ,ഗെ‌ലോലോട്ടിനെ വിമർശിക്കുകയും ചെയ്തു. മുഖ്യമന്ത്രി ഫ്രീ ആയിരുന്നെങ്കിൽ കുറച്ചു കൂടി സമയം മറ്ര് മണ്ഡലങ്ങളിൽ പ്രചാരണത്തിന് നൽകാമായിരുന്നു. ഉപഭോക്തൃ കാര്യമന്ത്രിയായ രമേഷ് ചന്ദ് മീണയും ഗെ‌ലോട്ടിനെ പരസ്യമായി വിമർശിച്ചു. രാഹുൽ പറഞ്ഞത് ശരിയാണെന്നും അദ്ദേഹം പറഞ്ഞത് കാര്യമായി എടുത്തില്ലെങ്കിൽ അതിന്റെ പ്രത്യാഘാതം വലുതായിരിക്കുമെന്നും മീണ കുറ്രപ്പെടുത്തി. പരാജയത്തെക്കുറിച്ച് വിശദമായ ആത്മപരിശോധന നടത്തണം. ഭാവിയിൽ കൂടുതൽ തിരിച്ചടി ഉണ്ടാവാതിരിക്കാൻ പരാജയ കാരണങ്ങൾ വിശദമായി ചർച്ച ചെയ്യണം. മകന് വേണ്ടി കൂടുതൽ സമയം പ്രവർത്തിച്ചതുമാത്രമല്ല പാർട്ടി സ്ഥാനാർത്ഥിത്വം തീരുമാനിച്ചപ്പോഴും അതിൽ ശരിയായ രീതി പാലിച്ചില്ലെന്ന് അദ്ദേഹം കുറ്രപ്പെടുത്തി. ബി.ജെ.പിയുടെ സഖ്യകക്ഷിയായി മത്സരിച്ച ജയിച്ച ആർ.എൽ.ഡി നേതാവ് ഹനുമാൻ ബെനിവാളിനെ കോൺഗ്രസിന്റെ കൂടെ നിറുത്താൻ ശ്രമിക്കാതിരുന്നതിനെയും മീണ വിമർശിച്ചു.

rahul-ganhdi

കഴിഞ്ഞ ശനിയാഴ്ച നടന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെ‌ലോട്ട്, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥ്, മുൻ കേന്ദ്രമന്ത്രി പി.ചിദംബരം എന്നിവർക്കെതിരെ രാഹുൽ വിമർശനമഴിച്ചുവിട്ടത്. കോൺഗ്രസിനെ മൊത്തം ജയിപ്പിക്കാൻ ശ്രമിക്കുന്നതിന് പകരം സ്വന്തം മക്കളെ ജയിപ്പിക്കാനാണ് ഇവർ ശ്രമിച്ചത്. മക്കൾ സീറ്ര് കിട്ടിയില്ലെങ്കിൽ രാജിവയ്ക്കുമെന്ന് വരെ ഇവർ ഭീഷണിപ്പെടുത്തി.

താൻ ആർ.എസ്.എസിനും ബി.ജെ.പിക്കും എതിരെ പോരാടുമ്പോൾ മക്കളെ വിജയിപ്പിക്കുന്നതിലായിരുന്നു നേതാക്കൾക്ക് തിരക്ക്. താൻ റാഫേൽ യുദ്ധവിമാന പ്രശ്നമേറ്രെടുത്തപ്പോൾ ആരും തന്നെ തുണച്ചില്ല. ചൗക്കിദാർ ചോർ ഹെ എന്ന് വിളിച്ചപ്പോൾ ആ മുദ്രാവാക്യം ഏറ്രെടുക്കാൻ കോൺഗ്രസ് തയ്യാറായില്ല. റാഫേൽ വിഷയം എത്രപേർ ഏറ്റെടുത്തു എന്ന പ്രവർത്തക സമിതിയിൽ ചോദിച്ചപ്പോൾ ചിലർ മാത്രമാണ് കൈ പൊക്കിയത്. എന്നാൽ അവരത് ചെയ്തു എന്ന രാഹുലിന് ബോദ്ധ്യമാവുകയും ചെയ്തില്ല. പല തർക്കങ്ങളിലേക്കും തന്നെ വലിച്ചിഴച്ചു .ജില്ലാ പ്രസിഡന്റുമാരെ നിശ്ചയിക്കുന്നതിലുള്ള തർക്കത്തിലും തന്റെ പേര് വലിച്ചിഴച്ചു.

ഇതേതുടർന്ന് രാജി സന്നദ്ധത പ്രകടിപ്പിച്ച രാഹുലിനെ പിന്തിരിപ്പിക്കാൻ പാർട്ടി നേതാക്കൾ ശ്രമിക്കുന്നുണ്ട്. അതേ സമയം, അദ്ദേഹം രാജി സന്നദ്ധതയിൽ നിന്ന് പിന്മാറിയതായി ചില റിപ്പോർട്ടുകൾ വരുന്നുണ്ടെങ്കിലും സ്ഥിരീകരണില്ല. അദ്ദേഹം അദ്ധ്യക്ഷ പദവിയിൽ തുടരുമെന്നാണ് ഭൂരിപക്ഷം നേതാക്കളും കരുതുന്നത്. അദ്ധ്യക്ഷനെന്ന നിലയിൽ രാഹുൽ പഴയ രീതിയിൽ പാർട്ടിയെ പോകാൻ അനുവദിക്കില്ലെന്ന സൂചനയും പുറത്തുവരുന്നുണ്ട്.