തിരുവനന്തപുരം: വിജയത്തിന്റെ ഹാംഗ് ഓവറിൽ പ്രതിപക്ഷനിര, തെല്ല് ജാള്യതയിൽ ഭരണപക്ഷം, ലോക്‌സഭാ തിരഞ്ഞെടുപ്പോടെ സംഭവിച്ച രാഷ്ട്രീയ കാലാവസ്ഥാവ്യതിയാനം നിയമസഭയിലും പ്രകടമായിത്തുടങ്ങി.
പതിന്നാലാം നിയമസഭയുടെ പതിനഞ്ചാം സമ്മേളനത്തിന് ഇന്നലെ ആദ്യ ബെല്ല് മുഴങ്ങിയപ്പോൾ റാങ്ക് കിട്ടിയ മിടുക്കന്മാരെ പോലെ മൂവർസംഘം കടന്നുവന്നു. കെ. മുരളീധരനും അടൂർ പ്രകാശും ഹൈബി ഈഡനും. പഠിപ്പിസ്റ്റുകൾ ഒരുമിച്ചാണ് നടക്കേണ്ടതെന്ന അലിഖിതനിയമം പാലിച്ചത് പോലെയുള്ള വരവ്. 'പഠിപ്പികളുടെ'
കൂട്ടത്തിൽ നടക്കുന്നത് ഗമയായി കാണുന്ന വിരുതന്മാരായി അൻവർസാദത്തും ഷാഫി പറമ്പിലുമൊക്കെ തൊട്ടുപിറകിലുണ്ട്. എതിരേ നടന്നുപോയ ജനതാദൾ-എസിലെ മുൻമന്ത്രി മാത്യു ടി. തോമസിന്റെ വകയാണ് ആദ്യ അഭിനന്ദനം. മൂവരെയും അഭിനന്ദിച്ച് മാത്യു .ടി നടന്നുനീങ്ങി.
പി.സി. ജോർജിനെ കണ്ടപ്പോൾ അടൂർ പ്രകാശ് നേരെ പോയി കൈ കൊടുത്തു. തൊട്ടപ്പുറത്തിരുന്ന
സി. ദിവാകരൻ മൂന്ന് പേരെയും കണ്ട് ഓടി വന്ന് കൈകൊടുത്തു.
മൂവരുടെയും വരവുണ്ടാക്കിയ ആരവങ്ങൾക്കിടയിൽ ആരുമറിയാതെ ഭരണപക്ഷത്തെ ഏക 'ഡിസ്റ്റിംഗ്ഷൻ' ആയ എ.എം. ആരിഫ് കടന്നുവന്നു. ആരിഫിന് തൊട്ടുമുമ്പ് പത്തനംതിട്ടയിൽ തോൽവിയേറ്റുവാങ്ങിയ വീണാ ജോർജും എത്തിയിരുന്നു. അപ്പോൾ പ്രതിപക്ഷത്തെ ജേതാക്കൾക്കൊപ്പം കൂട്ടുകാർ സെൽഫിക്ക് മത്സരിക്കുകയായിരുന്നു.
മത്സരിച്ച സ്ഥാനാർത്ഥികളിൽ സി. ദിവാകരനാണ് ആദ്യമേ എത്തിയത്. ഭരണപക്ഷത്ത് നിന്ന് മന്ത്രിമാരായ ഇ. ചന്ദ്രശേഖരനും എ.കെ. ബാലനും ദിവാകരന്റെ അടുത്ത് ചെന്ന് കുശലം പറഞ്ഞു. മാവേലിക്കരയിൽ പരാജിതനായ ചിറ്റയം ഗോപകുമാറും കോഴിക്കോട്ട് പരാജയപ്പെട്ട എ. പ്രദീപ്കുമാറും ആളും ആരവവുമില്ലാതെ കടന്നുവന്ന് ഇരിപ്പിടങ്ങളിലിരുന്നു. കെ.എം. മാണിക്ക് ചരമോപചാരമർപ്പിക്കലായിരുന്നു അജൻഡ. വി.ഐ.പി ഗാലറിയിൽ അതിനാൽ മാണിയുടെ മകനും രാജ്യസഭാ എം.പിയുമായ ജോസ് കെ. മാണി എത്തിയിരുന്നു. കക്ഷിനേതാവിനെ ചൊല്ലിയുള്ള തർക്കത്തിൽ പുകയുകയാണെങ്കിലും സ്പീക്കർ അനുവദിച്ച കക്ഷിനേതാവിന്റെ സീറ്റിൽ പി.ജെ. ജോസഫ് ഇരുന്ന് മാണിക്ക് പകരക്കാരനായി. പണ്ട് ഇടതുപക്ഷം വിട്ട് മാണിഗ്രൂപ്പിലേക്ക് പോകുമ്പോൾ 'സീനിയറായ മാണിസാറിന് ചെയർമാൻപദം വിട്ടുകൊടുത്ത ത്യാഗം' ജോസഫ് എടുത്തുപറഞ്ഞപ്പോൾ ജോസ് കെ. മാണി താടിക്ക് കൈയും കൊടുത്തിരുന്ന് കേട്ടു.
സ്പീക്കർ സഭയിലേക്ക് കടന്നുവന്നപ്പോൾ പ്രതിപക്ഷനിരയിൽ നിന്ന് മാത്രമാണ് 'ഗുഡ്മോണിംഗ്' മുഴങ്ങിയത്. ഭരണപക്ഷനിര നിശബ്ദമായിരുന്നു. സ്പീക്കർ സഭാനടപടികളിലേക്ക് കടക്കുമ്പോൾ വി.ഐ.പി ഗാലറിയിലേക്ക് ആലത്തൂരിൽ അദ്ഭുതം സൃഷ്ടിച്ച രമ്യാ ഹരിദാസ് കടന്നുവന്നു. അദ്ഭുതക്കുട്ടി ഏതാനും നിമിഷത്തേക്ക് അങ്ങനെ ശ്രദ്ധാകേന്ദ്രമായി.ചരമോപചാരം അവസാനിച്ച ശേഷം ലോക്‌സഭയിലേക്ക് ജയിച്ച മൂന്ന് എം.എൽ.എമാർക്ക് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഭാവുകങ്ങൾ നേർന്നു.