km-mani

തിരുവനന്തപുരം: തുടർച്ചയായി അര നൂറ്റാണ്ടിലേറെ നിയമസഭാംഗമായി ചരിത്രം സൃഷ്ടിച്ച കെ.എം. മാണിക്ക് നിയമസഭ ഇന്നലെ ആദരാഞ്ജലി അർപ്പിച്ചു. കഴിഞ്ഞ സഭാ സമ്മേളനത്തിൽ വരെ സജീവമായിരുന്ന മാണിക്ക് ചരമോപചാരമർപ്പിച്ച് പതിന്നാലാം സഭയുടെ പതിനഞ്ചാം സമ്മേളനത്തിന്റെ ആദ്യ ദിനം പിരിഞ്ഞു.

സഭാ സമ്മേളന ദിവസങ്ങളിൽ കൃത്യമായി ഹാജരാകുന്ന കാര്യത്തിൽ നിഷ്കർഷ പുലർത്തിയിരുന്ന മാണി ഏത് വിഷയവും ആഴത്തിൽ പഠിച്ചേ സംസാരിക്കുമായിരുന്നുള്ളൂവെന്ന് അനുശോചന പ്രമേയത്തിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. പറയാനുള്ള കാര്യങ്ങൾ സമയനിഷ്ഠയോടെ കാച്ചിക്കുറുക്കി അവതരിപ്പിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ശേഷി സാമാജികർക്ക് പാഠവും മാതൃകയുമാണ്. ഏറ്റവും മുതിർന്ന സാമാജികനായിട്ടും ഒരു വിദ്യാർത്ഥിയുടെ കൗതുകത്തോടെ സഭാ പ്രവർത്തനങ്ങളിൽ ഇടപെട്ടിരുന്ന അദ്ദേഹത്തിന്റെ പ്രവർത്തന രീതി പുതിയ സാമാജികർ മാതൃകയാക്കേണ്ടതാണ്. ഭരണഘടനാവ്യവസ്ഥകളിലും സഭാനടപടിച്ചട്ടങ്ങളിലും നിയമവശങ്ങളിലുമെല്ലാമുള്ള അവഗാഹം സഭയിൽ സമയോചിത ഇടപെടലുകൾ നടത്താൻ അദ്ദേഹത്തെ പ്രാപ്തനാക്കി.

നിയമസഭയിലെ ഓരോ ദിവസവും തനിക്ക് പുതിയ ദിവസമാണെന്നും സഭ തന്റെ പാഠശാലയാണെന്നും പറഞ്ഞിട്ടുള്ള കെ.എം. മാണിയുടെ നിര്യാണത്തോടെ പകരം വയ്ക്കാനില്ലാത്ത സാമാജികനെയാണ് നമുക്ക് നഷ്ടമായതെന്നും സ്പീക്കർ പറഞ്ഞു.

ലോക പാർലമെന്ററി ചരിത്രത്തിൽ

സ്ഥാനം: മുഖ്യമന്ത്രി

കെ.എം. മാണിയുടെ നിര്യാണം കേരളരാഷ്ട്രീയത്തിനും നിയമസഭയ്ക്ക് വിശേഷിച്ചും അപരിഹാര്യമായ നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സഭയ്ക്കകത്തും പുറത്തും എല്ലാ വിഭാഗം ആളുകളുടെയും സ്നേഹാദരങ്ങൾ ആർജ്ജിച്ചെടുക്കാൻ സാധിച്ച പ്രവർത്തനമായിരുന്നു അദ്ദേഹത്തിന്റേത്. നിയമസഭയിൽ ഭരണ, പ്രതിപക്ഷ അംഗങ്ങൾ ഒരുപോലെ ശ്രദ്ധിച്ചിരുന്ന ശബ്ദമായിരുന്നു അദ്ദേഹത്തിന്റേത്. ലോക പാർലമെന്ററി ചരിത്രത്തിൽ സ്ഥാനം നേടുന്ന അത്യപൂർവം സാമാജികരുടെ നിരയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം.

കാരുണ്യ പുനഃസ്ഥാപിച്ചാവണം

ആദരം : ചെന്നിത്തല

ഏത് കൊടുങ്കാറ്റിന് നടുവിലും മഹാമേരുവിനെ പോലെ അക്ഷോഭ്യനായി ഇരിക്കാനുള്ള ശേഷി കെ.എം. മാണിക്കുണ്ടായിരുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുസ്മരിച്ചു. കഴിഞ്ഞ സഭയിലും സജീവമായി നിന്ന മാണി ഇപ്പോൾ ഇല്ല എന്നറിയുന്നതിൽ ദുഃഖമുണ്ട്. അദ്ദേഹത്തിന് നൽകാനാവുന്ന ഏറ്റവും നല്ല ആദരം അദ്ദേഹം കൊണ്ടുവന്ന കാരുണ്യ ബെനവലന്റ് സ്കീം പുനഃസ്ഥാപിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

അരനൂറ്റാണ്ട് കേരളത്തിന്റെ രാഷ്ട്രീയ ഗതിവിഗതികൾ നിയന്ത്രിച്ച നേതാവായിരുന്നു മാണിയെന്ന് സി.പി.ഐ നേതാവ് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. മാണിയോടുള്ള ആദരവായി കാരുണ്യ ബെനവലന്റ് സ്കീം അതേ രൂപത്തിൽ തിരിച്ചുകൊണ്ടുവരണമെന്ന് ലീഗ് നേതാവ് എം.കെ. മുനീർ പറഞ്ഞു. വിവിധ കക്ഷിനേതാക്കളായ സി.കെ. നാണു, പി.ജെ. ജോസഫ്, തോമസ് ചാണ്ടി, അനൂപ് ജേക്കബ്, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ഒ. രാജഗോപാൽ, കെ.ബി. ഗണേശ്‌കുമാർ, പി.സി. ജോർജ് എന്നിവരും സംസാരിച്ചു.