babu-prakash-

ചട്ടങ്ങളുടെയും നടപടിക്രമങ്ങളുടെയും നേർരേഖയിലൂടെ യാത്ര ചെയ്ത് വേണം സാമാജികർക്ക് നിയമനിർമ്മാണപ്രക്രിയ പൂർത്തിയാക്കാനെങ്കിലും സാമാജികർക്ക് സ്വന്തം സർഗ്ഗാത്മകതയും സഹൃദയത്വവും ആവോളം പ്രകടമാക്കാനുള്ള വേദി കൂടിയായി പലപ്പോഴും സഭാനടുത്തളം മാറുന്നതിന് നാം സാക്ഷ്യം വഹിക്കാറുണ്ട്. അത് നടുത്തളത്തിലൊതുങ്ങുന്നു.

സഭാ നടത്തിപ്പ് അത്രത്തോളം സർഗ്ഗാത്മകമാകണമെന്നില്ല. പ്രത്യേകിച്ച് ചട്ടങ്ങളും നടപടിക്രമങ്ങളും വരിഞ്ഞുമുറുക്കുന്ന അന്തരീക്ഷത്തിൽ. നിയമജ്ഞരോ നിയമപണ്ഡിതരോ സഭാസെക്രട്ടറി പദവിയിലെത്തുന്നത് ഈ സാങ്കേതികത്വം സൃഷ്ടിക്കുന്ന സങ്കീർണ്ണതകൾ പരിഹരിക്കാനും കൂടിയാവണം. അങ്ങനെ നിയമസഭയുടെ പ്രവർത്തനം സ്തുത്യർഹമായി നിർവ്വഹിച്ച് പടിയിറങ്ങാനൊരുങ്ങുകയാണ് ന്യായാധിപ പദവിയിൽ നിന്ന് ഡെപ്യൂട്ടേഷനിൽ നിയമസഭാസെക്രട്ടറിയായെത്തിയ വി.കെ. ബാബു പ്രകാശ്. എന്നാൽ ന്യായാധിപപദവിയിൽ നിന്ന് വ്യത്യസ്തമായി സർഗ്ഗാത്മകസൗന്ദര്യം ആവോളം അനുഭവിക്കാനായെന്ന ചാരിതാർത്ഥ്യമാണ് രണ്ടര വർഷത്തെ നിയമസഭാസെക്രട്ടറിയുടെ പദവി തനിക്ക് നൽകിയതെന്ന് വി.കെ. ബാബു പ്രകാശ് പറഞ്ഞു. രണ്ടരവർഷത്തെ സേവനത്തിന് ശേഷം അദ്ദേഹം നിയമസഭാസെക്രട്ടറി സ്ഥാനത്ത് നിന്ന് ഈ മാസം 31ന് വിട വാങ്ങുകയാണ്.

'ജുഡിഷ്യറിയിലേതിൽ നിന്ന് വ്യത്യസ്തമായ അനുഭവമായിരുന്നു എനിക്ക് നിയമസഭ തന്നത്. അതിന് പ്രധാന ഉത്തരവാദി വളരെ സർഗ്ഗാത്മകമായി പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം അനുവദിച്ചുതന്ന സ്പീക്കർ ശ്രീരാമകൃഷ്ണൻ തന്നെയാണ്'- ബാബുപ്രകാശ് പറഞ്ഞു. നിയമസഭയുമായും നിയമനിർമ്മാണ പ്രക്രിയയുമായുമെല്ലാം ബന്ധപ്പെട്ടുള്ള പതിമൂന്ന് പുസ്തകങ്ങൾ ഇക്കാലയളവിൽ പുറത്തിറക്കാനായി. അക്കാഡമിക്, ഗവേഷണ മേഖലകൾക്ക് വിലമതിക്കാവുന്ന സംഭാവന. 1957 മുതലിങ്ങോട്ടുണ്ടായ പത്ത് നിയമങ്ങളെക്കുറിച്ചും അവ കേരളീയസമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങൾ സംബന്ധിച്ചുമുള്ള സമഗ്രമായ പുസ്തകം ഇറക്കാനൊരുങ്ങുകയാണിപ്പോൾ. ഇതിന്റെയെല്ലാം പിന്നിൽ മുഖ്യശക്തിയായി നിലകൊള്ളുന്നത് ബാബു പ്രകാശാണ്. പ്രമുഖ എഴുത്തുകാരനും ദേശാഭിമാനിയുടെ സ്ഥാപക പത്രാധിപരിലൊരാളും പുരോഗമന കലാസാഹിത്യസംഘം ജനറൽസെക്രട്ടറിയും കേരള സംഗീതനാടക അക്കാഡമി സെക്രട്ടറിയുമൊക്കെ ആയിരുന്ന അന്തരിച്ച എം.എൻ. കുറുപ്പിന്റെ മകനാണ് ബാബു പ്രകാശ്.

നിയമസഭയിലെ രണ്ടര വർഷക്കാലത്ത് ഒട്ടേറെ കാര്യങ്ങൾ ചെയ്യാനായെന്ന് ബാബുപ്രകാശ് ഓർക്കുന്നു. പൂർണ്ണമായി ഹരിത പ്രോട്ടോകോൾ പാലിക്കുന്ന സഭയായി കേരളനിയമസഭയെ മാറ്റിയെടുത്തു. സഭയുടെ പൈതൃക മ്യൂസിയം നവീകരിച്ചു. ഗാന്ധിജിയെക്കുറിച്ചും ഇ.എം.എസിനെക്കുറിച്ചും പ്രത്യേക മ്യൂസിയം തയ്യാറാവുന്നു.

മറ്റൊരു സുപ്രധാനനേട്ടം കേരളനിയമസഭ പൂർണ്ണമായും കടലാസ് രഹിതമാകുന്ന പ്രക്രിയക്ക് തുടക്കമിടാനായി എന്നതാണ്. നിലവിൽ കേരള നിയമസഭ ഒരു വർഷം പ്രവർത്തിക്കുന്നതിന് നാല്പത് കോടി രൂപയാണ് ചെലവ് വരുന്നത്. ബില്ലുകൾ ഉൾപ്പെടെ എല്ലാം കടലാസിൽ അച്ചടിക്കുകയാണ്. ഇ- നിയമസഭ ആകുന്നതോടെ അച്ചടിച്ചെലവ് ഇല്ലാതാകും. ആ തുക നിയമസഭയുടെ തന്നെ മറ്റ് പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാനാവും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ ആണ് ഇതിന്റെ ചുമതല ഏല്പിച്ചിരിക്കുന്നത്. അവർ അതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. 15 മാസം കൊണ്ട് പൂർത്തീകരിക്കും.

നിയമസഭയുടെ പ്രവർത്തനങ്ങളെക്കുറിച്ചും സാമാജികർ അവരുടെ മണ്ഡലത്തിൽ ചെയ്ത നേട്ടങ്ങളെക്കുറിച്ചുമെല്ലാം വിവരിക്കുന്ന അറിവോരം എന്ന ത്രൈമാസിക പ്രസിദ്ധീകരണം ആരംഭിച്ചതും ബാബുപ്രകാശ് സെക്രട്ടറിയായ ശേഷമാണ്. അതിൽ ബാബുപ്രകാശ് പുസ്തകനിരൂപണം നടത്തുന്ന കോളവുമുണ്ട്. ഇപ്പോൾ ഇത് സഭയ്ക്കകത്ത് മാത്രമാണ് വിതരണം ചെയ്തുവരുന്നത്. പുറത്ത് പത്ത് രൂപാ വിലയ്ക്ക് ഗ്രന്ഥശാലകൾക്ക് കൂടി വിതരണം ചെയ്യുന്നതിനെപ്പറ്റി ആലോചിക്കുന്നു. ജീവനക്കാർക്കായി മൊഴി എന്ന ലിറ്റിൽമാഗസിനും സഭ പുറത്തിറക്കുന്നു.സേവനകാലാവധി പൂർത്തിയാവുന്നതോടെ ബാബുപ്രകാശ് സ്വദേശമായ ആലപ്പുഴയിലേക്ക് മടങ്ങും.