ama

തിരുവനന്തപുരം: മാലിന്യം നിറഞ്ഞ് ദുർഗന്ധപൂരിതമായ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ മേയർ നേരിട്ടിറങ്ങുന്നു. മാലിന്യ നിക്ഷേപം കൂടുതലുള്ള രാജാജി നഗറിലാണ് മേയർ വി.കെ. പ്രശാന്തിന്റെ നേതൃത്വത്തിലുള്ള സംഘം ബോധവത്കരണത്തിനും ശുചീകരണത്തിനുമായി നാളെ ഇറങ്ങുന്നത്. കോളനിയിലെ ജനങ്ങൾക്ക് മാലിന്യം സംസ്‌കരിക്കാനുള്ള സംവിധാനങ്ങൾ നിലവിലില്ല. സ്വകാര്യ ഏജൻസികൾ മാലിന്യം ശേഖരിച്ച് കൊണ്ടുപോകുന്നതാണ് പതിവ്. ഇത്തരം ഏജൻസികൾ പലപ്പോഴും ആമയിഴഞ്ചാൻ തോട്ടിലാണ് മാലിന്യം നിക്ഷേപിക്കുന്നത്. ഇതിന് തടയിടാൻ കോളനിയിൽ പോർട്ടബിൾ എയറോബിക് ബിന്നുകൾ സ്ഥാപിക്കും. ഇതിന് ശേഷം ജനങ്ങൾക്ക് ബോധവത്കരണവും നൽകും. ഇതോടെ മാലിന്യം തോട്ടിൽ നിക്ഷേപിക്കുന്നത് തടയാൻ കഴിയുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. തുടർന്ന് ആമയിഴഞ്ചാൻ തോട് വൃത്തിയാക്കൽ തുടരും.

 ശുചീകരണം തകൃതി

രൂക്ഷമായ ദുർഗന്ധവും കൊതുക് ശല്യവും കാരണം നാട്ടുകാരുടെ ദുരിതം ദിനംപ്രതി വർദ്ധിച്ചപ്പോഴാണ് ജലവിഭവ വകുപ്പിന്റെ കീഴിലുള്ള തോടിന്റെ ശുചീകരണത്തിൽ നഗരസഭ മുൻകൈയെടുക്കണമെന്ന ആവശ്യവുമായി സമീപവാസികൾ മേയർക്ക് പരാതി നൽകിയത്. കഴിഞ്ഞ ഏപ്രിലിൽ മുസ്ലിംപള്ളി റോഡിന് സമീപത്ത് നിന്നാണ് ശുചീകരണം തുടങ്ങിയത്. ഒരു മാസത്തിനുള്ളിൽ തോട് പൂർണമായും വൃത്തിയാക്കുകയും അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്യുമെന്നാണ് പ്രദേശവാസികൾക്ക് അധികൃതർ ഉറപ്പ് നൽകിയിരുന്നത്. മാലിന്യം കുന്നുകൂടിയതിനെത്തുടർന്ന് ഒഴുക്ക് നിലച്ച അവസ്ഥയിൽ അടുക്കുകളായി അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യങ്ങൾ രണ്ടുപേർ ചേർന്ന് ഇളക്കിവിടുകയും തുടർന്ന് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് എടുത്ത് മാറ്റുകയുമാണ് ഇപ്പോൾ ചെയ്യുന്നത്. മാലിന്യം പൂർണമായും നീക്കം ചെയ്‌താൽ പിന്നെ അറ്റകുറ്റപ്പണി ആവശ്യമായ ഇടങ്ങളിൽ പാർശ്വഭിത്തികൾകെട്ടി മാലിന്യം തള്ളാത്ത വിധം സംരക്ഷിക്കുമെന്നാണ് അധികൃതർ പറയുന്നത്.


 മഴക്കാലത്തിന് മുമ്പേ

മഴക്കാലമെത്തുന്നതോടെ നഗരത്തിൽ പലയിടത്തും വെള്ളപ്പൊക്കമുണ്ടാകാനും പകർച്ചവ്യാധികൾക്കും സാദ്ധ്യതയുണ്ട്. അതിനാൽ, കൂടുതൽ വേഗത്തിൽ പദ്ധതി നടപ്പാക്കുകയും തോട്ടിൽ നിന്നു മാറ്റുന്ന മാലിന്യങ്ങൾ ശാസ്ത്രീയമായ രീതിയിൽ സംസ്‌കരിക്കുകയും വേണം. തോട്ടിൽ മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാൻ നഗരസഭ കാമറകൾ സ്ഥാപിച്ചെങ്കിലും ആരെയും പിടികൂടാനായിട്ടില്ല.