narendra-modi-

പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ഭരണഘടനയെ തൊട്ടുതൊഴുത് എൻ.ഡി.എയിലെ പുതിയ എം.പിമാരെ അഭിസംബോധന ചെയ്ത് നരേന്ദ്രമോദി നടത്തിയ ലഘുപ്രസംഗത്തിൽ പറഞ്ഞ ചില കാര്യങ്ങൾ രാഷ്ട്രം ഒന്നടങ്കം എത്രയോ നാളായി കേൾക്കാൻ ആഗ്രഹിച്ചിരുന്നതാണ്.

ന്യൂനപക്ഷങ്ങളുടേത് ഉൾപ്പെടെ എല്ലാ വിഭാഗങ്ങളുടെയും വിശ്വാസം ആർജ്ജിക്കാനും മുഴുവൻ ജനങ്ങളെയും ഒപ്പം നിറുത്താനുമാണ് ഇനിയുള്ള ഭരണകാലത്ത് സർക്കാർ ശ്രമിക്കുകയെന്നാണ് അദ്ദേഹം പറഞ്ഞത്. ഒന്നാം ഉൗഴത്തിൽ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ സർക്കാരും ഏറെ വിമർശനങ്ങൾ നേരിടേണ്ടിവന്നത് ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തിന്റെ പേരിലായിരുന്നു.ന്യൂനപക്ഷങ്ങളോട് പുലർത്തിയിരുന്ന വെറുപ്പിന്റെയും സംശയത്തിന്റെയും പേരിൽ രാജ്യത്തിന്റെ മതേതര പാരമ്പര്യംപോലും ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതി ഉണ്ടായി. ഇൗ വ്യാഴാഴ്ച അധികാരമേൽക്കുന്ന തന്റെ സർക്കാർ രാജ്യത്തെ ഒന്നായി കണ്ട് എല്ലാ ജനവിഭാഗങ്ങളെയും വിശ്വാസത്തിലെടുത്തായിരിക്കും മുന്നോട്ടുപോവുകയെന്ന മോദിയുടെ പ്രഖ്യാപനം തീർച്ചയായും ക്രിയാത്മകമായ മാറ്റമായിത്തന്നെ കാണണം. പാവങ്ങളെപ്പോലെ രാജ്യത്തെ ന്യൂനപക്ഷങ്ങളും വഞ്ചിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും തിരഞ്ഞെടുപ്പ് കാലത്തുമാത്രമാണ് രാഷ്ട്രീയ കക്ഷികൾക്ക് അവരെ വേണ്ടിവരുന്നതെന്നുമുള്ള മോദിയുടെ നിരീക്ഷണത്തിൽ അസത്യമായി ഒന്നുമില്ല. പ്രത്യേക വകുപ്പും മന്ത്രിമാരുമൊക്കെ ഉണ്ടെങ്കിലും ന്യൂനപക്ഷക്ഷേമം കടലാസിലും നേതാക്കളുടെ പ്രസംഗങ്ങളിലും മാത്രമേ കാണുകയുള്ളൂ. മുഖ്യദേശീയ ധാരയിൽനിന്ന് പരമാവധി അവരെ അകറ്റിനിറുത്തുകയെന്നത് എല്ലാ കക്ഷികളുടെയും പൊതു സമീപനവുമാണ്.

വെറുപ്പിന്റെയും പകയുടെയും അന്തരീക്ഷം ഇല്ലാതാക്കി ന്യൂനപക്ഷ ജനവിഭാഗങ്ങളെയും ചേർത്തുനിറുത്തിയുള്ള പുതിയൊരു ഇന്ത്യയെ വാർത്തെടുക്കുക എന്നതാണ് തന്റെ പുതിയ സർക്കാരിന്റെ ലക്ഷ്യമെന്ന മോദിയുടെ ആഗ്രഹം സഫലമാകണമെങ്കിൽ ഇൗ സന്ദേശം ബി.ജെ.പിയുടെ താഴെതലങ്ങളിൽ വരെ എത്തേണ്ടതുണ്ട്. തീവ്ര നിലപാടുപുലർത്തുന്ന നേതാക്കളുടെ മനസും അതിനനുസരണമായി മാറേണ്ടതുണ്ട്. നാനാജാതിമതങ്ങളും അവരവരുടേതായ ആചാര സവിശേഷതകളും പുലരുന്ന രാജ്യത്ത് ഒാരോ വിഭാഗത്തെയും അവർക്കിണങ്ങുന്നവിധം ജീവിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കുകയെന്നതാണ് മതേതര സർക്കാരിന്റെ കടമ.

അതിന് ഭംഗം വരുമ്പോഴാണ് സമൂഹത്തിൽ അസഹിഷ്‌ണുതയും പകയുമൊക്കെ തലപൊക്കാൻ തുടങ്ങുന്നത്. മാംസം കൊണ്ടുപോയതിന്റെ പേരിൽ ഇക്കഴിഞ്ഞ ദിവസവും മദ്ധ്യപ്രദേശിൽ ആക്രമണവും ക്രൂരമർദ്ദനവും നടന്നു. ഡൽഹിയിൽ തൊപ്പിധരിച്ചതിന്റെ പേരിൽ ഞായറാഴ്ച ഒരു മുസ്ളിം യുവാവ് മർദ്ദനത്തിനിരയായി. ഒറ്റപ്പെട്ടതാണെങ്കിൽ പോലും തിരഞ്ഞെടുപ്പ് വിജയ ലഹരിയിൽ ഹിന്ദുത്വവാദികൾ ഇമ്മാതിരിയുള്ള കാടത്തം നിറഞ്ഞ നടപടികൾക്ക് മടിക്കുകയില്ലെന്നതിന്റെ തെളിവാണിതൊക്കെ. എല്ലാവരും ചേർന്നുനിൽക്കുന്ന പുതിയൊരു ഇന്ത്യയാണ് തന്റെ സ്വപ്നമെന്ന് മോദി ഭരണഘടന തൊട്ടുപ്രതിജ്ഞയെടുക്കുമ്പോൾ മറുഭാഗത്ത് അദ്ദേഹത്തിന്റെ അനുയായികളായി ചമയുന്നവർ സമൂഹത്തിന് നിരക്കാത്ത പ്രവൃത്തിയിലേർപ്പെടുന്നതിലെ വൈരുദ്ധ്യം കാണാതിരുന്നുകൂടാ. കഴിഞ്ഞകാലത്ത് മാംസത്തിന്റെപേരിൽ രാജ്യത്തിന്റെ പലഭാഗങ്ങളിലും നടന്ന ആൾക്കൂട്ട ആക്രമണങ്ങൾ രാജ്യത്തിന്റെ യശസിനും പാരമ്പര്യത്തിനും വരുത്തിവച്ച കളങ്കം ഇനിയും മാഞ്ഞുപോയിട്ടില്ല. അതുകൊണ്ട് പ്രാദേശിക തലങ്ങളിൽ വരെ അണികളെ കർക്കശമായി നിയന്ത്രിച്ച് നിറുത്തേണ്ടത് പാർട്ടി നേതൃത്വത്തിന്റെ ഉത്തരവാദിത്വമാണ്. വഴിവിട്ട പെരുമാറ്റം നിരീക്ഷിക്കാൻ പാർട്ടി തലപ്പത്ത് ആളുണ്ടെന്ന് ബോദ്ധ്യമായാലേ സമാധാനാന്തരീക്ഷം ഉറപ്പുവരുത്താനാവൂ. മതിലുകൾ തകർക്കാനും ഹൃദയങ്ങളെ ബന്ധിപ്പിക്കാനും കഴിഞ്ഞ തിരഞ്ഞെടുപ്പാണിതെന്ന് മോദി അഭിപ്രായപ്പെട്ടിരുന്നു. ഇൗ നേട്ടം നിലനിറുത്താൻ സഹായിക്കുന്നതാകണം പുതിയ സർക്കാരിന്റെ ഒാരോ നടപടിയും.

രാജ്യത്തിന്റെ ത്വരിതഗതിയിലുള്ള വികസനത്തിനും ജനങ്ങളുടെ ഉന്നമനത്തിനും പര്യാപ്തമായ ഏത് നടപടിയും എടുക്കാൻ സഹായിക്കും വിധമുള്ള മികച്ച ഭൂരിപക്ഷം നൽകിയാണ് ജനങ്ങൾ എൻ.ഡി.എയെ സഖ്യത്തെ വീണ്ടും അധികാരത്തിലേറ്റിയിരിക്കുന്നത്. ഇൗ അനുകൂലാന്തരീക്ഷം ഫലപ്രദമായി വിനിയോഗിക്കുന്നതിൽ കാണിക്കുന്ന മിടുക്കാകും സർക്കാരിനെ കൂടുതൽ ജനാഭിമുഖ്യമുള്ളതാക്കുക. മന്ത്രിസഭാ രൂപീകരണഘട്ടം മുതൽ സർക്കാരിന്റെ ദിശാബോധം പ്രകടമാകേണ്ടതുണ്ട്. രാജ്യത്തെ എല്ലാ മേഖലകൾക്കും പ്രാതിനിദ്ധ്യം നൽകുമെന്ന സൂചന മോദിയിൽനിന്നുതന്നെ പുറത്തുവന്നിട്ടുണ്ട്. എൻ.ഡി.എയെ കൈവിട്ട സംസ്ഥാനങ്ങളെയും മാറ്റിനിറുത്തുകയില്ലെന്ന പ്രഖ്യാപനം കേരളംപോലുള്ള സംസ്ഥാനങ്ങൾക്ക് ആശ്വാസകരമാകും. വീണ്ടും അധികാരത്തിൽ വന്നാൽ ഒട്ടേറെ വമ്പൻ വാഗ്ദാനങ്ങൾ നടപ്പാക്കുമെന്ന പ്രകടന പത്രിക മുമ്പിലുണ്ട്. വോട്ടെടുപ്പിനുമുമ്പ് പുറത്തിറക്കുന്ന പ്രകടനപത്രികയിലെ വാഗ്‌ദാനങ്ങൾക്ക് വലിയ വിലയൊന്നുമില്ലെങ്കിലും അതിൽ പ്രതീക്ഷ പുലർത്തി കാത്തിരിക്കുന്നവർ ധാരാളമുണ്ടാകും.