തിരുവനന്തപുരം: മാൻഹോളുകൾ വൃത്തിയാക്കാൻ കഴുത്തോളം മാലിന്യത്തിൽ മുങ്ങേണ്ടിവരുന്ന തൊഴിലാളികൾക്കു പകരമായി കേരള സ്റ്റാർട്ട് അപ്പിൽ പിറന്ന 'യന്ത്രച്ചിലന്തി' ഇനി കടൽ കടന്നു ചെന്നും ക്ളീനിംഗ് പണി ഏറ്റെടുക്കും! എട്ട് മലയാളി യുവാക്കരുടെ കൂട്ടായ്‌മ തുടക്കമിട്ട ജൻറോബോട്ടിക്‌സ് കമ്പനി രൂപകല്‌പന ചെയ്‌ത ബന്റികോട്ട് ആണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഹിറ്രായതിനു പിന്നാലെ ഗൾഫ് രാജ്യങ്ങളിലേക്കും യന്ത്രക്കൈകൾ നീട്ടുന്നത്.
കേരള സ്റ്റാർട്ട് അപ്പിന്റെ ധനസഹായത്തോടെ നിർമ്മിച്ച ബന്റികോട്ട് യന്ത്രച്ചിലന്തിക്കായി നിലവിൽ അഞ്ചു സംസ്ഥാനങ്ങൾ കമ്പനിയുമായി കരാറൊപ്പിട്ടു കഴിഞ്ഞു. മാൻഹോളുകളിലെ നാറുന്ന ഡ്രെയിനേജ് വെള്ളത്തിൽ കഴുത്തറ്റം മുങ്ങി തൊഴിലാളികൾ പണിയെടുക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന പരാതികളെ തുടർന്നാണ് പകരം സംവിധാനത്തിനായി സർക്കാർ അന്വേഷണം തുടങ്ങിയത്. വാട്ടർ അതോറിട്ടി പ്രോജക്‌ടുകൾ ക്ഷണിച്ചു. അങ്ങനെയാണ് തിരുവനന്തപുരം ടെക്‌നോപാർക്കിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനിയായ ജൻറോബോട്ടിക്‌സ് യന്ത്രച്ചിലന്തിയെന്ന ആശയവുമായി എത്തിയത്. വിദഗ്ദ്ധ സമിതിയുടെ അംഗീകാരം കിട്ടിയതോടെ ബന്റികോട്ട് എന്നു പേരിട്ട 'ചിലന്തിയന്തിരൻ' റെഡി. പരീക്ഷണാടിസ്ഥാനത്തിൽ രണ്ടു മാസം തലസ്ഥാന നഗരത്തിലെ മാലിന്യക്കുഴികളിൽ ഇറങ്ങി ബന്റികോട്ട് ക്ളീനിംഗ് ജോലി ചെയ്‌തു.
യന്തിരൻ ഹിറ്റായതോടെ തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, ഹരിയാന, മഹാരാഷ്ട്ര സംസ്ഥാന സർക്കാരുകൾ തേടിയെത്തി കരാറൊപ്പിട്ടു. കർണാടകയും തെലുങ്കാനയും കരാറിന്റെ പാതയിൽ. അതിനിടെയാണ് സംഗതി കേട്ടറിഞ്ഞ് ഗൾഫ് രാജ്യങ്ങളിൽ നിന്ന് അന്വേഷണമെത്തിയത്.
മലപ്പുറം എം.ഇ.എസ് കോളേജിലെ പൂർവ വിദ്യാർത്ഥികളായ എട്ടുപേരുടെ കൂട്ടായ്‌മയിൽ നാലു വർഷം മുമ്പാണ് യന്ത്രച്ചിലന്തികൾ രൂപംകൊണ്ടത്. ഇപ്പോൾ കമ്പനിയിൽ 38 പേർ. യുദ്ധരംഗത്തും മറ്റും ഉപയോഗിക്കുന്ന ഭാരമുള്ള ഉപകരണങ്ങൾ ചുമന്നുനടക്കുന്ന റോബോട്ടിക് എക്സോ സ്കെലിട്ടൺ ആയിരുന്ന ജൻറോബോട്ടിക്‌സിന്റെ ആദ്യ സംരംഭം.
എല്ലാം ചെയ്യുന്ന
ബന്റികോട്ട്
മാൻഹോളിൽ ഇറങ്ങി ഒരു തൊഴിലാളി ചെയ്യുന്ന എല്ലാ ജോലികളും യന്ത്രച്ചിലന്തി ചെയ്യും. കോൺക്രീറ്റ് മൂടി ഇളക്കി മാറ്റി കുഴിയിലിറങ്ങുന്ന ബന്റികോട്ടിന് കാലുകൾ പോലുള്ള ഭാഗങ്ങൾ അനായാസം നീട്ടാനും ചുരുക്കാനും സാധിക്കും. കുഴിയുടെ അടിയിലെത്തി, അടിഞ്ഞുകൂടിയ മാലിന്യം ബക്കറ്റുകളിൽ കോരി പുറത്തെത്തിക്കും. എല്ലാം ഓട്ടോമാറ്റിക്. അധികം മാലിന്യമില്ലാത്ത മാൻഹോളുകൾ പത്തു മിനിട്ടിലും, മാലിന്യം നിറഞ്ഞ കുഴികൾ ഒരു മണിക്കൂർ കൊണ്ടും വൃത്തിയാക്കും. നിർമ്മാണച്ചെലവ് 12.5 ലക്ഷം രൂപ.
അതുക്കും മേലെ
ബന്റികോട്ട് 2.0
ഭാരം കുറഞ്ഞതാണ് പുതിയ വേർഷൻ ആയ ബന്റികോട്ട്- 2.0. ഏതു ചെറിയ കുഴിയിലും കയറാൻ സാധിക്കുംവിധം ചെറിയ അകൃതി. സ്റ്റീലിനു പകരം കാർബൺ ഫൈബറുകളാണ് നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. സ്റ്റീലിനെ അപേക്ഷിച്ച് കൂടുതൽ ഭാരം താങ്ങാൻ കഴിവുള്ള കാർബൺ ഫൈബറിന് ഭാരം കുറവാണ്. മികച്ച കാമറാ സൗകര്യങ്ങൾ. പ്രവർത്തനം കുറേക്കൂടി ലളിതമാക്കിയിട്ടുണ്ട്. നിർമ്മാണച്ചെലവ് 32 ലക്ഷം രൂപ