world-news

ബീജിംഗ്: പ്രണയദിനത്തിൽ മൊബൈൽ ഫോൺ വാങ്ങിക്കൊടുക്കാത്ത കാമുകനെ യുവതി ഒാടിച്ചിട്ടുതല്ലി. ഒന്നുംരണ്ടുമല്ല 52 തവണ. ചൈനയിലെ ദാസുവിൽ മെയ് 20ന് നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോഴാണ് പുറത്തുവന്നത്.

മെയ് ഇരുപതിനായിരുന്നു ചൈനയിൽ പ്രണയദിനം ആഘോഷിച്ചത്. അന്ന് കാമുകിക്ക് മൊബൈൽ ഫോൺ സമ്മാനമായി നൽകാമെന്ന് യുവാവ് വാ​ഗ്‍‍ദാനം ചെയ്തിരുന്നു. വാ​ഗ്‍​ദാനം നിറവേറ്റാതെ തന്റെ മുന്നിലെത്തിയ കാമുകന്റെ മുഖത്ത് യുവതി തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു. അല്പംപോലും ചെറുത്തു നിൽക്കാതെ എല്ലാം യുവാവ് സഹിച്ചു. യുവതിയെ പിടിച്ച് മാറ്റാൻ ചിലർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുവിൽ പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.ദൃക്സാക്ഷികളാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്തത്.

കാമുകനെ സാമ്പത്തികമായി സഹായിച്ചിരുന്നത് യുവതിയാണ്. പ്രണയദിനത്തിലെങ്കിലും സ്വന്തംപണംകൊണ്ട് സമ്മാനം വാങ്ങിക്കൊടുക്കുമെന്ന് യുവതി കരുതി. അത് നടക്കാതെ വന്നതോടെയാണ് യുവതി പ്രകോപിതയായതെന്നാണ് പൊലീസ് പറയുന്നത്. സമ്മാനം കിട്ടാത്തതിൽ ദേഷ്യപ്പെട്ട് നിൽക്കുന്ന കാമുകിയോട് തന്നെ തല്ലി ദേഷ്യം തീർക്കാൻ യുവാവ് ആവശ്യപ്പെടുകയായിരുന്നു‌.ഇതുകൂടി കേട്ടതോടെയാണ് യുവതിയുടെ കൺട്രോളുപോയത്. യുവതിക്കെതിരെ പരാതിനൽകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും കാമുകൻ തയ്യാറായിട്ടില്ല. അതൊന്നും ശരിയാവില്ലെന്നാണ് അയാൾ പൊലീസിനോട് പറഞ്ഞത്.