nidhesh
നിധീഷ് തന്റെ ബൈക്കിൽ

തിരുവനന്തപുരം: പുഴകളുടെ കഥ പറഞ്ഞ് നിധീഷ് ബൈക്കോടിക്കുന്നത് ചെറിയ ദൂരമല്ല- ഏതാണ്ട് പതിനാറായിരം കിലോമീറ്റർ. രാജസ്ഥാനിലെ ജയ്‌പൂരിൽ നിന്ന് പടിഞ്ഞാറോട്ടൊഴുകി ഗുജറാത്തിലെ കോടേശ്വറിലെത്തി, തെക്കോട്ടു തിരിഞ്ഞ് തിരുവനന്തപുരം വഴി കന്യാകുമാരി വരെ. പിന്നെ, ചൈനയിൽ പിറന്ന് അരുണാചൽ വഴി ബ്രഹ്മപുത്രയിൽ ലയിക്കുന്ന ലോഹിത് നദിയുടെ തീരം തൊടാൻ കിഴക്ക് അരുണാചലിലെ കിബിട്ടുവിലേക്ക്. ശേഷം, ഉത്തരദിക്കിലേക്കു കുതിച്ചുപാഞ്ഞ് കശ്‌മീരിലെ ഖർതുംഗ്‌ ലാ വരെ!

പുഴകളെ സംരക്ഷിക്കുകയെന്ന സന്ദേശവുമായി നിധീഷ് പരീഖിന്റെ ബൈക്ക് യാത്ര തുടങ്ങിയത് കഴിഞ്ഞ 19-ന് ജയ്‌പൂരിൽ നിന്നാണ്. നിധീഷിന്റെ നാടാണ് ജയ്‌പൂർ. ഭാര്യ മഞ്ജു തിരുവനന്തപുരം വെമ്പായത്തുകാരി. ഇരുവരും ജീവിതത്തിൽ ഒരുമിച്ചൊഴുകാൻ തുടങ്ങിയതും ഒരു പ്രണയപ്പുഴയുടെ തണുപ്പുള്ള കഥ. കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷൻ സ്ഥാപകൻ സദ്‌ഗുരു 2017-ൽ തുടക്കമിട്ട റാലി ഫോർ റിവേഴ്സ്- നദീസംരക്ഷണ പ്രചാരണ പദിപാടിയുടെ ഭാഗമായാണ് പര്യടനം.

നദീസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നമുക്ക് ഇപ്പോഴും അറിയില്ലെന്ന് നിധീഷ് പറയുന്നു. പുഴകളുടെ പരിസ്ഥിതി പ്രാധാന്യവും ജലസംരക്ഷണത്തിന്റെ ആവശ്യകതയും ജനങ്ങളിലേക്ക് എത്തിക്കാനുള്ള മഹായാത്രയിൽ നിധീഷ് ഇന്നലെ തിരുവനന്തപുരത്തായിരുന്നു. അടുത്ത മാസം ആദ്യം യാത്ര പൂർണമാകും.

ജയ്‌പൂരിൽ വെള്ളി ആഭരണങ്ങളുടെ വ്യവസായിയായ നിധീഷിന്റെ പുഴസ്‌നേഹത്തിന് ഭാര്യ മഞ്ജുവിന്റെ പൂർണ പിന്തുണയുണ്ട്.