ചണ്ഡീഗഡ്: കടിച്ച പാമ്പിനെയും കൊണ്ട് ആശുപത്രിയിൽ എത്തി. ചത്ത പാമ്പിനെ പുറത്തുകളയാൻ ഡോക്ടർമാർ ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. ഡോക്ടർമാർ പ്രാഥമിക ശുശ്രൂഷ നൽകുമ്പോഴും ആ മധ്യവയസ്കന്റെ കൈയിൽ പാമ്പുണ്ടായിരുന്നു... ചണ്ഡീഗഡിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് വിചിത്രമായ സംഭവം അരങ്ങേറിയത്. ഇതിന്റെ വീഡിയോദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുകയാണ്.
ആശുപത്രിയുടെ ഗേറ്റ് കഴിഞ്ഞപ്പോഴാണ് ഇയാളുടെ കൈയിൽ പാമ്പുള്ളത് സുരക്ഷാജീവനക്കാർ കാണുന്നത്. പാമ്പുമായി അകത്തേക്ക് പോകാനാവില്ലെന്ന് അവർ പറഞ്ഞു. പക്ഷേ, ആരുകേൾക്കാൻ. അവശനായി സ്ട്രക്ചറിൽ കിടക്കുമ്പോഴും മധ്യവയസ്കന്റെ കൈയിൽ പാമ്പിരിക്കുന്നത് വീഡിയോയിൽ കാണാം.
എന്നാൽ ഇത് അസാധാരണ സംഭവമല്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. കടിച്ച പാമ്പിനെ തിരിച്ചറിയാനായി ഗ്രാമീണരിൽ ഒട്ടുമുക്കാലും പാമ്പിനെയും പിടികൂടിയാണ് ആശുപത്രിയിൽ എത്തുന്നത്. ഡോക്ടർമാർ പാമ്പിനെ കണ്ടുകഴിഞ്ഞാൽ അതിനെ ഉപേക്ഷിക്കും. എന്നാൽ പാമ്പിനെ ഉപേക്ഷിക്കാൻ മധ്യവയസ്കൻ കൂട്ടാക്കാതെ വന്നതോടെയാണ് ദൃക്സാക്ഷികളിലാരോ വീഡിയോ എടുത്ത് സോഷ്യൽമീഡിയയിൽ പോസ്റ്റുചെയ്തത്. ദൃശ്യങ്ങൾ ഇപ്പോൾ മാരക വൈറലാണ്.