തിരുവനന്തപുരം: തന്നെ വ്യക്തിപരമായി അധിക്ഷേപിച്ച എൽ.ഡി.എഫ് കൺവീനർ വിജയരാഘവനെതിരായ കേസിന്റെ തുടർനടപടി യു.ഡി.എഫ് നേതൃത്വവുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് ആലത്തൂരിലെ നിയുക്ത എം.പി രമ്യ ഹരിദാസ് പറഞ്ഞു. പ്രസ്ക്ളബിന്റെ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. പ്രസ്ക്ളബ് സെക്രട്ടറി എം. രാധാകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു.

വ്യക്തിഹത്യയല്ല, രാഷ്ട്രീയ പ്രസ്താവനയാണെന്ന അദ്ദേഹത്തിന്റെ വിശദീകരണം അംഗീകരിക്കാൻ കഴിയില്ല. വിജയരാഘവന്റെ പരാമർശം തനിക്ക് വേദനയും അപമാനവുമുണ്ടാക്കി. എന്നാൽ ആലത്തൂരിലെ ജനങ്ങൾ, പ്രത്യേകിച്ച് വനിതകൾ തനിക്ക് താങ്ങും തണലുമായി നിന്നു.

പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന ധാരാളം പെൺകുട്ടികളുണ്ട്. എന്നാൽ തനിക്കുണ്ടായതു പോലുള്ള അനുഭവങ്ങളാണ് പലരെയും പിന്തിരിപ്പിക്കുന്നത്. മേലിൽ ഇതുപോലുള്ള അനുഭവം ഒരു പെൺകുട്ടിക്കും ഉണ്ടാവരുതെന്ന് ആഗ്രഹിക്കുന്നതിനാലാണ് നിയമനടപടിയുമായി മുന്നോട്ടുപോയത്. കേസ് കോടതിയിലാണ്.

ദീപാ നിശാന്ത് തനിക്കെതിരെ നടത്തിയ പരാമർശത്തെക്കുറിച്ച് പ്രതികരിക്കാനില്ല. അവരും ആലത്തൂരിലെ വോട്ടറാണ്. ഒരു പക്ഷേ അവരുടെ വോട്ടും തനിക്ക് കിട്ടിയിരിക്കാം. ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കുകയെന്നതാണ് തന്റെ ആഗ്രഹവും ലക്ഷ്യവും. അതിൽ രാഷ്ട്രീയം കലർത്തേണ്ട കാര്യമില്ല. ജനപക്ഷ രാഷ്ട്രീയത്തിലാണ് വിശ്വാസം. കലാകാരന്മാർക്ക് വിലയ പ്രോത്സാഹനം നൽകുന്നവരാണ് ആലത്തൂരുകാർ. അതിനാലാവാം തന്റെ പാട്ടുകൾ അവർ ഏറ്റെടുത്തതെന്നും രമ്യ ഹരിദാസ് പറഞ്ഞു.

മാദ്ധ്യമപ്രവർത്തകരുടെ സ്നേഹപൂർവമുള്ള നിർബന്ധത്തിന് വഴങ്ങി 'വാകപ്പൂമരംചൂടും വാരിളംപൂങ്കുലയ്‌ക്കുള്ളിൽ വാടകയ്ക്കൊരു മുറിയെടുത്തു വടക്കൻതെന്നൽ" എന്ന പഴയ സിനിമാ ഗാനവും ഛത്തീസ്ഗഡുകാരിൽ നിന്ന് പഠിച്ച ഹിന്ദി ഗാനത്തിന്റെ വരികളും രമ്യ ഹരിദാസ് ആലപിച്ചു.