തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷ കക്ഷിനേതാക്കൾക്കുള്ള മുൻനിര സീറ്റ് കെ.എം. മാണിയുടെ മരണത്തെ തുടർന്ന് പാർട്ടി ഉപനേതാവായ പി.ജെ. ജോസഫിന് അനുവദിച്ചത് കേരള കോൺഗ്രസ് -എമ്മിലെ ആഭ്യന്തര കലഹം ഒന്നുകൂടി വഷളാക്കി.
സീറ്റ് പി.ജെ. ജോസഫിന് അനുവദിക്കാനാവശ്യപ്പെട്ട് പാർട്ടി നിയമസഭാകക്ഷി സെക്രട്ടറി മോൻസ് ജോസഫ് സ്പീക്കർക്ക് കത്ത് നൽകിയതിനെ ചോദ്യം ചെയ്ത് ജോസ് കെ. മാണി പക്ഷത്തെ റോഷി അഗസ്റ്റിൻ എത്തിയതോടെയാണ് പോര് മറനീക്കിയത്. ഒഴിച്ചിടാനാവില്ലെന്ന് വ്യക്തമാക്കി സ്പീക്കർ ജോസഫിന് സീറ്റ് അനുവദിക്കുകയും കക്ഷി നേതാവിനെ ജൂൺ ഒമ്പതിനകം തിരഞ്ഞെടുത്ത് അറിയിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.
ഇന്നലെ മാണി അനുസ്മരണച്ചടങ്ങിൽ കക്ഷി നേതൃസ്ഥാനത്തിരുന്ന് ജോസഫ് ആദരാഞ്ജലി അർപ്പിച്ചു. വി.ഐ.പി ഗാലറിയിൽ ചടങ്ങ് വീക്ഷിക്കാനെത്തിയ ജോസ് കെ. മാണിയെ 'സീനിയോറിട്ടി മാനദണ്ഡം' ഓർമ്മിപ്പിക്കാനും ജോസഫ് മറന്നില്ല.
സഭാ സീറ്റ് വിവാദത്തിന്റെ ചുവടുപിടിച്ച്, പാർട്ടി നേതൃയോഗം ഉടൻ വിളിച്ചുചേർക്കാൻ താത്കാലിക ചെയർമാനായ ജോസഫിന് മേൽ ജോസ് വിഭാഗം സമ്മർദ്ദം ശക്തമാക്കി. സമവായത്തിലൂടെ വേണം നേതാവിനെയും ചെയർമാനെയും തിരഞ്ഞെടുക്കാനെന്ന് പാർട്ടി ഭരണഘടനയിൽ പറഞ്ഞിരിക്കെ, അതെങ്ങനെ രൂപപ്പെടുമെന്നതാണ് കുഴക്കുന്ന പ്രശ്നം.
പാർട്ടിയുമായി ആലോചിക്കാതെ മോൻസ് ജോസഫ് സ്പീക്കർക്ക് കത്ത് നൽകിയത് ആശയക്കുഴപ്പമുണ്ടാക്കിയെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു. എന്നാൽ തെറ്റിദ്ധാരണ കൊണ്ടാണിത് പറയുന്നതെന്ന് മോൻസ് തിരിച്ചടിച്ചു. പി.ജെ. ജോസഫ് ആവശ്യപ്പെട്ടതനുസരിച്ചാണ് കത്ത് നൽകിയത്. അദ്ദേഹത്തെ നേതാവായി തിരഞ്ഞെടുത്തെന്ന് കത്തിൽ പറഞ്ഞിട്ടില്ല. മാണിയുടെ അഭാവത്തിൽ പട്ടികയിൽ ജോസഫ് ഒന്നാമനാകുന്നത് സ്വാഭാവികം. കക്ഷിനേതാവിനെയും ചെയർമാനെയും ഒന്നിച്ച് തിരഞ്ഞെടുത്ത് 9ന് മുമ്പ് സ്പീക്കറെ അറിയിക്കും.
അതേസമയം, കാള പെറ്റെന്ന് കേട്ടപ്പോൾ മോൻസ് കയറെടുത്തെന്ന് റോഷി വിമർശിച്ചു. കെ.എം. മാണിയുടെ സീറ്റിൽ ജോസഫ് ഇരിക്കുന്നതിൽ തർക്കമില്ല. പാർലമെന്ററി പാർട്ടി ചേർന്നില്ലെന്നും നിയമസഭാകക്ഷി നേതാവിനെ തിരഞ്ഞെടുക്കാൻ സമയം വേണമെന്നുമാണ് താൻ സ്പീക്കറോട് ആവശ്യപ്പെട്ടത്. ജോസഫ് യോഗ്യനല്ലെന്ന് പറഞ്ഞിട്ടില്ല. ചെയർമാനെയും തിരഞ്ഞെടുക്കാത്തതിനാൽ സാവകാശമാണ് തേടിയത്.
മോൻസിന്റെ കത്തിൽ അപാകതയില്ലെന്നാണ് പി.ജെ. ജോസഫിന്റെ പ്രതികരണം. നേതാവില്ലെങ്കിൽ ഉപനേതാവാണ് പ്രധാനി. കെ.എം. മാണിയുടെ കാലം തൊട്ട് ഇതാണ് കീഴ്വഴക്കം. മാണിയുടെ അഭാവത്തിൽ മുൻനിര സീറ്റ് സംബന്ധിച്ച് സ്പീക്കർ ആരാഞ്ഞു. അതിന്റെ അടിസ്ഥാനത്തിൽ പട്ടിക നൽകി. അതിന് പാർട്ടിയിൽ ആലോചിക്കേണ്ടതില്ല.
'ഇടതു പക്ഷത്തായിരുന്ന ഞാൻ, ഒരുമിച്ച് പോകണമെന്ന് സ്നേഹത്തോടെ കെ.എം. മാണി വിളിച്ചിട്ടാണ് പോയത്. ചെയർമാൻ സ്ഥാനം അന്ന് ഞങ്ങൾ ചോദിച്ചതാണ്. ഔസേപ്പച്ചാ, ഞാനല്ലേ സീനിയർ, നീ വർക്കിംഗ് ചെയർമാനായിരിക്കൂ എന്ന് മാണി സാർ പറഞ്ഞത് അനുസരിച്ചു'.
- പി.ജെ. ജോസഫ് (നിയമസഭയിൽ പറഞ്ഞത്)
'പാർട്ടിയോട് കൂടിയാലോചിക്കാതെയാണ് മോൻസ് കത്ത് നൽകിയത്. നിയമസഭാകക്ഷി യോഗമാണ് നേതാവിനെ തിരഞ്ഞെടുക്കേണ്ടത്. അത് വിളിക്കേണ്ടത് വർക്കിംഗ് ചെയർമാനാണ്'.
- ജോസ് കെ. മാണി
'പാർട്ടിയിൽ രണ്ടഭിപ്രായമുണ്ടെന്ന് ബോദ്ധ്യപ്പെട്ടു. മുൻനിരയിലെ സീറ്റ് ഒഴിച്ചിടാനാവില്ല. അതിനാലാണ് ജോസഫിന് അതനുവദിച്ചത് ".
- സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ