may25a

ആറ്റിങ്ങൽ: സ്കോലിയോസിസ് (നട്ടെല്ലുവളയൽ) രോഗത്തെ നൃത്തച്ചുവടുകളാൽ തോല്പിച്ച കഥ പറയുകയാണ്ആറ്റിങ്ങൽ വലിയകുന്ന് രമാമന്ദിരത്തിൽ ഭവ്യ വിജയൻ. നൃത്തം ജീവിത സപര്യയാക്കിയിരുന്ന ഭവ്യയ്ക്ക് പെട്ടെന്നാണ് അസുഖം ബാധിച്ചത്. തുടർന്ന് സർജറി വേണമെന്ന് തിരുവനന്തപുരം കിംസ് ആശുപത്രി സർജൻ ഡോ. രഞ്ജിത് ഉണ്ണികൃഷ്ണൻ പറ‍ഞ്ഞപ്പോൾ ഭവ്യ പൊട്ടിക്കരഞ്ഞുപോയി. കാരണം നൃത്തമാണ് ഭവ്യയ്ക്കെല്ലാം. നാലാം വയസു മുതൽ നൃത്തം അഭ്യസിക്കുന്ന ഭവ്യയ്ക്ക് ആദ്യം പ്രാേത്സാഹനം നൽകിയത് സഹോദരി ദിവ്യയും തയ്യൽ ഉപജീവനമാർഗമായി സ്വീകരിച്ചിരുന്ന അമ്മ രേണുകയുമായിരുന്നു. വിവാഹം കഴിഞ്ഞതോടെ ഭർത്താവും പ്രോത്സാഹനവുമായി ഒപ്പം കൂടി.നട്ടെല്ലിനു പത്ത് മണിക്കൂർ നീളുന്ന സർജറി വേണ്ടിവരുമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. സർജറി കഴിഞ്ഞാൽ നൃത്തം ചെയ്യാനാകുമോ? ഇതായിരുന്നു പ്രൊഫഷണൽ നർത്തകിയായ ഭവ്യയുടെ സംശയം. എന്നാൽ ഡോക്ടർമാരുടെ ഭാഗത്തു നിന്നു 100 ശതമാനം ഉറപ്പും ഭർത്താവ് വിനോദിന്റെ പിന്തുണ കൂടിയായപ്പോൾ സർജറി ആകാമെന്നുതന്നെ ഉറച്ചു.40%ൽ അധികം വളവുണ്ടായിരുന്ന നട്ടെല്ലിനെ 9 നട്ടും ബോൾട്ടും രണ്ട് കമ്പിയും ഇട്ട് നിവർത്തിയെടുത്തു. ആശുപത്രി വാസം കഴിഞ്ഞ് വിടുമ്പോൾ ഡോക്ടർമാർ ധൈര്യം പകർന്നു. മൂന്നു മാസത്തിനകം ഡാൻസ് ചെയ്യണം. അതിനു ഭവ്യയ്ക്ക് ഈസിയായി കഴിയും. ഒന്നര മാസം കഴിഞ്ഞപ്പോൾ വേദന സഹിച്ച് വീട്ടിൽ ഡാൻസ് പ്രാക്ടീസും ഒപ്പം ഫിസിയോതെറാപ്പിയും തുടർന്നു. മാസങ്ങൾക്കു ശേഷം ഗുരുവായൂരപ്പന്റെ നടയിൽ വീണ്ടും ചിലങ്കയണിഞ്ഞപ്പോൾ ഒരു നിമിത്തം പോലെ സർജറി ചെയ്ത ഡോക്ടറും കുടുംബവും അവിടെയെത്തിയിരുന്നു. പിന്നെ നൃത്തത്തിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. എട്ടു ക്ഷേത്രങ്ങളിൽ നൃത്തമാടിക്കഴിഞ്ഞപ്പോൾ കേരള സർക്കാരിന്റെ വജ്രജൂബിലി ഫെലോഷിപ്പാണ് ഈ കലാകാരിയെത്തേടിയെത്തിയത്.ചിറയിൻകീഴ് ബ്ലോക്കിൽ മോഹിനിയാട്ടത്തിൽ കലാപ്രചാരണമായിരുന്നു ചുമതല.. ഇപ്പോൾ നൂറിലധികം കുട്ടികൾ സർക്കാരിന്റെ ഈ സ്കീമിന് കീഴിൽ ഭവ്യയിൽ നിന്നു നൃത്തം അഭ്യസിക്കുന്നുണ്ട്. മൂത്തമകൻ നിരഞ്ജനും സർജറിക്ക് ശേഷം ലഭിച്ച നീരവും ഭവ്യയുടെ നൃത്ത ജീവിതത്തിൽ ഒപ്പമുണ്ട്. ശസ്ത്രക്രിയയ്ക്കു മുൻപ് ഭവ്യയും വിനോദും ഒരു തീരുമാനമെടുത്തിരുന്നു. എല്ലാം നേരെയായാൽ 100 ക്ഷേത്രങ്ങളിൽ നൃത്തം അവതരിപ്പിച്ചേക്കാമെന്നെതായിരുന്നു അത്. ഇപ്പോൾ ഇവർ അതിനുള്ള തയ്യാറെടുപ്പിലാണ്.