arabic

കിളിമാനൂർ: കേരളത്തിൽ അറബിക് സർവകലാശാല സ്ഥാപിക്കുമെന്ന എൽ.ഡി.എഫ് പ്രകടന പത്രികയിലെ പ്രഖ്യാപനം നടപ്പിലാക്കുന്നതിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് സർവകലാശാല ആക്ഷൻ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാലോളി കമ്മിറ്റി ശുപാർശ ചെയ്ത അറബിക് സർവകലാശാല സ്ഥാപിക്കുന്നതിൽ അലംഭാവം തുടരുന്നത് പ്രതിഷേധാർഹമാണ്. കേരളീയർക്ക് തൊഴിൽ നേടിത്തരുന്നതും കേരളത്തിന്റെ സമ്പദ്ഘടനയെ മെച്ചപ്പെടുത്തുന്നതും ഉന്നത വിദ്യാഭ്യാസ കൗൺസിൽ ശുപാർശ ചെയ്തതുമായ ഈ പ്രശ്നം ഇനിയും നീട്ടരുത്. പതിനഞ്ചിലധികം സർവകലാശാലകൾ നിലവിലുള്ള നമ്മുടെ സംസ്ഥാനത്ത് അറബിക് സർവകലാശാല സ്ഥാപിക്കുന്നതിന് വേണ്ടി നടത്തിയ സമരങ്ങളും നൽകിയ നിവേദനങ്ങളും കണ്ടില്ലെന്ന് നടിക്കുന്ന സമീപനം സർക്കാർ തിരുത്തണമെന്നും സർവകലാശാല സ്ഥാപിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കേരള സർവകലാശാലയുടെ വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിൽ ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ നിന്ന് അറബിക് ഒഴിവാക്കിയ നടപടി പ്രതിഷേധാർഹമാണെന്നും ഇത് പുന:സ്ഥാപിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ചെയർമാൻ എം.എ.സമദ് അദ്ധ്യക്ഷത വഹിച്ചു. ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. കെ.പി.മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ ഡോ.എം.എസ്. മൗലവി റിപ്പോർട്ട് അവതരിപ്പിച്ചു. ജംഇയത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി തേവലക്കര അലിയാരു കുഞ്ഞ് മൗലവി മുഖ്യപ്രഭാഷണം നടത്തി. കെ.എ.എം.എ സംസ്ഥാന ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ, ഡോ. എ.നിസാറുദ്ദീൻ, എം.ഇമാമുദ്ദീൻ, അബ്ദുല്ലാ മൗലവി, ഡോ.എം.അബ്ദുൽ സലാം, ഡോ. എ.എം.മുഹമ്മദ് ബഷീർ, പ്രൊഫ. ഇ.ഷറഫുദ്ദീൻ, ഡോ.എസ്.എ.ഷാനവാസ്, ഡോ.എം.ബഷീർ, മുഹമ്മദ് കബീർ, അബ്ദുൽ റഹ്മാൻ എന്നിവർ സംസാരിച്ചു.