may27a

ആറ്റിങ്ങൽ: ശബരിമല വിഷയത്തിൽ ജനങ്ങളുടെ ഇടയിൽ തെറ്റിദ്ധാരണ പരത്തിയവർ തിരഞ്ഞെടുപ്പ് ഫലം അവർക്ക് അനുകൂലമാക്കിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.ആറ്റിങ്ങൽ വിളയിൻമൂലയിൽ അഗ്രികൾച്ചറൽ ഇംപ്രൂവ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ശബരിമലയിൽ യുവതീ പ്രവേശത്തെ അനുകൂലിച്ച് ലേഖനം എഴുതിയവരും വാദിച്ചവരും എല്ലാം സുപ്രീംകോടതി വിധി വന്നപ്പോൾ അതൊരു സുവർണാവസരമായി കണ്ട് പ്രവർത്തിക്കാൻ തുടങ്ങി. നിയമവാഴ്ച നടപ്പിൽ വരുത്തേണ്ട സർക്കാരിന് സുപ്രീം കോടതി വിധി നടപ്പാക്കാതെ വേറെ വഴിയുണ്ടായിരുന്നില്ല. എന്നാൽ ഈ സത്യം മനസ്സിലാക്കാതെ ദുഷ്പ്രചാരണം നടത്തിയവർക്ക് തിരഞ്ഞെടുപ്പ് ഫലം അനുകൂലമാക്കാൻ സാധിച്ചു. ഇത് ആടിനെ പട്ടിയാക്കുന്ന ഏർപ്പാടാണെന്നും മന്ത്രി പറഞ്ഞു. ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ബി. സത്യൻ എം.എൽ.എ, നഗരസഭാ വൈസ് ചെയർപേഴ്സൺ ആർ.എസ്. രേഖ, സൊസൈറ്റി പ്രസിഡന്റ് തുളസീധരൻ പിള്ള, സി.പി.എം. ജില്ലാ സെക്രട്ടേറിയേറ്റംഗം ആർ. രാമു എന്നിവർ സംസാരിച്ചു.