കിളിമാനൂർ : സംസ്ഥാനപാതയിൽ നിന്ന് ദേശീയപാതയെയും അവിടെ നിന്ന് വർക്കല ടൂറിസ്റ്റ് കേന്ദ്രത്തെയും ബന്ധിപ്പിക്കുന്ന റോഡിന്റെ നിർമ്മാണ പ്രവർത്തനം മന്ദഗതിയിലെന്ന് പരാതി. കിളിമാനൂർ പുതിയ കാവിൽ ആരംഭിച്ച് വർക്കലയിൽ അവസാനിപ്പിക്കുന്ന 31 കിലോമീറ്റർ റോഡാണ് ആധുനിക രീതിയിൽ നിർമ്മാണം നടക്കുന്നത്. കിലോമീറ്ററിന് ഒരു കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന റോഡ് പൂർത്തിയാകുന്നതോടെ യാഥാർത്ഥ്യമാകുന്നത് ഇടറോഡുകളെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ വർക്കലയുമായി ബന്ധിപ്പിക്കുകയെന്ന സ്വപ്നമാണ്. കിളിമാനൂർ - വെണ്ണിക്കോട്, മണനാക്ക് - ചെറുന്നിയൂർ, ഒറ്റൂർ - മണമ്പൂർ എന്നീ റോഡുകളാണ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നവീകരിക്കുന്നത്. വീതി കൂട്ടി ഓടയും ഫുട്പാത്തും നിർമ്മിക്കുന്ന പ്രവർത്തനങ്ങളാണ് നടക്കുന്നത്. എന്നാൽ നിർമ്മാണ പ്രവർത്തനം തുടങ്ങി മാസങ്ങളായിട്ടും പണി പൂർത്തിയാക്കാത്തതിൽ ദുരിതമനുഭവിക്കുന്നത് റോഡരികിലെ കച്ചവടക്കാരും താമസക്കാരുമാണ്. പൊടിശല്യത്തോടൊപ്പം വാഹനങ്ങൾ കടന്നുപോകുമ്പോൾ മെറ്റൽ തെറിച്ചുള്ള അപകട ഭീതിയിലുമാണ് ഇവിടുള്ളവർ. പ്രധാന റോഡുകളിൽ മാലിന്യം ഒഴുക്കിവിടുന്നതിനും കേബിൾ, വാട്ടർ കണക്ഷൻ എന്നിവയ്ക്കും പ്രത്യേകം ഓടകളാണ് നിർമ്മിക്കുന്നത്. ആറ്റിങ്ങൽ, വർക്കല നിയോജക മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന ഈ റോഡ് നവീകരണം പൂർത്തിയാകുന്നതോടെ കിളിമാനൂർ, കാരേറ്റ്, കല്ലറ, വാമനപുരം മേഖലകളിലെ ജനങ്ങൾക്ക് കർക്കടക വാവ് ഉൾപ്പെടെയുള്ള ദിവസങ്ങളിൽ യാത്രാ സൗകര്യം സുഖകരമാകും. മഴക്കാലമായാൽ വീണ്ടും പണി നീണ്ടുപോകാൻ ഇടവരുമെന്നതിനാൽ എത്രയും വേഗം പണി പൂർത്തിയാക്കി അപകടങ്ങൾ ഒഴിവാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.