വർക്കല: വർക്കലയിൽ ട്രാഫിക് നിയമലംഘനങ്ങൾ പതിവാകുമ്പോഴും, കർശന നടപടികൾ സ്വീകരിക്കാൻ അധികൃതർ നടപ്പാക്കിയ ട്രാഫിക് പൊലീസ് യൂണിറ്റ് സംവിധാനം പ്രവർത്തനക്ഷമമല്ലെന്ന് ആക്ഷേപം. പ്രതിമാസം മൂവായിരം പെറ്റി കേസുകളും നൂറോളം വാഹനാപകടങ്ങളും നടക്കുന്ന വർക്കല പൊലീസ് സ്റ്റേഷൻ പരിധിയിൽ ട്രാഫിക് പൊലീസിന്റെ സേവനം വേണമെന്ന പൊതുജനങ്ങളുടെയും സാംസ്കാരിക സംഘടനകളുടെയും ജനപ്രതിനിധികളുടെയും നിരന്തരമായ ആവശ്യത്തെ തുടർന്നാണ് ഏതാനും മാസങ്ങൾക്ക് മുമ്പ് സർക്കാർ കേരള ആംഡ് പൊലീസിന്റെ പത്ത് പൊലീസുകാരെ ഉൾപെടുത്തി ട്രാഫിക് യൂണിറ്റ് വർക്കലയിൽ പ്രാവർത്തികമാക്കിയത്. തുടക്കത്തിൽ ഇവരുടെ പ്രവർത്തനം കുറ്റമറ്റ രീതിയിലായിരുന്നു. പട്രോളിംഗ് സംവിധാനവും തിരക്കുളള ജംഗ്ഷനുകളിൽ ട്രാഫിക് പൊലീസിന്റെ സേവനവും കാര്യക്ഷമമായിരുന്നെങ്കിലും പിന്നീട് ഇവരുടെ പ്രവർത്തനം നിലയ്ക്കുകയായിരുന്നു. നിലവിലുണ്ടായിരുന്ന ട്രാഫിക് യൂണിറ്റിലെ പത്ത് പൊലീസുകാരിൽ നാല് പേർ മടങ്ങി പോവുകയും ആറ് പേർ സ്റ്റേഷനിലെ ലാ ആൻഡ് ഓർഡർ ഡ്യൂട്ടിയിൽ പ്രവേശിക്കുകയും ചെയ്തു. ഇതോടെ വർക്കല നഗരത്തിൽ ട്രാഫിക് പൊലീസിന്റെ സേവനം പൂർണമായും ഇല്ലാതായി. നൂറിൽപരം സർവീസ് ബസുകളും ഓട്ടോകളും ഇരുചക്രവാഹനങ്ങളും മറ്റു വാഹനങ്ങളും വർക്കലയിലെ റോഡുകളിലൂടെ നിിരന്തരം സഞ്ചരിക്കുന്നുണ്ടെന്നാണ് കണക്ക്. അമിതവേഗം ജനത്തിന് ഭീഷണിയാവുകയും മറ്റു നിയമ ലംഘനങ്ങൾ പതിവായതിനും പുറമെ പ്രധാന സ്ഥലങ്ങളിലെ അനധികൃത പാർക്കിംഗും തലവേദനയായി മാറിയിട്ടുണ്ട്. പുന്നമൂട് മുതൽ റെയിൽവേസ്റ്റേഷൻ, മൈതാനം, താഴെവെട്ടൂർ റോഡ്, ആയുർവേദാശുപത്രി ജംഗ്ഷൻ പുത്തൻചന്ത വരെയുളള ഭാഗങ്ങളിൽ വലിയ വാഹനത്തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്കേറിയ ജംഗ്ഷനുകളിൽ ട്രാഫിക് സിഗ്നൽ സംവിധാനം എന്ന ആശയം ഇനിയും പ്രാവർത്തികമാക്കാനായിട്ടില്ല. വർക്കലയിലെത്തുന്ന വാഹനങ്ങൾക്ക് സൗകര്യപ്രദമായ തരത്തിൽ പാർക്ക് ചെയ്യുന്നതിനുളള സ്ഥലം നിർണയിക്കുന്നതിലും അധികൃതർ നടപടി സ്വീകരിക്കുന്നില്ല. പുന്നമൂട്ടിൽ മാത്രമാണ് തിരക്ക് നിയന്ത്റിക്കാൻ ഹോംഗാർഡിനെ നിയോഗിച്ചിട്ടുളളത്. പൊതുജനസുരക്ഷ മുൻനിറുത്തി വർക്കലയിൽ ട്രാഫിക് യൂണിറ്റിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.