തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം വലിയതോതിൽ ഗുണമുണ്ടാക്കിയെന്ന് വിലയിരുത്തിയ യു.ഡി.എഫ് നേതൃയോഗം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരെ വിഷയം സജീവമായി നിറുത്താൻ തീരുമാനിച്ചു. പാർട്ടിയിലും മുന്നണിയിലും നിന്ന് അകന്നുപോയ വിഭാഗങ്ങളെ ഇപ്പോളുണ്ടായത് പോലെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും ഒപ്പം നിറുത്താനുള്ള തന്ത്രങ്ങൾക്കും യു.ഡി.എഫ് രൂപം നൽകി. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ശബരിമലയ്ക്കായി പ്രത്യേക നിയമനിർമ്മാണം കൊണ്ടുവരുമെന്ന് യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ യു.ഡി.എഫ് ചെയർമാനായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
നിയമസഭയിൽ ഇതിനായി ബിൽ കൊണ്ടുവരും. കൺകറന്റ് പട്ടികയിൽ പെട്ട വിഷയമായതിനാൽ സംസ്ഥാനസർക്കാരിന് ഇക്കാര്യത്തിൽ നിയമം കൊണ്ടുവരാം. ഈ തിരഞ്ഞെടുപ്പിൽ വലിയതോതിൽ സഹായിച്ച ന്യൂനപക്ഷ, പിന്നാക്ക, ദളിത് വിഭാഗങ്ങൾക്ക് സംരക്ഷണവും അവകാശവും ഉറപ്പാക്കാനും യു.ഡി.എഫ് വന്നാൽ നിയമപരവും ഭരണപരവുമായ നടപടികളെടുക്കും. ഈ വിഭാഗങ്ങൾ ഇന്ന് ഏറ്റവും വലിയ പീഡനം നേരിടുന്നത് പിണറായി സർക്കാരിൽ നിന്നാണ്.
കേരളത്തിൽ വിജയത്തിന് പ്രധാനമായും വഴിവച്ചത് ശബരിമല വിഷയമാണ്. യു.ഡി.എഫിന്റെ പരിപാടികളിൽ ന്യൂനപക്ഷങ്ങൾക്കുണ്ടായ വിശ്വാസവും മോദി- പിണറായി സർക്കാരുകൾക്കെതിരായ വികാരവുമാണ് വിജയത്തിന് കാരണമായത്. ശബരിമല ബാധിച്ചില്ലെന്ന സി.പി.എമ്മിന്റെ അഭിപ്രായം ആരും വിശ്വസിക്കില്ല.
മുഖ്യമന്ത്രി ശൈലി മാറ്റരുതെന്നാണ് തങ്ങളുടെ അഭിപ്രായം. ശൈലി അതേപടി തുടരട്ടെ. ഈ വിജയത്തെ വിനയത്തോടെ സ്വീകരിക്കുന്നു. ഭയപ്പെടുത്തുന്ന വിജയമാണിത്. അതിനെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കും. അഹങ്കരിക്കുന്നില്ല.
വർഗീയത ആളിക്കത്തിക്കാൻ ബി.ജെ.പിക്കായി. പാർലമെന്റിനകത്ത് ഫാസിസത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തും.
ജൂൺ ഒന്നിന് പഞ്ചായത്ത്തലങ്ങളിൽ യു.ഡി.എഫ് വിജയദിനമാഘോഷിക്കും. 10ന് ജില്ലാ യു.ഡി.എഫ് കമ്മിറ്റികൾ ചേർന്ന് തിരഞ്ഞെടുപ്പ്ഫലം വിലയിരുത്തും. 15ന് നെയ്യാർഡാം രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡെവലപ്മെന്റ് സ്റ്റഡീസിൽ ഒരു ദിവസം നീളുന്ന വിപുലമായ യു.ഡി.എഫ് യോഗം ചേരുമെന്നും ചെന്നിത്തല അറിയിച്ചു. കക്ഷിനേതാക്കളും പങ്കെടുത്തു.