udf

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തോടെ എൽ.ഡി.എഫ് സർക്കാരിന് അധികാരത്തിൽ തുടരാനുള്ള ധാർമ്മികാവകാശം നഷ്‌ടമായെന്ന് യു.ഡി.എഫ് നേതൃയോഗം. സാങ്കേതികമായി തുടരാമെങ്കിലും ജനമനസ്സിൽ നിന്ന് തൂത്തെറിയപ്പെട്ട മുന്നണിയായി ഇടതുപക്ഷം മാറിയെന്ന് യോഗത്തിനു ശേഷം വാർത്താസമ്മേളനത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

20 സീറ്റും നേടിയ 1977ൽ പോലും ഇരുപക്ഷവും തമ്മിലുള്ള വോട്ട് വ്യത്യാസം ഇത്രയുമില്ലായിരുന്നു. ചരിത്രത്തിലൊരിക്കലും 35 ശതമാനത്തിലേക്ക് എൽ.ഡി.എഫിന്റെ വോട്ടുനില താഴ്ന്നിട്ടില്ല. യു.ഡി.എഫിന് ഒരു സീറ്റ് മാത്രം കിട്ടിയ 2004- ൽ പോലും ഇരുമുന്നണികളും തമ്മിലെ വോട്ട് വ്യത്യാസം 7.7 ശതമാനമായിരുന്നു.

എൽ.ഡി.എഫിന്റെ 77 നിയമസഭാ മണ്ഡലങ്ങളാണ് യു.ഡി.എഫ് പിടിച്ചെടുത്തത്. കേവലം 16 സീറ്റുകളിലാണ് അവർക്ക് ഭൂരിപക്ഷം. 16 മന്ത്രിമാരുടെ മണ്ഡലങ്ങളിൽ ഇടതിന് ജനപിന്തുണ നഷ്ടമായി. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്റെയും വി.എസ്. സുനിൽകുമാറിന്റെയും മണ്ഡലങ്ങളിൽ എൽ.ഡി.എഫ് മൂന്നാം സ്ഥാനത്തായി. ആർ.എസ്.എസ് കടന്നുകയറ്റത്തെ ഫലപ്രദമായി ചെറുത്തത് യു.ഡി.എഫാണ്. സംഘപരിവാർ രാഷ്ട്രീയത്തെ യു.ഡി.എഫ് നിലംപരിശാക്കി.

ബി.ജെ.പിക്ക് സ്പേസ് ഉണ്ടാക്കിക്കൊടുത്ത്,​ അതുവഴി യു.ഡി.എഫിനെ ഇല്ലാതാക്കി നേട്ടമുണ്ടാക്കാമെന്നാണ് ഇടതുപക്ഷം കരുതിയതെങ്കിലും കൊക്കിന് വച്ചത് കുളക്കോഴിക്ക് കൊണ്ടതു പോലെയായി അവസ്ഥയെന്ന് ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

രാഹുൽഗാന്ധി ജൂൺ ആദ്യമെത്തും

വയനാട്ടിലെ ജനങ്ങളോട് നന്ദി പറയാൻ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ജൂൺ ആദ്യവാരം വയനാട്ടിലെത്തുമെന്ന് ചെന്നിത്തല അറിയിച്ചു.

ആലപ്പുഴയിൽ ചെറിയ വോട്ടിനാണ് പരാജയപ്പെട്ടതെങ്കിലും അതിന്റെ കാരണം നാളെ കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി ചർച്ച ചെയ്യും. അവിടെ വിജയം എല്ലാവരും ആഗ്രഹിച്ചതായിരുന്നു. ഹരിപ്പാട് മണ്ഡലത്തിൽ വോട്ട് കുറ‌ഞ്ഞെന്നു പറയുന്നതിൽ കാര്യമില്ല. ഇടതുപക്ഷ മണ്ഡലമായ അവിടെ താനാണ് ആദ്യമായി ജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി. 5000 വോട്ടിന്റെയൊക്കെ വ്യത്യാസത്തിൽ പലപ്പോഴും ജയപരാജയങ്ങൾ സംഭവിക്കുന്ന മണ്ഡലത്തിൽ കഴിഞ്ഞതവണയാണ് പ്രത്യേകസാഹചര്യത്തിൽ തനിക്ക് നല്ല ഭൂരിപക്ഷം കിട്ടിയത്. ഇത്തവണയും അതിൽ കുറവുണ്ടായെന്നല്ലാതെ മൊത്തത്തിൽ നോക്കുമ്പോൾ അവിടെയാണ് കൂടുതൽ ഭൂരിപക്ഷം.

മാണി ഗ്രൂപ്പിലെ പ്രശ്‌നം അവർ പരിഹരിക്കും. യു.ഡി.എഫ് ഒറ്റക്കെട്ടായി പോകണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.