sabarimala

 പ്രചാരണങ്ങൾ ശബരിമലയെ തകർക്കാൻ

തിരുവനന്തപുരം: ശബരിമലയിൽ വഴിപാടായി കിട്ടിയ സ്വർണം, വെള്ളി ഉരുപ്പടികളിൽ കുറവ് വന്നിട്ടില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആഡിറ്റ് വിഭാഗത്തിന്റെ മഹസർ രേഖാ പരിശോധന പൂർത്തിയായി. 40 കിലോ സ്വർണത്തിന്റെയും 100 കിലോ വെള്ളിയുടെയും 1413 ഉരുപ്പടികളാണ് സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിട്ടുള്ളത്. ശബരിമലയെ തകർക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് തെറ്റായ പ്രചാരണങ്ങൾ നടത്തുന്നത്.

ബോർഡിന്റെ കൈവശമുള്ള ഉരുപ്പടികൾ സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് ആദ്യമേ തീരുമാനിച്ചതാണ്. രേഖകളുടെ പരിശോധന ഒരു വർഷം മുമ്പ് തുടങ്ങി. 2016ൽ സർവീസിൽ നിന്ന് പിരിഞ്ഞ അക്കൗണ്ടന്റ് മോഹനൻ പിന്നാലെ വന്ന ചുമതലക്കാരന് രേഖകൾ കൈമാറിയിരുന്നില്ല. അക്കാരണത്താൽ പെൻഷൻ തടഞ്ഞുവച്ചു. ഇതിനെതിരെ മോഹനൻ കോടതിയെ സമീപിച്ചിരുന്നു. കേസ് പരിഗണിക്കുന്നതിനിടെയാണ് പരിശോധന വേഗത്തിൽ തീർക്കാൻ കോടതി നിർദ്ദേശിച്ചത്.

ഉരുപ്പടികളിൽ കുറവുണ്ടെന്ന പ്രചാരണത്തിന്റെ അടിസ്ഥാനത്തിൽ എക്സിക്യൂട്ടിവ് ഓഫീസറോ‌ട് ദേവസ്വംബോർഡും, ബോർഡിനോട് വകുപ്പ് മന്ത്രിയും റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഉരുപ്പടികളിൽ ഒരു കുറവും വന്നിട്ടില്ലെന്നാണ് എക്സിക്യൂട്ടിവ് ഓഫീസറുടെ റിപ്പോർട്ട്. ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടിയുണ്ടാവും.

ജീവകാരുണ്യപ്രവർത്തനം

ഏറ്റുമാനൂർ ക്ഷേത്രത്തിലെ മോഷണം പോയ വിഗ്രഹം കണ്ടെത്താൻ സഹായിച്ച വെള്ളറട സ്വദേശി രമണിക്കായി പ്രഖ്യാപിച്ച വീടിന്റെ നിർമ്മാണം പൂർത്തിയായി. താമസിയാതെ കൈമാറും. 12,50,000 രൂപയാണ് ഒരു ഭക്തൻ ഇതിനായി നൽകിയത്. വീടിന് ചെലവായത് എട്ടര ലക്ഷമാണ്. ബാക്കി തുക സാധു യുവതിയുടെ വിവാഹത്തിന് ഉപയോഗിക്കും. 60 വയസിന് മേലുള്ള സാധുക്കൾക്ക് മൂന്ന് നേരം ഭക്ഷണത്തിനും താമസത്തിനും പ്രധാന ക്ഷേത്രങ്ങളോട് ചേർന്ന് സൗകര്യമൊരുക്കും. നിലവിലെ ഭജനമഠങ്ങളും ഇതിനുപയോഗിക്കും. ആഴ്ചയിൽ ഒരു ദിവസം വൈദ്യ സഹായവും എത്തിക്കും. ക്ഷേത്രോപദേശക സമിതികൾക്കാണ് ചുമതല.

പത്തനംതിട്ടയിലും കാട്ടാക്കടയിലും

ദേവസ്വം കോളേജുകൾ

പത്തനംതിട്ട വെട്ടൂർ ആയിരവില്ലൻ ക്ഷേത്രത്തോട് ചേർന്ന് ലാ കോളേജ് തുടങ്ങാൻ നടപടിയായി. ക്ഷേത്രത്തിന്റെ അഞ്ച് ഏക്കർ ഇതിന് ഉപയോഗിക്കും. കാട്ടാക്കടയിൽ ആർട്സ് ആൻഡ് സയൻസ് കോളേജും തുറക്കും. ശബരിമലയിലെ നിർമാണങ്ങൾക്കായി സർക്കാർ നൽകിയ 739 കോടിയിൽ 300 കോടി പൊതുമരാമത്ത്, ഇറിഗേഷൻ വകുപ്പുകൾക്കായി നൽകും. സർക്കാർ അനുവദിച്ച 20,000 ക്യുബിക് മീറ്റർ മണൽ ഇന്ന് ഏറ്റുവാങ്ങും.