kpcc

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ അവലോകനത്തിനായി കെ.പി.സി.സി നേതൃയോഗങ്ങൾ ഇന്ന് ഇന്ദിരാഭവനിൽ ചേരും. കെ.പി.സി.സി പുനഃസംഘടന, വരാൻ പോകുന്ന ഉപതിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ, ആലപ്പുഴയിലെ ഷാനിമോൾ ഉസ്മാന്റെ തോൽവി എന്നീ വിഷയങ്ങളിൽ ഇന്ന് വൈകിട്ട് ചേരുന്ന കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗത്തിൽ വിശദമായ ചർച്ച നടന്നേക്കാം.

ഉച്ചയ്ക്ക് രണ്ടിന് മുൻ പ്രസിഡന്റുമാരുടെയും, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, ഡി.സി.സി പ്രസിഡന്റുമാർ, പാർലമെന്റ് മണ്ഡലങ്ങളിൽ മത്സരിച്ച സ്ഥാനാർത്ഥികൾ എന്നിവരുടെയും സംയുക്ത യോഗമാണ്. രാഷ്ട്രീയകാര്യ സമിതി യോഗം വൈകിട്ട് അഞ്ചിന് നടക്കും.

കെ.പി.സി.സി പുനഃസംഘടനയ്ക്ക് കഴിഞ്ഞ രാഷ്ട്രീയകാര്യസമിതി തത്വത്തിൽ അംഗീകാരം നൽകിയിരുന്നു. അതിന്റെ വിശദാംശങ്ങളിലേക്കാണ് ഇനി കടക്കേണ്ടത്. ഹൈക്കമാൻഡുമായി ആലോചിച്ച് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇതിനായുള്ള നടപടികളെടുക്കും. വിശദ ചർച്ചകൾക്കായി ഈയാഴ്ച നേതാക്കൾ ഡൽഹിക്ക് പോകുന്നുണ്ട്.