തിരുവനന്തപുരം: ജീവിതത്തിലേക്കു തിരിച്ചുവരാൻ 24 മണിക്കൂർ മാത്രം ശേഷിച്ചിരുന്ന16കാരന് കരൾ മാറ്റിവയ്ക്കാൻ സർക്കാർ സഹായം നൽകും. കിംസ് ആശുപത്രിയിലെ വെന്റിലേറ്ററിൽ കഴിയുന്ന തിരുവനന്തപുരം മുട്ടയ്ക്കാട് സ്വദേശി ഉജ്ജ്വലിന് സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള സാമൂഹ്യസുരക്ഷാ മിഷന്റെ വീ കെയർ പദ്ധതിയിലുൾപ്പെടുത്തിയാണ് പണം ലഭ്യമാക്കുന്നത്. ചികിത്സ ഏറ്റെടുത്തുകൊണ്ടുള്ള കത്ത് സാമൂഹ്യ സുരക്ഷാ മിഷൻ ആശുപത്രിക്ക് കൈമാറി. 20 ലക്ഷം രൂപയാണ് ചെലവ് വരുന്നത്. ഇതിൽ അഞ്ച് ലക്ഷം പന്തളത്തെ ഒരു ചാരിറ്റബിൾ ട്രസ്റ്റ് വാഗ്ദാനം ചെയ്തു.
മരണത്തോട് മല്ലിടുന്ന ഉജ്ജ്വലിന്റെ ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താൻ കഴിയാതെ ആട്ടോ ഡ്രൈവറായ അച്ഛൻ സുരേന്ദ്രനും അമ്മ അമ്മിണിയും വലയുന്ന വാർത്ത കേരളകൗമുദി ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസ് ഇടപെട്ടു. പിന്നാലെ സമൂഹ്യസുരക്ഷാ മിഷൻ പണം അനുവദിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി. വൈകിട്ടോടെ മന്ത്രി കെ.കെ. ശൈലജയുടെ ഓഫീസിൽ നിന്ന് കുട്ടിയുടെ ബന്ധുക്കളെ ഇക്കാര്യം അറിയിച്ചു. ഇന്ന് രാത്രിയോടെ ശസ്ത്രക്രിയ നടക്കാനാണ് സാദ്ധ്യത.
പത്താം ക്ലാസിൽ 5 എ പ്ളസോടെ വിജയിച്ച ഉജ്ജ്വൽ തുടർ പഠനത്തിന് തയ്യാറെടുക്കുകയായിരുന്നു . മഞ്ഞപ്പിത്തം ബാധിച്ചാണ് കരൾ തകരാറിലായത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കരൾ മാറ്റിവയ്ക്കാൻ സംവിധാനമില്ലാത്തതിനാലാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.
കരൾ പകുത്ത് നൽകുന്നത്
ഉജ്ജ്വലിന്റെ അമ്മയുടെ സഹോദരി ലാലിമോളാണ് കരൾ പകുത്തു നൽകുന്നത്. ഇത് സംബന്ധിച്ച നിയമപരമായ നടപടികളാണ് കിംസ് ആശുപത്രി അധികൃതരും മെഡിക്കൽ ബോർഡും ചേർന്ന് ഇനി പൂർത്തീകരിക്കാനുള്ളത്.
"കരൾ മാറ്റിവയ്ക്കുന്നതിന് ആവശ്യമായ തുക ലഭ്യമാക്കും. ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട് നടപടികൾ വേഗത്തിലാക്കാൻ സാമൂഹ്യസുരക്ഷാ മിഷന് നിർദ്ദേശം നൽകി."
- കെ.കെ. ശൈലജ,
ആരോഗ്യവകുപ്പ് മന്ത്രി