നെടുമങ്ങാട്: വഴിയാത്രികരെ വെട്ടിക്കൊല, വാഹനം തടഞ്ഞ് ആഭരണ കവർച്ച, വീടുകളിലും റസ്റ്റാറന്റുകളിലും അതിക്രമം, ആളുമാറി കൈയേറ്റം...അരുവിക്കര, നെടുമങ്ങാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു വർഷത്തിനിടെ രജിസ്റ്റർ ചെയ്ത കേസുകൾ എഴുപത് ! ഇത് വഴയില - നെടുമങ്ങാട് റൂട്ടിലെ ആറാംകല്ല്, ഏണിക്കര, അഴിക്കോട് പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്ന പ്രധാന പ്രശ്നങ്ങളാണ്. അക്രമി സംഘങ്ങൾ അഴിഞ്ഞാടുമ്പോൾ രാത്രികാല യാത്രക്കാരും റോഡുവക്കിലെ താമസക്കാരും റസ്റ്റാറന്റ് നടത്തിപ്പുകാരും ഭീതിയിലാണ്. കുടിപ്പക തീർക്കാൻ കച്ചകെട്ടി ഇറങ്ങുന്ന ഗുണ്ടാ സംഘങ്ങളുടെ ഇടത്താവളമായി മാറിയിരിക്കുകയാണ് ഈ റൂട്ട്. ഇരുളിന്റെ മറവിൽ പതിയിരുന്ന് എതിരാളിയെ വകവരുത്തിയ സംഭവങ്ങൾ അനവധി. അടുത്തിടെ ആറാംകല്ല് ബസ് സ്റ്റോപ്പിൽ രണ്ടു പേരെ വെട്ടിക്കൊന്നത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇരുചക്ര വാഹനങ്ങളിൽ വരുന്നവരെ ആളുമാറി കൈയേറ്റം ചെയ്യുന്നതും തുടർക്കഥ. പൊലീസിന്റെ കണ്ണുവെട്ടിച്ച് സിറ്റിയിൽ നിന്നെത്തുന്ന ചില സംഘങ്ങളാണ് ഇവിടം കൈയടക്കിയിരിക്കുന്നതെന്ന് സ്ഥലവാസികൾ പറയുന്നു. മദ്യലഹരിയിൽ സ്വൈര്യ വിഹാരത്തിന് ഇവർ തിരഞ്ഞെടുക്കുന്നത് രാത്രികാല റസ്റ്റാറന്റുകളും ആളൊഴിഞ്ഞ ബസ് സ്റ്റോപ്പുകളുമാണ്. കുടുംബസമേതം ഭക്ഷണം കഴിക്കാൻ റസ്റ്റാറന്റിൽ എത്തുന്നവരെ പിന്തുടർന്ന് അസഭ്യം വിളിയും അപമാനിക്കലും പതിവാണ്. അന്താരാഷ്ട്ര വിമാനത്താവളത്തിലും തെങ്കാശിയിലും പോകാനെത്തുന്ന അന്തർസംസ്ഥാന യാത്രക്കാരാണ് ആക്രമണം നേരിടുന്നതിലേറെയും. ആഭരണവും പണവും പിടിച്ചു പറിക്കപ്പെടുന്നതു സംബന്ധിച്ചുള്ള പരാതികളും അനുദിനമേറുകയാണ്. ബന്ധു വീട്ടിൽപ്പോയി മടങ്ങിയ അരുവിക്കര സ്വദേശികളായ റിട്ട.ഉദ്യോഗസ്ഥ ദമ്പതികളെ അഴിക്കോടിന് സമീപം കാർ തടഞ്ഞ് മർദ്ദിച്ച് ആഭരണ കവർച്ച നടത്തിയത് വിവാദമായിരുന്നു.
പൊലീസിനു സംശയം ''അതിർത്തി ""
ആദ്യം മദ്യപിക്കാൻ ഇടം ചോദിച്ച് വരും. സമ്മതിച്ചില്ലെങ്കിൽ പരസ്പരം വാക്കേറ്റവും തമ്മിലടിയുമാണ്. ഹോട്ടൽ സാമഗ്രികൾ വലിച്ചെറിയും. തടയാൻ ശ്രമിച്ചാൽ ഉടമയെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തും. സർക്കാർ അംഗീകൃത വ്യാപാര ലൈസൻസും ആരോഗ്യ, തദ്ദേശ വകുപ്പുകളുടെ അനുവാദവും ഉണ്ടെങ്കിലും അംഗീകൃത റസ്റ്റാറന്റുകൾക്ക് നേരെയുള്ള അതിക്രമം ചെറുക്കാൻ പൊലീസ് തയാറാവുന്നില്ലെന്ന് ആക്ഷേപമുണ്ട്. വഴിയാത്രക്കാരെ ആക്രമിച്ച കേസുകളിലും അന്വേഷണം പാതിവഴിയിൽ അവസാനിപ്പിക്കുകയാണ് പതിവ്. സംഘർഷം ഉണ്ടായാൽ പൊലീസിനെ അറിയിച്ച് മണിക്കൂറുകളോളം കാത്തിരുന്നാലും ബന്ധപ്പെട്ടവർ എത്തില്ല. കരകുളം, അരുവിക്കര, നെടുമങ്ങാട് നഗരസഭ എന്നിവ അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലാണ് രാത്രികാല അതിക്രമങ്ങൾ പെരുകുന്നത്. ഈ മേഖലയിലെ കുറ്റകൃത്യങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ അരുവിക്കരയിൽ പൊലീസ് സ്റ്റേഷൻ ആരംഭിച്ച് വർഷങ്ങൾ പിന്നിട്ടെങ്കിലും അതിർത്തി തർക്കം ഉന്നയിച്ച് പൊലീസ് മൗനം പാലിക്കുകയാണെന്ന പരാതി ശക്തമാണ്.
പ്രതികരണം
--------------------
''അക്രമി സംഘങ്ങളിൽ നിന്ന് രാത്രികാല യാത്രക്കാരുടെയും കട നടത്തിപ്പുകാരുടെയും ജീവനും സ്വത്തിനും ഉറപ്പ് വരുത്തണം. പൊലീസ് നൈറ്റ് പട്രോളിംഗ് ഊർജ്ജിതമാക്കണം. അക്രമികൾക്ക് സൗകര്യമൊരുക്കുന്ന അനധികൃത തട്ടുകടകൾക്കെതിരെ തദ്ദേശ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നടപടിയെടുക്കണം''
---ജി. മധുസൂദനൻ (ഹോട്ടൽ ഉടമ, ആറാംകല്ല്)