തിരുവനന്തപുരം: ജൂൺ ഒന്നു മുതൽ കേരളത്തിൽ ജി.എസ്.ടിക്ക് പുറമെ ഒരു ശതമാനം പ്രളയസെസും നൽകണം. കേരളത്തിന് പുറത്തു നിന്ന് സാധനങ്ങൾ വാങ്ങിയാൽ സെസില്ല. ഇതുസംബന്ധിച്ച സർക്കാർ വിജ്ഞാപനം ഇന്നലെ പുറത്തിറങ്ങി. എത്രനാളത്തേക്കാണ് സെസ് എന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. രണ്ടുവർഷത്തേക്കാണെന്നാണ് അനൗദ്യോഗിക വിശദീകരണം. സർക്കാർ 600 കോടിയോളം രൂപയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സംസ്ഥാനത്തിനകത്ത് സാധനങ്ങൾ വാങ്ങുമ്പോൾ 5 മുതൽ 28 ശതമാനം വരെ കൂടുതൽ തുക ചരക്ക് സേവന നികുതിയായും വിലയുടെ ഒരു ശതമാനം പ്രളയസെസായും നൽകേണ്ടിവരും. ജീവൻരക്ഷാ വിഭാഗത്തിൽ പെട്ടതൊഴികെ മരുന്നുകൾക്കും ആഭരണങ്ങൾക്കും പായ്ക്ക് ചെയ്ത അരി, വെളിച്ചെണ്ണ, സോപ്പ് തുടങ്ങി ഒട്ടുമിക്ക സാധനങ്ങൾക്കും പ്രളയസെസ് നൽകേണ്ടിവരും. മാർബിൾ, സിമന്റ്, കമ്പി എന്നിവയ്ക്കും ബാങ്ക് ഡ്രാഫ്റ്റ്, ടെലിഫോൺ ചാർജ്, ട്യൂഷൻ ഫീസ് തുടങ്ങിയവയ്ക്കും സെസ് ബാധകമായിരിക്കും.
വ്യാപാരികൾ ചെയ്യേണ്ടത്
അതത് മാസത്തെ പ്രളയസെസ് വിവരങ്ങൾ ഫോറം നമ്പർ കെ.എഫ്.സി- എ കേരള ഫ്ളഡ് സെസ് റൂൾസ് 2019 ൽ ചേർത്ത് www.keralataxes.gov.in എന്ന വെബ്സൈറ്റ് വഴി സമർപ്പിക്കണം. കോമ്പൗണ്ടിംഗ് സ്വീകരിച്ചിട്ടുള്ള വ്യാപാരികളും ഹോട്ടലുകളും റെസ്റ്റോറന്റുകളും കോമ്പൗണ്ടിംഗ് സ്വീകരിച്ചിട്ടുണ്ടെന്നും നികുതി ഈടാക്കുന്നതല്ലെന്നും കൗണ്ടറിന് മുന്നിൽ പ്രദർശിപ്പിക്കണം
ഒഴിവാക്കപ്പെട്ടവ
അഞ്ച് ശതമാനം വരെ നികുതി കൊടുക്കുന്ന ഭക്ഷ്യ ഉത്പന്നങ്ങൾ, കൈത്തറി, കയർ
1.5 കോടി രൂപ വരെ വാർഷിക വിറ്റുവരവുള്ള കോമ്പൗണ്ടിംഗ് നികുതി സമ്പ്രദായം സ്വീകരിച്ചിട്ടുളള വ്യാപാരശാലകൾ, ഹോട്ടലുകൾ
വിലകൂടുന്നവ
സ്വർണം, വെള്ളി ആഭരണങ്ങൾ, ഉണക്കിയ പഴവർഗങ്ങൾ, നെയ്യ്, പാക്ക് ചെയ്ത ഇറച്ചി ഉത്പന്നങ്ങൾ, പാക്ക് ചെയ്ത ഭക്ഷണ പദാർത്ഥങ്ങൾ, അച്ചാറുകൾ, സോസുകൾ, ജാം, ജ്യൂസ്, സ്ക്വാഷ്, കുപ്പികളിലാക്കിയ പാനീയങ്ങൾ, ബാൾ പേന, മഷി, മെഴുകുതിരി, ഫിലിം, ഫീഡിംഗ് ബോട്ടിൽ, മെഡിക്കൽ പരിശോധനാ ഉപകരണങ്ങൾ, കെമിക്കലുകൾ, പഞ്ചസാര, കാപ്പി, തേയില, ഹെയർ ഒായിൽ, സോപ്പ്, ഷാംപു, കമ്പ്യൂട്ടർ അനുബന്ധ ഉത്പന്നങ്ങൾ, കാർ, എ.സി, ഫാൻ, ഫ്രിഡ്ജ്.