തിരുവനന്തപുരം: ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ തിരിച്ചടിച്ചെന്ന സി.പി.എം വിലയിരുത്തൽ നവോത്ഥാന മൂല്യസംരക്ഷണ സമിതിയെ ആശയക്കുഴപ്പത്തിലാക്കി. മുഖ്യമന്ത്രി മാത്രം മുൻ നിലപാടിൽ ഉറച്ചുനിൽക്കുകയും സി.പി.എമ്മിലെ മറ്റ് നേതാക്കൾ പിന്നാക്കം പോവുകയും ചെയ്യുന്നതാണ് സമിതിയെ ചൊടിപ്പിച്ചത്.
നവോത്ഥാനം പോലുള്ള സാമൂഹ്യ വിപ്ലവങ്ങളെ കേവലം പാർലമെന്ററി രാഷ്ട്രീയത്തിലെ ജയപരാജയങ്ങളെ നോക്കി അളക്കുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് നവോത്ഥാന മൂല്യസംരക്ഷണ സമിതി കൺവീനർ പുന്നല ശ്രീകുമാർ അടക്കമുള്ളവർ. ഇതിനെതിരെ അവർ പരസ്യമായ അതൃപ്തി പ്രകടിപ്പിച്ചു കഴിഞ്ഞു. സംസ്ഥാന സമിതി യോഗം വൈകാതെ വിളിച്ചുചേർത്ത് ഭാവി പരിപാടികൾ ആലോചിക്കും.
ശബരിമലയിൽ സി.പി.എം നിലപാട് തിരുത്തിയാൽ നവോത്ഥാന മൂല്യസംരക്ഷണസമിതി തുടരുന്നതിൽ അർത്ഥമില്ലെന്ന് നേതാക്കൾ പറയുന്നു. അതേസമയം, ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറച്ച നിലപാടുകളെ അവർ പ്രതീക്ഷയോടെ ഉറ്റുനോക്കുകയുമാണ്.
തിരഞ്ഞെടുപ്പിൽ ശബരിമല ഒരു ഘടകമേ ആയിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ, കനത്ത തോൽവിക്ക് ശേഷം സി.പി.എം നേതാക്കൾ പലരും ഒളിഞ്ഞും തെളിഞ്ഞും നിലപാട് മാറ്റി. കനത്ത പരാജയത്തിന് ശബരിമലയും കാരണമായെന്ന് അവർ പറഞ്ഞു. വിശ്വാസികളിൽ ഒരു വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കാൻ ചിലർ ശ്രമിച്ചെന്ന വിലയിരുത്തലാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് നടത്തിയത്.
മുഖ്യമന്ത്രി കൂടി മുൻകൈയെടുത്ത് രൂപീകരിച്ചതാണ് നവോത്ഥാന മൂല്യസംരക്ഷണ സമിതി. സ്ത്രീക്കും പുരുഷനും തുല്യനീതി ഉറപ്പാക്കുന്ന സുപ്രീംകോടതി വിധിക്കെതിരെ പോലും വിശ്വാസത്തിന്റെ പേരിൽ എതിർപ്പുയരുന്നതും അത് വിജയിക്കുന്നതും സമൂഹത്തെ പിറകോട്ട് നയിക്കുമെന്നാണ് സമിതിയുടെ വിലയിരുത്തൽ. അതിന് കീഴ്പ്പെടുന്നത് കേരളം പോലൊരു സമൂഹത്തിന് ഒട്ടും ആശാസ്യമല്ല.
വനിതാമതിൽ ഒരുക്കി ആരെയാണോ പ്രതിരോധിച്ചത്, അവർ വിജയിച്ചെന്ന് വന്നാൽ പിന്നെ അത്തരം പ്രതിരോധങ്ങൾക്കെന്ത് പ്രസക്തി എന്നാണ് ചോദ്യം.
നവോത്ഥാന മൂല്യസംരക്ഷണ സമിതിയുടെ നേതാക്കളെയും മുഖ്യമന്ത്രി ഇന്ന് ഇഫ്താർ വിരുന്നിന് ക്ഷണിച്ചിട്ടുണ്ട്. സമിതിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഇന്ന് ചർച്ചയൊന്നും നടക്കാനിടയില്ലെങ്കിലും അടുത്ത ദിവസം തന്നെ യോഗം ചേരുന്നതിനെപ്പറ്റി അവർ ആലോചിക്കും.