കൊല്ലം എസ്.എൻ കോളേജിൽ പഠിക്കുന്ന കാലത്ത് അന്നത്തെ കെ.എസ്.യുക്കാരനായ രാജ്മോഹൻ ഉണ്ണിത്താൻ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയത് ഇന്നത്തെ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിയെ. ശേഷം ബേബി രാജ്യസഭാ എം.പിയായി , എം.എൽ.എയായി, മന്ത്രിയായി . പക്ഷേ, രാജ്മോഹൻ മന്ത്രിയായത് സിനിമയിൽ മാത്രം. എന്നാലിപ്പോൾ മുന്ന് പതിറ്റാണ്ടിലേറെയായി ഇടതുകോട്ടയാക്കി സി.പി.എം കൈവശം വച്ചിരുന്ന കാസർകോട് സീറ്റ് പിടിച്ചെടുത്തുകൊണ്ട് വീരനായിരിക്കുന്നു. കാത്തിരുന്ന് കിട്ടിയ നേട്ടത്തെക്കുറിച്ച്, അതിനു വേണ്ടി നടത്തിയ പോരാട്ടത്തെക്കുറിച്ച്, പിന്നിട്ട വഴികളിലെ ചതികളെക്കുറിച്ച് മാത്രമല്ല പുതിയ തീരുമാനത്തെക്കുറിച്ചും ഉണ്ണിത്താൻ സംസാരിച്ചു.
അദ്ഭുത വിജയം എങ്ങനെ കൈവരിച്ചു ?
ഇടതുപക്ഷത്തിന്റെ കോട്ടകൊത്തളങ്ങൾ ഇടിച്ചുനിരത്തിയാണ് വൻ ഭൂരിപക്ഷത്തോടെ ഞാൻ വിജയിച്ചത്. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നുള്ള അതിശക്തമായ അടിയൊഴുക്ക് എനിക്ക് അനുകൂലമായി. എനിക്കു വേണ്ടി പ്രവർത്തിച്ചതിന്റെ പേരിൽ മഞ്ചേശ്വരത്ത് രണ്ട് ബ്രാഞ്ച് സെക്രട്ടറിമാരെ പുറത്താക്കിയത് എല്ലാവരും കണ്ടതാണ്. നാട്ടുകാരനെക്കാൾ സ്വീകാര്യത കമ്മ്യൂണിസ്റ്റുകാരിൽ നിന്ന് എനിക്കുണ്ടായി. അതിനു പ്രധാനപ്പെട്ട ഘടകം കല്ല്യാട്ടു നടന്ന കൊലപാതകമാണ്. ആ രണ്ടു കുഞ്ഞുങ്ങൾ ആ പ്രദേശത്തിന്റെ രോമാഞ്ചമായിരുന്നു. നരേന്ദ്രമോദി സർക്കാരിന്റെ വീഴ്ചകളെ ചർച്ചാവിഷയമാക്കാതെ എൽ.ഡി.എഫ് ന്യൂനപക്ഷങ്ങളിൽ മോദിപ്പേടി വളർത്തിയെടുത്തു. മോദിപ്പേടിയിൽ നിന്നും ഞങ്ങളെ രക്ഷിക്കാൻ കോൺഗ്രസിനേ കഴിയുകയുള്ളു എന്ന് തിരിച്ചറിഞ്ഞവർ എനിക്ക് വോട്ടു ചെയ്തു. ശബരിമല വിഷയം വോട്ടായി മാറി. ഞാൻ തെയ്യവും പൂരവും കാണാൻ പോയപ്പോൾ അവിടത്തെ അമ്മമാർ എന്നോട് പറഞ്ഞു ശബരിമല കാരണം ഇത്തവണ പാർട്ടി നോക്കാതെ നിങ്ങൾക്ക് വോട്ടു ചെയ്യും. ഇത്തവണ ബി.ജെ.പി അവർക്ക് കിട്ടാനുള്ള മുഴുവൻ വോട്ടും പിടിച്ചു. കഴിഞ്ഞ തവണത്തെക്കാൾ രണ്ടായിരം വോട്ട് അധികം.
വോട്ടുതേടി ഒരു വീട്ടിൽ ചെന്നപ്പോൾ നിങ്ങൾ ചാനൽ ചർച്ചയിൽ എത്തിയാൽ അത് തീർന്നിട്ടല്ലാതെ ഭാര്യ അത്താഴം വിളമ്പത്തില്ല എന്ന് ഗൃഹനാഥൻ പറഞ്ഞു. ഏറെക്കാലത്തിനു ശേഷമാണ് ഒരു ഹിന്ദു സ്ഥാനാർത്ഥിയെ യു.ഡി.എഫ് അവിടെ അവതരിപ്പിക്കുന്നത്. എന്നെ ദത്തെടുത്തതു പോലെയാണ് മുസ്ലിംലീഗുകാർ പ്രവർത്തിച്ചത്. രാജ് മോഹൻ ഉണ്ണിത്താൻ ജയിച്ചാൽ ബി.ജെപിയിൽ പോകുമെന്ന വിവരദോഷം സി.പി.എം പ്രവർത്തകർ മുസ്ലിം വീടുകളിൽ കയറി പറഞ്ഞു. ഞാൻ മറുപ്രചാരണം നൽകി. എനിക്കെതിരെ രണ്ട് കേസുണ്ട് ഒന്നിൽ എതിർകക്ഷി ശശികലയും മറ്റേ കേസിൽ ശോഭാസുരേന്ദ്രനുമാണ്. ഇത് ഞാൻ പത്രപരസ്യമായി കൊടുത്തത് പ്രചരിപ്പിച്ചു.
മുൻ തിരഞ്ഞെടുപ്പുകളിൽ സംഭവിച്ചത്?
എനിക്ക് ആദ്യം തന്നത് തലശ്ശേരി, പിന്നെ കൊല്ലം ചോദിച്ചപ്പോൾ കുണ്ടറ തന്നു. പാർട്ടിക്ക് സ്വാധീനം ഇല്ലാത്ത ജയിക്കാൻ സാധിക്കാത്ത മണ്ഡലങ്ങളാണ്. വിഷമം തോന്നിയെങ്കിലും ഞാൻ ഫൈറ്റ് ചെയ്തു.
തലശ്ശേരിയിൽ 40,000ൽ കൂടുതൽ ഭൂരിപക്ഷം കിട്ടുന്നിടത്ത് കോടിയേരിയെ പതിനായിരത്തിനു താഴേക്കു കൊണ്ടു വന്നില്ലേ. കുണ്ടറയിൽ ഞാൻ ജയിക്കുമെന്നു കണ്ടപ്പോൾ ജയിക്കണ്ട എന്ന് നമ്മുടെ ആളുകൾ തന്നെ തീരുമാനിച്ചാൽ എന്തു ചെയ്യാൻ പറ്റും. ഷാനിമോൾ ഉസ്മാൻ തോൽക്കാൻ കാരണം അന്വേഷിച്ചു നോക്കൂ, ഇതേ കാരണം കണ്ടെത്താൻ കഴിയും.
2009 ൽ രമേശ് ചെന്നിത്തല എനിക്ക് പാലക്കാട് സീറ്റ് തന്നതാണ്. അന്ന് സീറ്റ് നിരസിക്കാതിരുന്നുവെങ്കിൽ ഇപ്പോൾ എം.പി എന്ന നിലയിൽ 10 കൊല്ലം പിന്നിട്ടേനെ. ഇനിയും മലബാറിലേക്കു പോകാതെ കാത്തിരുന്നാൽ ജീവിതത്തിൽ പാർലമെന്ററി മോഹങ്ങൾ പൂവണിയില്ലെന്നു മനസിലാക്കിയാണ് ഞാൻ വണ്ടി കയറിയത്.
തിരിച്ചടികളുടെ ഫ്ളാഷ് ബാക്ക് ഓർക്കുമ്പോൾ?
രാഷ്ട്രീയത്തിൽ എനിക്കൊരുപാട് പീഡാനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതൊന്നും ഒരിക്കലും മറക്കാനാകില്ല. മുണ്ടുപറിക്കലായാലും എന്തായാലും. ലീഡർ കെ.കരുണാകരനുമായി വിട പറഞ്ഞതിനു ശേഷം ഞാൻ ഒരു ഗ്രൂപ്പിലുമില്ല. ഗ്രൂപ്പ് രാഷ്ട്രീയത്തിനു വേണ്ടി ഇനിയൊരു ചാവേറാകാനില്ല. ആപത്തുകളുണ്ടായപ്പോൾ സംരക്ഷിക്കാൻ ആരുമുണ്ടായില്ല. തള്ളിപ്പറയാനേ ഉണ്ടായിരുന്നുള്ളൂ. വേദനകൾ കടിച്ചമർത്തി പലരാത്രികളിലും ഞാൻ കരഞ്ഞിട്ടുണ്ട്. ഈശ്വരചിന്തയിൽ അഭയം തേടി.
കെ.മുരളീധരനുമായി ഇപ്പോഴുള്ള ബന്ധം?
ഇനി ഈ ജന്മം ആരുമായിട്ടും യുദ്ധത്തിന് ഞാനില്ല. പലരും പലരെയും ആക്രമിക്കാനുള്ള ചട്ടുകമായി എന്നെ ഉപയോഗിച്ചിട്ടുണ്ട്. അതൊക്കെ ഞാൻ മനസിലാക്കിയിട്ടുണ്ട്. ഇനി ആരുടെയും ശത്രുവായി നിന്നു കൊടുക്കാനില്ല. ഇപ്പോൾ ഞാൻ ജനകീയ നേതാവാണ്. ഇനി എന്നെ ജയിപ്പിച്ചവരോടുള്ള കടപ്പാട് നിറവേറ്റുകയാണ് ലക്ഷ്യം. ആരെങ്കിലും യുദ്ധം ചെയ്യാൻ വന്നാലും ഞാൻ ഒഴിഞ്ഞു മാറും. കാസർകോട്ടെ ജനങ്ങളുടെ നന്മയ്ക്കു വേണ്ടി, വികസനത്തിനു വേണ്ടി പ്രവർത്തിക്കും.
മുല്ലപ്പളളി രാമചന്ദ്രനു കീഴിൽ കോൺഗ്രസ് സംസ്ഥാനത്ത് ശക്തിയാർജ്ജിക്കുമോ?
1978ൽ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായിരിക്കുമ്പോൾ അദ്ദേഹത്തിന്റെ ജനറൽ സെക്രട്ടറിമാരിൽ ഒരാളായിരുന്നു ഞാൻ. സംശുദ്ധമായ രാഷ്ട്രീയ സംസ്കാരത്തിന്റെ പ്രതീകമാണദ്ദേഹം. എന്നെക്കാളേറെ പീഡനങ്ങൾ നേരിട്ട ആളാണ്. ഇന്നുവരെ തന്റെ തൂവെള്ള വസ്ത്രത്തിൽ ഒരു കറുത്തപാട് വീഴാൻ അദ്ദേഹം അനുവദിച്ചിട്ടില്ല. അത്തരം രാഷ്ട്രീയക്കാർക്ക് ഇന്നത്തെ സമൂഹത്തിൽ സ്ഥാനമില്ല. ഇന്ന് പലരും രാഷ്ട്രീയ ഉപജീവനവും ഉദരപൂർവമാക്കി മാറ്റി. ഇന്ന് കോൺഗ്രസിനെക്കാൾ പലർക്കും സ്നേഹം അവർക്ക് സ്ഥാനമാനങ്ങൾ വിതരണം ചെയ്യുന്ന വ്യക്തിയോടാണ്. ഇത് മാറണം. ചുവരുണ്ടെങ്കിലേ ചിത്രം ഉള്ളൂ എന്ന് കോൺഗ്രസ് പ്രവർത്തകർ മനസിലാക്കണം. മുല്ലപ്പള്ളി രാമചന്ദ്രന് കെ.പി.സി.സി പ്രസിഡന്റെന്ന നിലയിൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയണം.
കേന്ദ്രത്തിൽ ഭരണം നേടാൻ ഇത്തവണയും ആയില്ലല്ലോ?
രാഹുൽഗാന്ധി ഒറ്റയാൾ പോരാട്ടമാണ് നടത്തിയത്. പ്രധാനമന്ത്രിയെ ചൗക്കീദാർ ചോർ എന്ന് രാഹുൽ പറഞ്ഞപ്പോൾ അത് ഏറ്റുപറയാൻ ഒരാളും ഉണ്ടായിരുന്നില്ല. അതാണ് പ്രിയങ്ക ചോദിച്ചത്. ഡൽഹിയിൽ മാത്രമല്ല, എല്ലാ സംസ്ഥാനത്തും പാളയത്തിൽ പട എന്ന അവസ്ഥയാണ്.