vld-1-

വെള്ളറട: അമ്പൂരി ഗ്രാമപഞ്ചായത്തിലെ കുട്ടമല, പുറത്തിപ്പാറ, വാഴിച്ചൽ പ്രദേശങ്ങളിൽ ഇന്നലെ വൈകിട്ട് 6.30ഓടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശം. 10 മിനിട്ട് നീണ്ടുനിന്ന ശക്തമായ കാറ്റിൽ എട്ടോളം വീടുകളും നിരവധി കൃഷിയിടങ്ങളും നശിച്ചു. വൃക്ഷങ്ങൾ കടപുഴകിയാണ് വീടുകൾ തകർന്നത്. കുട്ടമല പ്രദേശത്തെ വാഹന ഗതാഗതവും തടസപ്പെട്ടു. കനത്തെ മഴയെ തുടർന്ന് മേഖലയിലെ വൈദ്യുതി ബന്ധവും തകർന്നിട്ടുണ്ട്. നെയ്യാർഡാമിൽ നിന്നെത്തിയ ഫയർഫോഴ്സ് മരം മുറിച്ചുനീക്കിയ ശേഷമാണ് ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിഞ്ഞത്. വാഴിച്ചൽ ജംഗ്ഷനിൽ ലോഡ് കയറ്റുകയായിരുന്ന ലോറിക്കു മുകളിൽ മരംവീണ് തൊഴിലാളികൾക്ക് പരിക്കേറ്റു. വാഴിച്ചൽ സ്വദേശികളായ സുരേഷ്, സോമൻ, ശാന്ത എന്നിവരുടെ വീടുകൾ പൂർണമായും തകർന്നു. കുട്ടമല ഗവ. സ്‌കൂളിനു സമീപം നിരവധി വൃക്ഷങ്ങൾ റോഡിൽ കടപുഴകി. ഇവിടെയും മണിക്കൂറുകളോളം ഗതാഗതം സ്‌തംഭിച്ചു. വാഴിച്ചൽ മാർക്കറ്റിനുള്ളിലെ നിരവധി മരങ്ങളും ശക്തമായ കാറ്റിൽ നിലംപൊത്തി. അമ്പൂരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജിയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു.