pls

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ഒന്നാം വർഷ പ്രവേശനത്തിന് 20 ശതമാനം സീറ്റ് വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. എല്ലാ ബാച്ചുകളിലും 10 വിദ്യാർത്ഥികളെ വീതം അധികമായി പ്രവേശിപ്പിക്കാൻ ഇതുവഴി കഴിയും. ആകെ 62000 കുട്ടികളെ അധികമായി പ്രവേശിപ്പിക്കാം. നിലവിൽ 3,60,000 സീറ്റാണുള്ളത്.
ആദ്യ അലോട്ട്‌മെന്റിന്റെ ഭാഗമായി തന്നെ സീറ്റു വർദ്ധനയ്ക്ക് മന്ത്രി സി. രവീന്ദ്രനാഥ് ശ്രമിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തടസമായി. നിയന്ത്രണം നീക്കിയതിന് പിന്നാലെ സീറ്റ് വർദ്ധിപ്പിച്ച് ഉത്തരവാവുകയായിരുന്നു. രണ്ടാം അലോട്ടുമെന്റിൽ വർദ്ധിപ്പിച്ച സീറ്റ് ഉൾപ്പെടുത്തില്ല. അതിനുശേഷം സ്‌കൂൾ കോമ്പിനേഷൻ ട്രാൻസ്ഫറിലും സപ്ലിമെന്ററികളിലും അധിക സീറ്റ് ഉൾപ്പെടുത്തും.

മൈനോറിട്ടി സ്റ്റാറ്റസുള്ള ഹൈസ്‌കൂളുകളുടെ ഹയർ സെക്കൻഡറി വിഭാഗത്തിൽ 20 ശതമാനം കമ്മ്യൂണിറ്റി ക്വോട്ട സീറ്റുകളിൽ ഒന്നാം വർഷ പ്രവേശനം നടത്താനും സർക്കാർ അനുമതിയായി. മൈനോറിട്ടി സ്റ്റാറ്റസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഈ അദ്ധ്യയനവർഷം തന്നെ ഹാജരാക്കണമെന്ന വ്യവസ്ഥയിലാണ് അനുമതി.


ബാച്ചുകൾ സ്‌കൂൾ മാറ്റി നൽകും

വിദ്യാർത്ഥികളില്ലാതെ ഭൂരിഭാഗം സീറ്റുകളും ഒഴിഞ്ഞുകിടക്കുന്ന ഹയർ സെക്കൻഡറി ബാച്ചുകൾ സ്‌കൂൾ മാറ്റി നൽകുന്നതിനുള്ള ശുപാർശ സമർപ്പിക്കാൻ ഹയർ സെക്കൻഡറി ഡയറക്ടറെ സർക്കാർ ചുമതലപ്പെടുത്തി. കഴിഞ്ഞ വർഷം ഇത്തരത്തിൽ എട്ടു ബാച്ചുകൾ കുട്ടികൾ കൂടുതലുള്ള ജില്ലകളിലേക്ക് മാറ്റി നൽകിയിരുന്നു. ഈ വർഷം കുട്ടികൾ കുറവുള്ള ബാച്ചുകളും അവ ഏത് ജില്ലയിലെ ഏതെല്ലാം സ്‌കൂളുകളിലേക്ക് മാറ്റി നൽകണമെന്നും കണ്ടെത്താനുള്ള നടപടി ആരംഭിച്ചതായി ഹയർ സെക്കൻഡറി ജോയിന്റ് ഡയറക്ടർ ഡോ. പി.പി. പ്രകാശൻ അറിയിച്ചു. ശുപാർശ അതിവേഗം സമർപ്പിക്കും.