pinarayi
pinarayi vijayan

തിരുവനന്തപുരം: മനുഷ്യപക്ഷമെന്നാൽ ഇടതുപക്ഷമാണെന്നു വിശ്വസിച്ച കവിയാണ് ഒ.എൻ.വി.കുറുപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒ.എൻ.വി കൾച്ചറൽ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഒ.എൻ.വി.യുടെ 88-മത് ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒ.എൻ.വി സാഹിത്യ പുരസ്‌കാരം മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് മുഖ്യമന്ത്രി സമ്മാനിച്ചു.

തുഞ്ചൻ പറമ്പിന്റെ മാതൃകയിൽ തലസ്ഥാനത്ത് ഒ.എൻ.വി മ്യൂസിയം സ്ഥാപിക്കാൻ അഞ്ചു കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. ചാഞ്ചല്യമില്ലാതെ എന്നും ഇടതുപക്ഷത്തു നിലയുറപ്പിച്ച് കവിതയിലൂടെ അദ്ദേഹം നവോത്ഥാത്തിന്റെ വെളിച്ചം പടർത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാഷ്ട്രീയ പശ്ചാത്തലമുള്ള കവിയായ അക്കിത്തം ഒരു ഘട്ടത്തിൽ പ്രതിലോമ ശക്തികൾക്കൊപ്പമാണെന്ന് സംശയിക്കുന്ന നിലയുണ്ടായി. എന്നാൽ ഇടതുപക്ഷത്തെ നിരാകരിക്കാൻ തനിക്കു സാധിക്കില്ലെന്ന് പിന്നീട് അദ്ദേഹം തന്നെ വിശദീകരിച്ചെന്നും അക്കിത്തത്തിന് ഒ.എൻ.വി പുരസ്‌കാരം സമ്മാനിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

കവി പ്രഭാവർമ്മ പ്രശസ്‌തി പത്രം വായിച്ചു. ഒ.എൻ.വി യുവസാഹിത്യ പുരസ്‌കാരം അനഘ കോലോത്തിന് മുഖ്യമന്ത്രി സമ്മാനിച്ചു. കവി സച്ചിദാനന്ദൻ ഒ.എൻ.വി അനുസ്‌മരണ പ്രഭാഷണം നടത്തി.സി.രാധാകൃഷ്ണൻ പുരസ്‌കാര ജേതാക്കളെ പരിചയപ്പെടുത്തി. ഡോ.എസ്.ശ്രീദേവി,​ അടൂർ ഗോപാലകൃഷ്ണൻ,​ അക്കിത്തത്തിന്റെ മകൻ നാരായണൻ,​ കവയിത്രി സുഗതകുമാരി,​ ഒ.എൻ.വിയുടെ പത്നി സരോജിനി, ജി.രാജ‌്മോഹൻ തുടങ്ങിയവർ പങ്കെടുത്തു.