university-college

തിരുവനന്തപുരം: കോളേജ് എഡ്യൂക്കേഷൻ ഡയറക്ടർ ഹരിത വി. കുമാർ വിളിച്ചുചേർത്ത യോഗത്തിൽ യൂണിവേഴ്‌സിറ്റി കോളേജിലെ പഠനാന്തരീക്ഷത്തെക്കുറിച്ച് പരാതിയുമായി രക്ഷാകർത്താക്കൾ. വിദ്യാർത്ഥികളുടെ അമ്മമാരാണ് കൂടുതലും പരാതികൾ ഉന്നയിച്ചത്. പഠനാന്തരീക്ഷം മോശമാണെന്നാരോപിച്ച് ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തെ തുടർന്നാണ് വിവര ശേഖരണത്തിനായി രക്ഷാകർത്താക്കളുടെയും അദ്ധ്യാപകരുടെയും യോഗം വിളിച്ചത്.

അദ്ധ്യാപകർ പഠിപ്പിക്കുമ്പോൾ വിദ്യാർത്ഥി സംഘടനാ നേതാക്കൾ നിർബന്ധപൂർവം വിദ്യാർത്ഥികളെ വിളിച്ചിറക്കി കൊണ്ട് പോകും. ഇത് കാരണം പലപ്പോഴും അദ്ധ്യാപകർ ക്ലാസെടുക്കാൻ എത്തുന്നില്ല. എസ്.എഫ്.ഐയും അദ്ധ്യാപകരും തമ്മിലുള്ള ഈ ശീതസമരം കാരണം കുട്ടികൾ ചെകുത്താനും കടലിനും നടുവിലാണെന്ന് രക്ഷാകർത്താക്കൾ ആരോപിച്ചു. സമരവും മറ്റ് പരിപാടികളും കാരണം കുട്ടികളുടെ ഹാജർ നഷ്ടപ്പെടുകയാണ്. കോളേജിൽ കുട്ടികൾക്ക് ക്ലാസിലിരിക്കാനാവാത്ത അവസ്ഥയാണെന്നായിരുന്നു പൊതുവിലുയർന്ന അഭിപ്രായം. കണിയാപുരത്തുള്ള ഒരു കുട്ടിയെ നേതാക്കൾ അടിച്ച് അവശനാക്കി. നിരന്തരമായ ആക്രമണങ്ങളും പീഡനങ്ങളും കാരണം ഈ കുട്ടി പഠിത്തം നിറുത്തിപ്പോയെന്നും രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയുടെ രക്ഷാകർത്താവ് ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികൾക്കിടയിൽ ജനാധിപത്യപരമായ ബോധവത്കരണം നടത്തണമെന്നും ബിരുദ വിദ്യാർത്ഥിനയുടെ രക്ഷാകർത്താവ് ആവശ്യപ്പെട്ടു. രാത്രി എട്ടിന് ശേഷം കോളേജ് കാമ്പസ് കേന്ദ്രീകരിച്ച് ഒരു കോക്കസ് പ്രവർത്തിക്കുന്നുണ്ട്. 12 മണിക്ക് വന്നാലും കോളേജിൽ പഠിക്കാത്ത പുറത്ത് നിന്നുള്ള സംഘത്തിൽ പെട്ടവരെ കാണാം.

മുൻ വിദ്യാർത്ഥികളും സംഘത്തിലുണ്ട്. കൂടാതെ കുറിപ്പുകൾ വച്ച് പരീക്ഷ എഴുതുന്നുണ്ട്. ഇത് കണ്ടെത്താൻ പരീക്ഷാ ഹാളുകളിൽ കാമറ സ്ഥാപിക്കണം. 3600 ഓളം കുട്ടികൾ പഠിക്കുന്ന കോളേജിൽ അദ്ധ്യാപക - രക്ഷാകർതൃ സമിതിയില്ലെന്നും രക്ഷാകർത്താക്കൾ ചൂണ്ടിക്കാട്ടി. വൈകിട്ട് അദ്ധ്യാപകരുടെ യോഗവും ഡയറക്ടർ വിളിച്ചിരുന്നു. വിദ്യാർത്ഥിനി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ കൊളീജിയറ്റ് എഡ്യൂക്കേഷൻ ഡയറ്കടർ പ്രാഥമിക റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിരുന്നു. വിശദമായ റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് രക്ഷാകർത്താക്കളുടെയും അദ്ധ്യാപകരുടെയും യോഗം വിളിച്ചത്.