fishing

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ജൂൺ ഒമ്പതിന് ആരംഭിക്കുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു. ട്രോളിംഗ് സംബന്ധിച്ച് സർക്കാർ വിളിച്ചുചേർത്ത മത്സ്യത്തൊഴിലാളി പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജൂലൈ 31വരെ നീണ്ടു നിൽക്കുന്ന 52 ദിവസത്തെ ട്രോളിംഗ് നിരോധനമാണ് നടപ്പാക്കുന്നത്. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ നിരോധനത്തിന്റെ ഭാഗമായി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. നിരോധന കാലയളവിൽ പരിശീലനം പൂർത്തിയാക്കിയ 80 മത്സ്യത്തൊഴിലാളി യുവാക്കൾ കടൽ സുരക്ഷാ സേനാംഗങ്ങളായി പ്രവർത്തിക്കും. അന്യസംസ്ഥാന ബോട്ടുകൾ ട്രോളിംഗ് നിരോധനം തുടങ്ങുന്നതിനു മുമ്പ് തീരം വിട്ടു പോകും. കടൽ സുരക്ഷയുടെയും തീരസുരക്ഷയുടെയും ഭാഗമായി എല്ലാ മത്സ്യത്തൊഴിലാളികളുടെയും ബയോമെട്രിക് ഐ.ഡി. കാർഡ് കൈയിൽ കരുതേണ്ടതാണ്. ഇൻബോർഡ് വള്ളങ്ങൾക്ക് ഡീസൽ ലഭ്യമാക്കുന്നതിന് മത്സ്യഫെഡിന്റെ തിരഞ്ഞെടുത്ത ഡീസൽ ബങ്കുകൾ നിബന്ധനകളോടെ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.