world-cup-cricket
world cup cricket

ലണ്ടൻ : ലോകം വീണ്ടും ക്രിക്കറ്റിന്റെ ലഹരിയിലേക്ക് നീങ്ങുകയാണ്. ക്രിക്കറ്റ് രൂപംകൊണ്ട ഇംഗ്ളണ്ടിലാണ് ഇക്കുറി ലോകകപ്പിന് അരങ്ങൊരുങ്ങിയിരിക്കുന്നത്. ട്വന്റി-20യുടെ പൂരക്കാഴ്ചകളിലേക്ക് ക്രിക്കറ്റ് ഒതുങ്ങിയിട്ടില്ല എന്ന് തെളിയിക്കുന്നതാണ് ഈ ഏകദിന ഫോർമാറ്റിലെ ലോകകപ്പിനായുള്ള ആരാധകരുടെ ആവേശക്കാത്തിരിപ്പ്.

കഴിഞ്ഞ കുറച്ച് എഡിഷനുകളിലായി കണ്ടിരുന്ന രൂപത്തിലാവില്ല ഈ ലോകകപ്പ് കാണികൾക്ക് മുന്നിലെത്തുക. ഇക്കുറി ഗ്രൂപ്പ് അടിസ്ഥാനത്തിലെ പ്രാഥമിക റൗണ്ട് മത്സരങ്ങളും ക്വാർട്ടറും ഫൈനലുമുണ്ടാവില്ല പകരം 1992ൽ അവസാനമായി പരീക്ഷിച്ച റൗണ്ട് റോബിൻ ലീഗിലേക്ക് മാറുകയാണ്.

10 ടീമുകളാണ് ഇക്കുറി ലോകകപ്പിനുള്ളത്. ഈ ടീമുകൾ ഓരോന്നും എല്ലാവരുമായും മത്സരിക്കണം. പ്രാഥമിക റൗണ്ടിൽ ഒരു ടീമിന് ഒൻപത് മത്സരങ്ങളാണുള്ളത്. അങ്ങനെ 45 മത്സരങ്ങൾ പ്രാഥമിക റൗണ്ടിൽ. ഇതിൽ നിന്ന് പോയിന്റ് നിലയിൽ മുന്നിലെത്തുന്ന നാല് ടീമുകൾ സെമിയിലേക്ക്. ജൂലായ് 14ന് നടക്കുന്ന ഫൈനൽ ഉൾപ്പെടെ 48 മത്സരങ്ങളാണ് ഈ ലോകകപ്പിലുള്ളത്.

ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ റാങ്കിംഗ് അടിസ്ഥാനപ്പെടുത്തിയാണ് 10 ടീമുകളെ ലോകകപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ടീമുകളെ അറിയാം.

1

ഇംഗ്ളണ്ട്

ക്യാപ്ടൻ : ഇയോൻ മോർഗൻ

ഐ.സി.സി റാങ്കിംഗിൽ ഒന്നാം സ്ഥാനക്കാരെന്നതു മാത്രമല്ല, ലോകകപ്പിന്റെ ആതിഥേയർ എന്നതും ഇക്കുറി ഇംഗ്ളണ്ടിന്റെ സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നു. പലതവണ ഫൈനലിൽ കളിച്ചിട്ടും ഇതുവരെ കിരീടം നേടാനാവാത്തതിന്റെ പേരുദോഷം കഴുകിക്കളയേണ്ടതുണ്ട് മോർഗനും കൂട്ടർക്കും.

മിടുക്കരായ ഒരുപിടി താരങ്ങളാണ് ഇക്കുറി ഇംഗ്ളണ്ടിനുള്ളത്. ശരാശരി ടീമിനെ പതിവ് ചട്ടക്കൂടിൽ ഇക്കുറി അവരെ ഒതുക്കാനാവില്ല. പാകിസ്ഥാനെതിരെ അടുത്തിടെ നടന്ന പരമ്പരയിലെ നാല് മത്സരങ്ങളിലും 350 ലേറെ റൺസ് നേടാൻ കഴിഞ്ഞ ബാറ്റിംഗ് നിരയാണ് ഇംഗ്ളണ്ടിന്റേത്. ജാസൺ റോയ്, ഐ.പി.എല്ലിൽ മികവ് കാട്ടിയ ബെയർ സ്റ്റോ, ജോറൂട്ട്, ബട്ലർ തുടങ്ങിയവർ മുൻനിര ബാറ്റിംഗിൽ. ആൾ റൗണ്ടർമാരായി ബെൻസ്റ്റോക്സും മൊയീൻ അലിയും. ക്രിസ്‌വോക്സ്, ജൊഫ്ര ആർച്ചർ, കറാൻ, മാർക്ക്‌വുഡ് തുടങ്ങിയ പേസർമാർ സ്പിന്നറായി ആദിൽ റഷീദും. എന്തുകൊണ്ടും കരുതിത്തന്നായാണ് ഇംഗ്ളണ്ടുകാർ ഇറങ്ങുന്നത്. പക്ഷേ, ഭാഗ്യം കൂടി ഒപ്പമുണ്ടാകണമെന്ന് മാത്രം. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലേയുംപോലെ ആതിഥേയർ കപ്പടിക്കുന്നത് ഇത്തവണയും കാണേണ്ടിവരുമോ എന്നറിയാൻ കാത്തിരിക്കേണ്ടിവരും.

2

ഇന്ത്യ

ക്യാപ്ടൻ : കൊഹ്‌ലി

കപ്പ് നേടാൻ ഏറ്റവും സാദ്ധ്യതയുള്ള ടീമുകളിലൊന്നാണ് ഇന്ത്യ. അഗ്രസീവ് ക്യാപ്ടൻ വിരാട് കൊഹ്‌ലി, രോഹിത് ശർമ്മ, ശിഖർ ധവാൻ, മഹേന്ദ്രസിംഗ് ധോണി തുടങ്ങിയ പരിചയ സമ്പന്നരായ താരങ്ങളുടെ സാന്നിദ്ധ്യം യംഗ് സെൻസേഷൻ ജസ്‌പ്രീത് ബുംറ നയിക്കുന്ന പേസ്ബ‌‌ളിംഗ് ഡിപ്പാർട്ട്മെന്റി ഷമി, ഭുവനേശ്വർ തുടങ്ങി ഇംഗ്ളീഷ് സാഹചര്യം മുതലാക്കാൻ കഴിയുന്നവരും ആൾ റൗണ്ടറായി ഹാർദിക് പാണ്ഡ്യ, പ്രേയിംഗ് ഇലവനിൽ ഇടം കണ്ടെത്താൻ കടുത്ത മത്സരവുമായി കേദാർ യാദവ്, വിജയ് ശങ്കർ, രവീന്ദ്രജഡേജ എന്നീ ആൾ റൗണ്ടർമാർ. കുൽദീപിന്റെയും ചഹലിന്റെയും സ്പിൻ തന്ത്രങ്ങൾ. രണ്ടാം വിക്കറ്റ് കീപ്പറായി കാർത്തിക്, ഇങ്ങനെ താര നിബിഡം തന്നെയാണ് ഇന്ത്യൻ പട. പക്ഷേ, ഇംഗ്ളണ്ടിൽ ചെന്നിറങ്ങി ആദ്യ സന്നാഹത്തിൽത്തന്നെ കിവീസിനോട് തോറ്റത് ആരാധകരെ അല്പം പേടിപ്പെടുത്തുന്നുണ്ട്.

3
ദക്ഷിണാഫ്രിക്ക

ക്യാപ്ടൻ : ഡുപ്ളെസി

നിർഭാഗ്യം നിഴലായെന്നും കൂടെയുള്ള ദക്ഷിണാഫ്രിക്ക ഇത്തവണയെങ്കിലും കപ്പ് നേടുമോ എന്ന് കാണാൻ കാത്തിരിക്കും. എ.ബിഡിവിഷിയേഴ്സ് ഇല്ലെങ്കിലും ദക്ഷിണാഫ്രിക്കൻ സംഘത്തിന്റെ വീര്യത്തിൽ കുറവില്ല. പരിചയസമ്പന്നരായ ഹാഷിം അംല, ജീൻപോൾഡുമിനി, ഡേൽ സ്റ്റെയ്ൻ തുടങ്ങിയവർക്കൊപ്പം യുവതാരങ്ങളായ കാഗിസോ റബാദയും ലുംഗി എൻഗിഡിയും ക്വിന്റൺ കോക്കുമൊക്കെ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഇറങ്ങുന്നു. ഇംഗ്ളണ്ടിലെ പിച്ചുകളിൽ ദക്ഷിണാഫ്രിക്കൻ ബൗളർമാർ ഏറ്റവുമധികം അപകടകാരികളായി മാറാനിടയുണ്ടെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ.

4

ന്യൂസിലൻഡ്

ക്യാപ്ടൻ : വില്യംസൺ

വില കുറച്ച് കാട്ടാൻ കഴിയാത്ത ടീമാണ് കിവീസിന്റേത്. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകൾ. ആറ് തവണ സെമിഫൈനലിൽ കളിച്ച ടീം. റോസ് ടെയ്ലർ, ഗപ്ടിൽ വില്യംസൺ, ടോം ലതാം തുടങ്ങിയ മികച്ച ബാറ്റ്‌സ്‌മാൻമാർ. ട്രെന്റ് ബൗൾട്ട്, ടിം സദത്തി, ഇൻടി നിക്കോൾസ് തുടങ്ങിയ പേസർമാർ സ്പിന്നറായി സാന്റ്നർ. ആൾറൗണ്ടർ കോളിൻ ഡി ഗ്രാൻഡ് ഹോം. ആദ്യ സന്നാഹ മത്സരത്തിൽ ഇന്ത്യയെ തകർത്ത് തരിപ്പണമാക്കിയതിന്റെ ആത്മവിശ്വാസം. ലോകകപ്പിലെ ആദ്യ മത്സരങ്ങൾ ദുർബലർക്കെതിരെ.

5

ക്യാപ്ടൻ : ഫിഞ്ച്

നിലവിലെ ലോകചാമ്പ്യൻമാർ റാങ്കിംഗിൽ അഞ്ചാം സ്ഥാനത്തേക്ക് താഴ്ന്നത് 2016നും 2018നും ഇടയിലെ തുടർപരാജയങ്ങൾ കാരണമാണ്. എന്നാൽ, അതിനുശേഷം ഇന്ത്യയെയും പാകിസ്ഥാനെയും പരമ്പരകളിൽ കീഴടക്കി ഫോം വീണ്ടെടുത്തുവരുന്നു. പന്തുരയ്ക്കൽ വിവാദത്തിന്റെ പേരിലെ വിലക്കിന് ശേഷം സ്റ്റീവൻസ്മിത്തും ഡേവിഡ് വാർണറും തിരിച്ചെത്തുന്നത്. ടീമിന്റെ ആത്മവിശ്വാസം വർദ്ധിക്കുന്നു. സന്നാഹ മത്സരങ്ങളിൽ സ്മിത്തും വാർണറുാം മികച്ച പ്രകടനം കാഴ്ച വച്ചിരുന്ന ഐ.പി.എല്ലിൽ ഓറഞ്ച് ക്യാഷ് നേടിയതിന്റെ തിളക്കവുമായാണ് വാർണർ ഇംഗ്ളണ്ടിലെത്തിയിരിക്കുന്നത്. ഫിഞ്ച്, മാക്സ്‌വെൽ, കാരേയ്, ഉസ്മാൻ ഖ്വാജ തുടങ്ങിയവരും ബാറ്റിംഗ് നിരയിലുണ്ട്. കഴിഞ്ഞ ലോകകപ്പിലെ സൂപ്പർവേസർ മിച്ചൽ സ്റ്റാർക്ക് ഇപ്പോഴും ടീമിലുണ്ടെങ്കിലും പഴയ വീര്യമില്ല. ബ്രെൻഡോർഫ്, കമ്മിൻസ്, റിച്ചാർഡ്സൺ, സ്റ്റോയ്‌നിസ് തുടങ്ങിയ പേസർമാരും സംഘത്തിലുണ്ട്. സ്പിന്നറായി നഥാൻ ലിയോൺ. വിൻഡീസിന് ശേഷം തുടർച്ചയായി ലോകകപ്പ് നേടിയ ഏകടീമാണ് ആസ്ട്രേലിയ. കംഗാരുക്കളുടെ സഞ്ചിയിൽ ഇതുവരെ അഞ്ച് കിരീടങ്ങളെത്തിയിട്ടുണ്ട്.

പാകിസ്ഥാൻ

ക്യാപ്ടൻ : സർഫ്രാസ്

അസ്ഥിരത മുഖമുദ്ര‌യാക്കിയ ടീമാണ് പാകിസ്ഥാൻ. പഴയ പ്രതാപം നിലനിറുത്താൻ കഴിയുന്നേയില്ല. ഇംഗ്ളണ്ടിലെത്തി ഏകദിന പരമ്പരയിലും സന്നാഹ മത്സരത്തിലും തോറ്റതിന് പിന്നാലെയാണ് ലോകകപ്പിനിറങ്ങുന്നത്. പരിചയ സമ്പന്നരുടെ അഭാവമാണ് പ്രധാന പ്രശ്നം. പേസവമാർക്ക് പഴയ വീര്യമൊന്നുമില്ല.

7

ബംഗ്ളാദേശ്

ക്യാപ്ടൻ : ഉമാർത്താസ

ഏഷ്യയിലെ കുഞ്ഞൻ ടീം എന്ന നിലയിൽ നിന്ന് ലോക ക്രിക്കറ്റിലെ അട്ടിമറി വീരൻമാരായി മാറിക്കഴിഞ്ഞിരിക്കുന്നു. താരങ്ങളുടേതായ ദിവസത്തിൽ ആരെയും തോൽപ്പിക്കാനുള്ള കഴിവ്. ഷാക്കിബ് അൽഹസൻ, തമിം ഇഖ്ബാൽ, മുഷ്ഫിഖുർ റഹിം, മുസ്താഫിസുർ റഹ്മാൻ തുടങ്ങിയ മികച്ച താരങ്ങളടങ്ങിയ ടീം.

8

വെസ്റ്റ് ഇൻഡീസ്

ക്യാപ്ടൻ : ഹോൾഡർ

അട്ടിമറികളല്ല അത്ഭുതങ്ങളാണ് വെസ്റ്റ് ഇൻഡീസിൽ നിന്ന് പ്രതീക്ഷിക്കുന്നത്. ക്രിസ്‌ഗെയ്‌ലിനെപ്പോലൊരു സൂപ്പർതാരത്തെ ടീമിലേക്ക് തിരിച്ചു വിളിച്ചിരിക്കുന്നു. ഷായ്‌ഹോപ്പ്, ഹെട്‌മേയർ, ആന്ദ്രേ റസൽ, കാർലോസ് ബ്രാത്ത്‌വെയ്റ്റ്, ഡാരൻ ബ്രമോ, ഷാനോൺ ഹാബ്രിയേൽ, ഒഷാനേ തോമസ്, കെമർ റോഷ് തുടങ്ങിയവർ ടീമിൽ. തന്റെ അഞ്ചാം ലോകകപ്പിനാണ് ഗെയ്‌ൽ ഇറങ്ങുന്നത്. ആൾ റൗണ്ട് മികവാണ് വിൻഡീസിൽ നിന്ന് ആരാധകർ പ്രതീക്ഷിക്കുന്നത്.

9

ശ്രീലങ്ക

ക്യാപ്ടൻ : കരുണരത്നെ

1996ൽ ഏവരെയും ഞെട്ടിച്ച് ലോകകപ്പ് നേടിയ ശ്രീലങ്ക ഇപ്പോൾ അമ്പേ തകർന്നിരിക്കുകയാണ്. അവർപോലും കപ്പ് നേടാൻ സാധ്യത കല്പിക്കുന്നില്ല. കഴിഞ്ഞ രണ്ട് വർഷത്തിനിടെ നിരവധി ക്യാപ്ടൻമാരാണ് മാറിയത്. ആർക്ക് വേണമെങ്കിലും തോൽപ്പിക്കാവുന്നവരായി ടീം മാറി. ഏഞ്ചലോ മാത്യൂസ്, കലിംഗ, തിസാര പെരേര തുടങ്ങിയ പഴയ പടക്കുതിരകൾ ഇപ്പോഴും ടീമിലുണ്ട്.

10

അഫ്ഗാനിസ്ഥാൻ

ക്യാപ്ടൻ : നയ്ബ്

ഈ ലോകകപ്പിലെ കറുത്ത കുതിരകളാകാൻ ഒരുങ്ങുകയാണ് അഫ്ഗാനിസ്ഥാൻ. നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവരുടെ സംഘം. സ്വന്തം നാട്ടിൽ നല്ലൊരു കളിക്കളം പോലുമില്ലെങ്കിലും ഇന്ന് ട്വന്റി-20യിലെയും ഏറ്റവും മികച്ച രണ്ട് ആൾ റൗണ്ടർമാർ അഫ്ഗാനിസ്ഥാനിൽ നിന്നാണ്, റാഷിദ് ഖാനും മുഹമ്മദ് നബിയും നജീബുള്ള, നൂർ അലി, മൗലത്ത് സദ്രാൻമാരും അസ്ഗർ അഫ്‌ഗാനും ഹഷ്മത്തുള്ള ഷാഹിദിയുമൊക്കെ മികച്ച കളിക്കാരാണ്. വിക്കറ്റ് കീപ്പർ മുഹമ്മദ് ഷഹ്സറും അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ശേഷിയുള്ള പ്രതിഭ. എതിരാളികളുടെ വലിപ്പം കണ്ട് ഭയക്കുന്നവരല്ല അഫ്ഗാൻകാർ.