ഇന്ത്യ Vs ബംഗ്ളാദേശ്
വൈകിട്ട് മൂന്ന് മുതൽ സ്റ്റാർസ്പോർട്സിൽ
കാർഡിഫ് : ലോകകപ്പ് നേടാനിറങ്ങിയ വിരാടിനും കൂട്ടർക്കും ഇന്ന് അവസാന സന്നാഹ മത്സരം. ആദ്യ സന്നാഹ മത്സരത്തിൽ ന്യൂസിലൻഡിനോട് ദാരുണമായി തോറ്റ ഇന്ത്യയ്ക്ക് ഇന്ന് എതിരാളികൾ അയൽക്കാരായ ബംഗ്ളാദേശാണ്. ബംഗ്ളാദേശിന് ഇത് രണ്ടാം സന്നാഹമെങ്കിലും പാകിസ്ഥാനെതിരായ ആദ്യമത്സരം മഴയെടുത്തിരുന്നു.
ഇംഗ്ളണ്ടിലെ പിച്ചുകളിൽ ഇന്ത്യൻ ബാറ്റ്സ്‌മാൻമാരുടെ ഗതിയെന്താകുമെന്നതിന്റെ കൃത്യമായ സൂചനയാണ്. ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ ലഭിച്ചത്. ഐ.പി.എല്ലിന്റെ ലഹരിയിൽ നിന്ന് മോചിതരാകാത്ത ഇന്ത്യൻ ബാറ്റിംഗ് നിരകിവികളുടെ ബൗളിംഗിനു മുന്നിൽ ആൾ ഔട്ടായത് വെറും 179 റൺസിനാണ്. മറുപടിയായി അത്തരത്തിലുള്ള ബൗളിംഗ് പുറത്തെടുക്കാനുമായില്ല.
കടലാസിൽ മാത്രമല്ല, കളത്തിലും ഇന്ത്യൻ നിരയ്ക്ക് കരുത്തുണ്ടെന്ന് തെളിയിക്കാനുള്ള അവസരമാണിത്. ബാറ്റിംഗ് ലൈനപ്പിലും ബൗളിംഗ് ഫോർമേഷനിലും അവസാനഘട്ടം പരീക്ഷണങ്ങളാകും ഇന്ന് കൊഹ്‌ലി നടത്തുക. കാർഡിഫിൽ കഴിഞ്ഞ ദിവസം മഴ കാരണം ഒറ്റപന്തുപോലും എറിയാൻ കഴിഞ്ഞിരുന്നില്ല.
സമീപകാലത്ത് ഇന്ത്യയ്ക്ക് കടുത്ത വെല്ലുവിളി ഉയർത്തിയ ടീമുകളിലൊന്നാണ് ബംഗ്ളാദേശ്. പ്രത്യേകിച്ച് അവരുടെ ബൗളർമാർ. ഇന്ത്യൻ ബാറ്റിംഗ് നിരയിൽ രോഹിത്. ശിഖർ ധവാൻ, കൊഹ്‌ലി, ധോണി എന്നിവരുടെ ഫോമാണ് നിർണായം. ഇവർ മികച്ച പ്രകടനം കാഴ്ച വച്ചില്ലെങ്കിൽ വമ്പൻ സ്കോർ ഉയർത്താൻ കഴിയണമെന്നില്ല. കിവീസിനെതിരായ സന്നാഹത്തിൽ രവീന്ദ്ര ജഡേജ മാത്രമാണ് അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചത്. ക്രീസിൽ കാലുറപ്പിച്ചു നിന്ന് പോരാടുക എന്നതാണ് പ്രധാനം. പെട്ടെന്നുള്ള വിക്കറ്റ് വീഴ്ചയിൽ നങ്കൂരമിട്ട് പിടിച്ചു നിൽക്കാൻ മുൻനിര ബാറ്റ്സ്‌മാൻമാർക്ക് കഴിഞ്ഞേ തീരൂ. ബൗളർമാരുടെ കാര്യക്ഷമതയും ഇന്ന് പരീക്ഷിക്കപ്പെടും.
ജൂൺ 5ന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരം. ജൂലായ് രണ്ടിനാണ് ബംഗ്ളാദേശിനെതിരായ ലോകകപ്പ് മത്സരം.
''സന്നാഹ മത്സരത്തിലെ തോൽവിയിൽ അത്ര ഭയപ്പെടേണ്ടതൊന്നുമില്ല. ഇംഗ്ളണ്ടിലെ സാഹചര്യങ്ങൾ തിരിച്ചറിയാൻ ഈ തോൽവി സഹായിക്കും. സ്വന്തം കഴിവ് തിരിച്ചറിഞ്ഞ് ടീമായി കളിക്കാൻ കഴിഞ്ഞാൽ ഇന്ത്യയ്ക്ക് ലോകകപ്പിൽ മുന്നേറാം.''
-സച്ചിൻ ടെൻഡുൽക്കർ.