ലണ്ടൻ : ലോകകപ്പിന്റെ ആദ്യസന്നാഹ മത്സരത്തിൽ ആസ്ട്രേലിയയോട് തോറ്റിരുന്ന ആതിഥേയരായ ഇംഗ്ളണ്ട് ഇന്നലെ രണ്ടാം സന്നാഹ മത്സരത്തിൽ ഒൻപത് വിക്കറ്റിന് അഫ്ഗാനിസ്ഥാനെ തോൽപ്പിച്ചു.
ഇന്നലെ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 38.4 ഓവറിൽ 160 റൺസിന് ആൾ ഔട്ടായപ്പോൾ ഇംഗ്ളണ്ട് വെറും 17.3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ വിജയം കാണുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ജൊഫ്രെ ആർച്ചറും ജോറൂട്ടും ചേർന്നാണ് അഫ്ഗാനെ ചുരുട്ടിയത്. സൂർ അലി സദ്രാൻ (30), മുഹമ്മദ് നബി (44) എന്നിവർക്ക് മാത്രമാണ് ഇംഗ്ളീഷ് ബൗളിംഗിനു മുന്നിൽ പിടിച്ചു നിൽക്കാനായത്. ഇംഗ്ളണ്ടിന് വേണ്ടി ഓപ്പൺ ജാസൺ റോയ് പുറത്താകാതെ 89 റൺസും ജോറൂട്ട് പുറത്താകാതെ 29 റൺസും നേടി. 39 റൺസ് നേടിയ ബെയർസ്റ്റോയുടെ വിക്കറ്റ് മാത്രമാണ് ഇംഗ്ളണ്ടിന് നഷ്ടമായത്.
വ്യാഴാഴ്ച നടക്കുന്ന ലോകകപ്പിലെ ആദ്യമത്സരത്തിൽ ഇംഗ്ളണ്ട് ദക്ഷിണാഫ്രിക്കയെ നേരിടും.
ശ്രീലങ്ക 239/8
സതാംപ്‌ടൺ : ഇന്നലെ നടന്ന സന്നാഹ മത്സരത്തിൽ ആസ്ട്രേലിയയ്ക്കെതിരെ ആദ്യ ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക നിശ്ചിത 50 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 239 റൺസടിച്ചു. ഓപ്പണർ ലാഹിരു തിരിമനെ 56 റൺസും മദ്ധ്യനിര ബാറ്റ്സ്‌മാൻ ധനഞ്ജയ ഡിസിൽവ 43 റൺസും നേടി. ആസ്ട്രേലിയ്ക്ക് വേണ്ടി ആദം സാംപ രണ്ട് വിക്കറ്റ് വീഴ്ത്തി. സ്റ്റാർക്ക് കമ്മിൻസ്, റിച്ചാർഡ്‌സൺ, മാക്സ്‌വെൽ ലിയോൺ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
മറുപടിക്കിറങ്ങിയ ഓസീസ് ഒടുവിൽ വിവരം ലഭിക്കുമ്പോൾ 23 ഓവറിൽ 108/2 എന്ന നിലയിലാണ്. ഫീൽഡിംഗിനിടെ പരിക്കേറ്റെങ്കിലും ഉസ്മാൻ ഖ്വാജ ബാറ്റിംഗിനിറങ്ങി അർദ്ധ സെഞ്ച്വറി നേടി.