വൊസ്‌നിയാക്കി പുറത്ത്
പാരീസ് : കളിമൺ കോർട്ടിലെ രാജാവ് റാഫേൽ നദാലിന് ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽ വിജയത്തുടക്കം. ഇന്നലെ നടന്ന ആദ്യ റൗണ്ട് മത്സരത്തിൽ ക്വാളിഫയിംഗ് റൗണ്ട് കടന്നെത്തിയ ഹാഫ്‌മാനെ നേരിട്ടുള്ള സെറ്റുകൾക്കാണ് നദാൽ കീഴടക്കിയത്. ഒരുമണിക്കൂർ 57 മിനിട്ട് നീണ്ട മത്സരത്തിൽ 6-2, 6-1, 6-3 എന്ന സ്കോറിനായിരുന്നു നദാലിന്റെ വിജയം.
അതേസമയം വനിതാ സിംഗിൾസിൽ ഏൻജലിക് കെർബർക്ക് പിന്നാലെ മറ്റൊരു മുൻ ഒന്നാം നമ്പർ താരം കരോളിൻ വൊസ്‌നിയാക്കിയും പുറത്തായി. ആദ്യ റൗണ്ടിൽ കുദർമെറ്റോവയാണ് വൊസ്‌നിയാക്കിയെ അട്ടിമറിച്ചത്. 0-6, 6-3, 6-3 എന്ന സ്കോറിനായിരുന്നു കുദർമെറ്റോവയുടെ ജയം. കിക്കി ബെർട്ടൻസ്, സൊറാന ക്രിസ്റ്റീയ, റിച്ചാർഡ് ഗാസ്‌ക്വെറ്റ്, കുസ്‌മോവ തുടങ്ങിയവർ ഇന്നലെ ആദ്യ റൗണ്ടിൽ വിജയം നേടി.
ക്വിറ്റോവ പിൻമാറി
പാരീസ് : രണ്ടുതവണ വിംബിൾഡൺ കിരീടം നേടിയിട്ടുള്ള ചെക്ക് റിപ്പബ്ളിക് താരം പെട്ര ക്വിറ്റോവ ഫ്രഞ്ച് ഓപ്പണിൽ നിന്ന് പിൻമാറി. ഇടതു കൈയിലെ പരിക്കിനെത്തുടർന്നാണ് പിൻമാറ്റം. ആദ്യ റൗണ്ട് മത്സരത്തിന് തൊട്ടുമുമ്പാണ് ക്വിറ്റോവ പിൻമാറ്റം അറിയിച്ചത്.
രാഹിക്ക് സ്വർണം,
ഒളിമ്പിക് ബർത്ത്
മ്യൂണിക് : ജർമ്മനിയിൽ നടക്കുന്ന ഷൂട്ടിംഗ് ലോകകപ്പിൽ ഇന്ത്യൻ വനിതാ താരം രാഹി സർനോബത്തിന് സ്വർണം. 25 മീറ്റർ പിസ്റ്റൾ ഇനത്തിൽ സ്വർണം നേടിയ രാഹി 2020 ടോക്കിയോ ഒളിമ്പിക്സിനുള്ള ക്വാേട്ട ബർത്തും നേടി. 2013ന് ശേഷം ആദ്യമായാണ് രാഹി ലോകകപ്പിൽ സ്വർണം നേടുന്നത്. ഈയിനത്തിൽ രാഹിക്കൊപ്പം മത്സരിച്ച ഇന്ത്യൻ കൗമാരതാരം മനു ഭാക്കർ തോക്കിന്റെ പിഴവ് മൂലം അഞ്ചാമതായി. കഴിഞ്ഞ ദിവസം റൈഫിളിൽ അപൂർവിചന്ദേല സ്വർണം നേടിയിരുന്നു.
യുവന്റസിന് തോൽവി
റോം : ഇറ്റാലിയൻ സെരി എ ഫുട്ബാളിലെ ചാമ്പ്യൻമാരായ യുവന്റസിന് അവസാന മത്സരത്തിൽ തോൽവി. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് സാംപഡോറിയയാണ് യുവന്റസിനെ കീഴടക്കിയത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയാണ് യുവന്റസ് കളിക്കാനിറങ്ങിയത്. 38 മത്സരങ്ങളിൽ നിന്ന് 90 പോയിന്റ് നേടിയാണ് യുവന്റസ് സീസൺ പൂർത്തിയാക്കിയത്. മറ്റൊരു മത്സരത്തിൽ സിസോളയെ 3-1ന് കീഴടക്കിയ അറ്റ്ലാന്റ ചാമ്പ്യൻസ് ലീഗ് യോഗ്യത സ്വന്തമാക്കി. ഇന്റർമിലാൻ 3-2ന് സ്പാലിനെ കീഴടക്കിയെങ്കിലും ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാനായില്ല.
ആറ് പേരെ
ഇഗോർ ഒഴിവാക്കി
ന്യൂഡൽഹി : പുതിയ ഇന്ത്യൻ ഫുട്ബാൾ ടീം പരിശീലകൻ ഇഗോർ സ്റ്റിമാച്ച് 37 അംഗ ക്യാമ്പിൽ നിന്ന് ആറ് താരങ്ങളെ ഒഴിവാക്കി. സുമീത് പസി, വിശാൽ ഖേയ്ത്ത്, നന്ദകുമാർ, റെദീം തലാംഗ്, ബികോംജിത്ത് സിംഗ്, ജെർമൻ പ്രീത്‌സിംഗ് എന്നിവരാണ് ഒഴിവാക്കപ്പെട്ടത്. തായ്ലൻഡിൽ നടക്കുന്ന കിംഗ്സ് കപ്പിന് തിരിക്കുന്നതിനു മുമ്പ് 23 അംഗ ടീമിനെ തിരഞ്ഞെടുക്കും. മലയാളി താരങ്ങളായ ജോബി ജസ്‌റ്റിനും സഹൽ അബ്ദുൽ സമദും ക്യാമ്പിൽ തുടരുകയാണ്.